സഭയും വിശുദ്ധ കുര്‍ബാനയും : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒരവലോകനം

02:52 PM Apr 13, 2020 | Deepika.com
ആമുഖം

നിങ്ങള്‍ ഇതെന്റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍ (ലൂക്ക 22/19) എന്നരുളിചെയ്തുകൊണ്ട് തനിക്കു സ്വന്തമായുള്ളവരെ അവസാനം വരെ സ്‌നേഹിച്ച (യോഹ 13/1) കര്‍ത്താവായ ഈശോ അന്ത്യഅത്താഴവേളയില്‍ നല്‍കിയ കല്പനയാണ് അന്നുമുതല്‍ ഇന്നു വരെയുള്ള എല്ലാ ബലിവേദികളിലും വിശുദ്ധകുര്‍ബാനമദ്ധ്യേ നിറവേറ്റപ്പെടുന്നത്. 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും' (യോഹ 6/56) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ മനുഷ്യവംശത്തിനു നേര്‍ക്ക് പിതാവായ ദൈവത്തിനുള്ള സ്‌നേഹത്തിന്റെ ആവിഷ്‌ക്കാരം തന്നെയാണ്. മനുഷ്യവംശത്തെ വീണ്ടെടുക്കാന്‍ പിതാവായ ദൈവം സ്വപുത്രനെത്തന്നെ വിട്ടുകൊടുത്തപ്പോള്‍, പുത്രനാകട്ടെ, മാനവകുലത്തെ സ്വന്തമാക്കി, തന്നോടൊന്നാക്കി, ദൈവീകത നല്‍കാന്‍ സ്വജീവന്‍തന്നെ നല്‍കാന്‍ മനസ്സായി. അങ്ങനെ വിശുദ്ധകുര്‍ബാന മനുഷ്യവംശത്തോടുള്ള ദൈവസ്‌നേഹത്തിന്റെ അച്ചാരമാകുന്നു. ഈ സ്‌നേഹത്തിന്റെ ആഘോഷം, ഈ ദൈവൈക്യത്തിന്റെ ആസ്വാദനം, അന്ത്യഅത്താഴവേളയിലെ കല്പന അനുസരിക്കുന്നതിലുള്ള സംതൃപ്തി, ഇവയെല്ലാം അനുദിനദിവ്യബലിയര്‍പ്പണം നമുക്കു നല്‍കുന്നു. 2020 വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ കൊറോണ എന്ന അദൃശ്യവൈറസ് മൂലം ലോകമെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയാനും, വൈറസ് ബാധയുടെ പ്രതിരോധനമെന്ന നിലയിലും ആളുകള്‍ കൂട്ടംകൂടുന്നതു എല്ലാ ലോകരാജ്യങ്ങളിലും നിരോധിച്ചപ്പോള്‍ സ്വാഭാവികമായും ദൈവജനം ഒന്നുചേര്‍ന്നര്‍പ്പിച്ചിരുന്ന ദിവ്യബലിയര്‍പ്പണങ്ങള്‍ക്കും വിലക്കു വന്നിരിക്കുകയാണ്. ഈ പ്രത്യേകസാഹചര്യത്തില്‍ 'വിശുദ്ധകുര്‍ബാനയില്ലാതെ സഭയില്ല; സഭയില്ലാതെ വിശുദ്ധകുര്‍ബാനയില്ല' എന്ന സത്യം എങ്ങനെ അന്വര്‍ത്ഥമാകുന്നുവെന്നും, നവമാദ്ധ്യമങ്ങളിലൂടെ സുവിശേഷവല്ക്കരണം ഒരു പുത്തനുണര്‍വ്വ് കൈവരിച്ചുവോ എന്നുമുള്ള ഒരു ചെറിയ പഠനമാണ് ഈ ലേഖനം.

