മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളിൽനിന്നു വരുന്നവർ ഒരാഴ്ച നിർബന്ധമായും സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് രോഗലക്ഷണമില്ലെങ്കിൽ വീട്ടിലേക്ക് വിടും. തുടർന്ന് ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ തുടരണം. രോഗലക്ഷണം ഉണ്ടെങ്കിൽ ആശുപത്രിയിലേക്കു മാറണം.
മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ രോഗികളുടെ എണ്ണവും വ്യാപനവും വർധിച്ച നിലയിലാണ്. അങ്ങനെ തീവ്രരോഗബാധയുള്ള പത്ത് ജില്ലകൾ കണക്കാക്കിയിട്ടുണ്ട്. അത്തരം ജില്ലകളിൽ നിന്നോ നഗരങ്ങളിൽ നിന്നോ വരുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുന്നതിന് ശ്രമിക്കും. പഞ്ചാബ്, ഹരിയാന, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർഥികളെ വേഗം എത്തിക്കേണ്ടതുണ്ട്. അവരെ ഡൽഹി കേന്ദ്രമാക്കി ട്രെയിൻ വഴി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ് നിർബന്ധമാണ്. എന്നാൽ, അതിനിടയിൽ വരുന്ന സംസ്ഥാനങ്ങൾ പാസ് ചോദിക്കുന്നു എന്ന പ്രശ്നം ഉയർന്നുവന്നിട്ടുണ്ട്. ഈ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യാത്രാ പാസ് ഇളവുകൾ
തിരുവനന്തപുരം: യാത്രാപാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിൽ വിശദീകരണവുമായി സർക്കാർ.
സർക്കാർ-സ്വകാര്യ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഐഎസ്ആർഒ, ഐടി മേഖലകളിൽ ഉള്ളവർ, ഡാറ്റാ സെന്റർ ജീവനക്കാർ മുതലായവർ മറ്റു ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ല. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും.
വൈകുന്നേരം ഏഴു മുതൽ അടുത്തദിവസം രാവിലെ ഏഴു വരെയുള്ള യാത്രാനിരോധനവും ഇവർക്ക് ബാധകല്ല. അവശ്യസർവീസ് വിഭാഗത്തിൽപ്പെടാത്തവർക്കാണ് അത് ബാധകമാകുക.
അത്യാവശ്യ കാര്യങ്ങൾക്കു സഞ്ചരിക്കാനാണ് പോലീസ് പാസ് സംവിധാനം. ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പോലീസ് പാസ് നൽകില്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. ജില്ലാന്തര യാത്രകൾക്ക് തടസമില്ല. താമസിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിൽനിന്ന് പാസ് ലഭിക്കും.
മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളിൽനിന്നു വരുന്നവർ സർക്കാർ ക്വാറന്റൈനിൽ
07:02 PM May 06, 2020 | Deepika.com