ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച മദ്യശാലകള്‍ തുറന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട മദ്യശാലകള്‍ വീണ്ടും തുറന്നപ്പോള്‍ ജനസാഗരമാണ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിരുന്നുവെങ്കിലും പലയിടങ്ങളിലും ഇതൊന്നും പാലിക്കപ്പെട്ടില്ല.
രാജ്യ തലസ്ഥാനത്തു മാത്രം 100ല്‍ അധികം മദ്യശാലകളാണ് തിങ്കളാഴ്ച തുറന്നത്. പലസ്ഥലങ്ങളിലും അധികൃതര്‍ നല്കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയ ജനക്കൂട്ടത്തെ അടക്കി നിര്‍ത്തുവാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. 4,500 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 64 പേര് മരിക്കുകയും ചെയ്തു.
അയല്‍സംസ്ഥാനമായ ഹരിയാനയില്‍ മദ്യശാലകള്‍ തുറന്നില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നും അറിയിപ്പുകള് ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ തുറക്കാഞ്ഞത്. പഞ്ചാബിലും മദ്യശാലകള്‍ തുറന്നില്ല.
രാജ്യത്ത് കോവിഡ് വൈറസ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം മദ്യശാലകള്‍ തുറന്നു. ഇവിടെ റെഡ്സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ മദ്യശാലകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ചെരുപ്പ് കടകള്‍, സ്റ്റേഷനറി കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
ഉത്തര്‍പ്രദേശില്‍ മദ്യശാലകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും തുറന്ന മദ്യശാലകള്‍ക്കു മുന്നില്‍ വളരെ വലിയ ജനക്കൂട്ടം തടിച്ചു കൂടി. ഇവിടങ്ങളില്‍ സാമൂഹിക അകലം പരിശോധിക്കുവാന്‍ അധികൃതര്‍ എത്തിയിരുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കു മുന്നില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് മദ്യവില്‍പ്പനയിലൂടെയാണ്.
മധ്യപ്രദേശില്‍ മദ്യശാലകള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറക്കും. കോവിഡ് രൂക്ഷമായി ബാധിച്ച ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജെയ്ന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.
ബംഗാളില്‍ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. എന്നാല്‍ തുറക്കുമെന്ന പ്രതീക്ഷയോടെ കലിഘട്ടിലെ മദ്യശാലകള്‍ക്കു മുന്നില്‍ കൂട്ടം കൂടിയ ജനക്കൂട്ടത്തിനു നേര്‍ക്ക് പോലീസ് ലാത്തി വീശി.
തുറക്കുമെന്ന് അറിയിച്ച സമയത്തിനു മണിക്കൂറുകള്‍ക്കു മുന്‍പേ തന്നെ കര്‍ണാടകയില്‍ ജനങ്ങള്‍ മദ്യശാലകള്‍ക്കു മുന്പില് തിങ്ങി നിറഞ്ഞിരുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം. മദ്യം വില്ക്കുന്നവര് മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ആന്ധ്രപ്രദേശില്‍ നിരോധന നികുതിയോടെയാണ് മദ്യം വില്‍ക്കുന്നത്. വരുമാന ഉദേശത്തോടെ മാത്രമാണ് മദ്യശാലകള്‍ തുറക്കുന്നതെന്നും മദ്യത്തിന്റെ ദോഷ വശത്തെക്കുറിച്ച് സര്‍ക്കരിന് ബോധ്യമുണ്ടെന്നും അതിനാല്‍ നിരോധന നികുതി മദ്യത്തിന് ഈടാക്കുമെന്നും സ്പെഷല്‍ ചീഫ് സെക്രട്ടറി രജത് ഭാര്‍ഗവ പറഞ്ഞു.
മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ പുതുച്ചേരി ഇതുവരെയും തീരുമാനം സ്വീകരിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശ്, ചത്തീസ്ഗണ്ഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.
സാമൂഹിക അകലം പാലിക്കാതെ മദ്യശാലകള്‍ക്കു മുന്നില്‍ ജനക്കൂട്ടം; വടിയെടുത്ത് പോലീസ്
04:54 PM May 04, 2020 | Deepika.com