സഭയും വിശുദ്ധകുര്‍ബാനയും

ക്രിസ്തുവിന്റെ മൗതീകശരീരമായ സഭയുടെ അമൂല്യസമ്പത്താണ് പരിശുദ്ധകുര്‍ബാന. സഭയുടെ സമ്പത്തുമുഴുവനും പരിശുദ്ധകുര്‍ബാനയില്‍ അടങ്ങിയിയിരിക്കുന്നുവെന്ന് വി. തോമസ് അക്വീനാസ് പറഞ്ഞത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വൈദികരുടെ ശുശ്രൂഷയും ജീവിതവും സംബന്ധിച്ച ഡിക്രിയുടെ 5-ാം നമ്പറില്‍ അടിവരയിട്ടു പഠിപ്പിക്കുന്നുണ്ട്. ക്രിസ്തീയജീവിതത്തിന്റെ മുഴുവന്‍ ഉറവിടവും ഉച്ചസ്ഥായിയുമാണ് പരിശുദ്ധകുര്‍ബാനയെന്ന് തിരുസ്സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റിയൂഷനിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദിമകാലം മുതല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹികഅകലം പാലിച്ച് വിശ്വാസികളേവരും സ്വഭവനങ്ങളിലായിരുന്ന് ആത്മനാ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന ഈ 2020 വര്‍ഷത്തിന്റെ തുടക്കം വരേയും ശേഷം ലോകാന്ത്യം വരേയും തുടരേണ്ടിയിരിക്കുന്ന വിശുദ്ധകുര്‍ബ്ബാനയും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുക.

ആദിമസഭയില്‍

അന്ത്യഅത്താഴവേളയില്‍ മിശിഹാ സഭയെ ഭരമേല്പിച്ച ഈ നിധി ശ്ലീഹന്മാരുടെ കാലം മുതല്‍ സഭ പരിരക്ഷിച്ചുപോന്നിട്ടുണ്ട്. ശ്ലീഹന്മാരുടെ കാലം മുതല്‍ക്കുതന്നെ അപ്പംമുറിക്കല്‍ശുശ്രൂഷ ഉണ്ടായിരുന്നതായി അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ (അപ്പ. 2/42) സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ അന്നു നടന്നിരുന്ന വിശുദ്ധകുര്‍ബാനയര്‍പ്പണത്തേക്കുറിച്ച് വി. ജസ്റ്റിനും, അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസും, തെര്‍ത്തുല്യനും, പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പ്രബോധനമായ ഡിഡാക്കെയും വിവരണങ്ങള്‍ നല്‍കുന്നുണ്ട്. മൂന്നാം നൂറ്റാണ്ടിനു ശേഷമാണ് ഈ അപ്പംമുറിക്കല്‍ശുശ്രൂഷയ്ക്ക് നിയതമായ ഒരു ഘടന കൈവന്നത്.

പ്രയാസമേറിയ കാലങ്ങളില്‍

വിശുദ്ധകുര്‍ബാനയില്ലാതെ സഭയ്ക്ക് അസ്തിത്വമില്ല എന്നതിനു സഭയുടെ പുരാതനവും സമകാലികവുമായ പ്രതിസന്ധിഘട്ടങ്ങളില്‍നിന്നു ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കുന്നു. എഡി 313ല്‍ മിലാന്‍ വിളംബരത്തോടെ ക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതലാണ് ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രമെന്ന നിലയില്‍ പരസ്യമായി ദിവ്യബലിയര്‍പ്പണം ആരംഭിച്ചത്. മതമര്‍ദ്ദനത്തിന്റെ ആദ്യമൂന്നുനൂറ്റാണ്ടുകളില്‍ സഭയ്ക്ക് പ്രതിസന്ധികളും ഭീഷണികളും നേരിടേണ്ടിവന്നപ്പോഴും ക്രൈസ്തവര്‍ ഗുഹകളിലോ വീടുകളിലോ രഹസ്യമായി ഒരുമിച്ചുകൂടി ദിവ്യബലിയര്‍പ്പണം നടത്തിയിരുന്നു. പിന്നീടിങ്ങോട്ട് വന്നാല്‍, പതിനെട്ടാം നൂറ്റാണ്ടിലും ശ്രീലങ്കയില്‍ മിഷനറിയായി പോയി ആ ദേശത്ത് അനഭിമതമായ ക്രിസ്തുമതം കരുപ്പിടിപ്പിക്കുവാന്‍ അക്ഷീണം യത്‌നിച്ച വി. ജോസഫ് വാസും രഹസ്യമായിത്തന്നെയാണ് ദിവ്യബലിയര്‍പ്പണങ്ങള്‍ നടത്തിയിരുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്തും പരസ്യമായ എല്ലാ വിശ്വാസാഘോഷങ്ങള്‍ക്കും വിലക്കുണ്ടായിരുന്നതുകൊണ്ടാണ് കെമിക്കല്‍ ഫാക്ടറിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ രഹസ്യമായി സെമിനാരി ക്ലാസ്സുകളില്‍ സംബന്ധിച്ചിരുന്നത്. ആധുനികകാലഘട്ടമായ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി 18 മാസം തടങ്കലില്‍വച്ച ടോം ഉഴുന്നാലിലച്ചനും എന്നും ആത്മനാ വി. കൂര്‍ബാനയര്‍പ്പിച്ചിരുന്നതായി സ്വതന്ത്രനാക്കപ്പെട്ട വേളയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

