ആറരക്കോടി അഭയാർഥികളിൽ രണ്ടു പേർ. ലേഡി പെരസിനെയും ആറുവയസുകാരൻ മകൻ ആന്റണിയേയും ഇങ്ങനെ വേണമെങ്കിൽ നിസാരവത്്കരിക്കാം. ഗ്വാട്ടിമാലയിലെ അക്രമങ്ങളും ദാരിദ്ര്യവും കാരണമാണ് ഇരുവരും യുഎസിനെ സ്വപ്നം കാണാൻ തുടങ്ങിയത്. അതിർത്തിയിൽ നിന്ന് 1500 മൈലുകൾ അകലെ നിന്നാണ് ഇവരുടെ വരവ്. ദിവസങ്ങളോളും നീണ്ട യാത്ര. പക്ഷെ മുന്നിൽ നിറമുള്ള ഒരു സ്വപ്നമുണ്ട്-അമേരിക്ക.
സുരക്ഷിതത്വമുള്ള ദാരിദ്ര്യത്തിൽനിന്ന് മോചനം ലഭിക്കാവുന്ന രാജ്യം. അവിടെ മകൻ ലഭിച്ചേക്കാവുന്ന ശോഭനമായ ഭാവി. യാത്രയിലെ തളർച്ചയെ അതിജീവിച്ചത് ഈ സ്വപ്നങ്ങളാണ്. പക്ഷെ വിധി മറിച്ചായിരുന്നു. മെക്സിക്കൻ നാഷണൽ ഗാർഡ് പോലീസ് വില്ലനായി. അതിർത്തിയിലെത്തിയ ലേഡി പെരസിനെയും ആന്റണിയേയും അവർ തടഞ്ഞു. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ഇരുവരും പോലീസിനോട് യാചിച്ചു.
ഒന്പത് മിനിറ്റ് കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. കൈകൂപ്പിയുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടു. സങ്കടം സഹിക്കവയ്യാതെ ഇരുവരും പൊട്ടിക്കരഞ്ഞു. റോയിട്ടേഴ്സ് ഫോട്ടോഗ്രഫറായ ജോസ് ലൂയിസ് ഗോൺസാൽസാണ് ഹൃദയഭേദകമായ ചിത്രം പകർത്തിയത്. ചിത്രം വൈകാതെ സോഷ്യൽ മീഡിയയി്ൽ വൈറലാകുകയും ചെയ്തു.
നൊന്പരം മാറും മുന്പ്
നീന്തിക്കടക്കുന്നതിനിടെ മുങ്ങിമരിച്ച മെക്സിക്കോ സ്വദേശികളായ അച്ഛന്റെയും മകളുടെയും ചിത്രം പുറത്തുവന്ന് രണ്ടു മാസം തികയുന്നതിനു മുന്പാണ് വീണ്ടും അഭയാർഥിയായ ഒരമ്മയും മകനും വാർത്തകളിൽ ഇടംപിടിക്കുന്നത്. മെക്സിക്കൻ പത്രഫോട്ടോഗ്രഫർ ജൂലിയ ലെ ഡ്യൂക്ക് ആ ചിത്രം പകർത്തിയത്.
എൽസാവദോറിൽ നിന്നുമാണ് റാമിറസും രണ്ടുവയസുകാരി മകൾ വലേറിയയും യുഎസിലേക്ക് കുടിയേറാൻ അതിർത്തിയിലെത്തിയത്. മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നമാണ് വലേറിയയെ നദി കടക്കാൻ പ്രേരിപ്പിച്ചത്. കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്നം ഒന്നാണ്. മെച്ചപ്പെട്ട ജീവിതം. യുഎന്നിന്റെ കണക്കനുസരിച്ച് ഓരോ മൂന്നു സെക്കൻഡിലും ഓരോരുത്തർ വീതം അഭയാർഥികളായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭയാർഥികളാകുന്നവരിൽ പകുതിയും കുട്ടികളാണെന്നതാണ് വസ്തുത.
അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിനായി യുഎസും മെക്സിക്കോയും കർശനമായ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയതിനു പിന്നാലെ ഇവിടെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കുടിയേറാൻ ശ്രമിക്കുന്ന ഭൂരിഭാഗത്തിന്റെയും സ്വപ്നം അതിർത്തിയിൽവച്ച് അവസാനിക്കുകയാണ് പതിവ്. ചിലർ അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടയ്ക്ക് ജീവൻ വെടിയുന്നു. റാമിറസിനെപ്പോലുള്ളവരെ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ മരണം കൂട്ടിക്കൊണ്ടു പോകുന്നു. ലേഡി പെരസിനെപ്പോലുള്ളവര് ദുരിതത്തിലേക്ക് തിരിച്ചയയ്ക്കപ്പെടുന്നു.
ദുരിതയാത്ര
02:16 AM Jul 28, 2019 | Deepika.com