ദിവ്യബലിയര്‍പ്പണവും, സുവിശേഷവത്കരണവും - കോവിഡ് 19 വരെ

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം തന്റെ വാതായനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്ന സഭ 23 വ്യക്തിഗതസഭകളുടെ കൂട്ടായ്മയെങ്കിലും ഏകകത്തോലിക്കാസഭയാണ്. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നീ നാലു കാര്യങ്ങളില്‍ വ്യതിരിക്തത പാലിക്കുന്നെങ്കിലും ഈ സഭകളിലെല്ലാം വിശുദ്ധകുര്‍ബാനയര്‍പ്പണം തന്നെയാണ് സഭാജീവിതത്തിന്റെ കേന്ദ്രബിന്ദു. ദിവ്യബലിയുടെ ആഘോഷമില്ലാതെ ഒരു ദിവസം പോലും ഒരു ദൈവാലയത്തിനോ, സന്യാസഭവനത്തിനോ നിലനില്പില്ല. തിരുസഭയിലെ പ്രാദേശികസഭയായ ഓരോ ഇടവകയിലേയും ദൈവജനത്തിന്റെ അനുദിനജീവിതത്തിന്റെ ശക്തിസ്രോതസ്സ് ഈ ദിവ്യബലിയര്‍പ്പണം തന്നെയാണ്. നാലാം വ്യാവസായികവിപ്ലവത്തിന്റെ വാതില്‍പ്പടിയില്‍ ആധുനികലോകം നില്‍ക്കുമ്പോള്‍, ടെക്‌നോളജിയുടെ പുരോഗമനത്തിലും സാമൂഹികമാദ്ധ്യമങ്ങളുടെ അതിപ്രസരത്തിലും മനസ്സു മരവിപ്പിക്കാതെ ആത്മാവിനെ നശിപ്പിക്കാതെ തങ്ങളുടെ അറിവിന്റേയും സമയത്തിന്റേയും ദശാംശം സഭാഗാത്രത്തിന്റെ പുരോഗതിയ്ക്കായി, സുവിശേഷവേലയുടെ വിപുലീകരണത്തിനായി സമര്‍പ്പിക്കുന്ന ഒരു ഗണം യുവജനങ്ങള്‍ സഭയിലുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളില്‍ പറഞ്ഞാല്‍ കുര്‍ബ്ബാനയെ പ്രണയിക്കുന്ന ഒരു ഗണം.

കേരളകത്തോലിക്കാസഭയിലേയ്ക്ക് തിരിഞ്ഞാല്‍, പ്രത്യേകമായി സീറോമലബാര്‍ സഭയിലേയ്ക്ക് നോക്കിയാല്‍, കുര്‍ബാനയുടെ പരിഷ്‌ക്കരണങ്ങള്‍ വരുമ്പോഴൊക്കെ, ഉദാഹരണമായി, മാര്‍ നെസ്‌തോറിയസിന്റെ ആരാധനമക്രമം പുനരുദ്ധരിച്ചപ്പോള്‍ അതൊക്കെ അപ്പോള്‍ത്തന്നെ സാമൂഹ്യമാധ്യമങ്ങളിലുടെ ദൈവജനത്തെ അറിയിച്ച്, ആ ആരാധനക്രമത്തിന്റെ ടെക്സ്റ്റ് പുറത്തുവിട്ട്, പരിശീലിപ്പിച്ച് അതിതീക്ഷ്ണതയോടെ പരിശുദ്ധകുര്‍ബ്ബാനയര്‍പ്പണം സജീവമാക്കുന്ന വൈദികരും അവരോടൊപ്പം നില്ക്കാന്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രാവീണ്യവും സഭാസ്‌നേഹത്തില്‍ തീക്ഷ്ണതയുമുള്ള ഒരു യുവജനനിരയും ഉണ്ടായിരുന്നുവെന്നുള്ളത് സഭയ്ക്ക് അഭിമാനകരമായ വസ്തുതയാണ്. സജീവവും തീക്ഷ്ണതയേറിയതുമായ ദിവ്യബലിയര്‍പ്പണങ്ങള്‍ക്കുപുറമേ എല്ലാതരത്തിലുമുള്ള ഒരു നവീകരണം, ഒരു 360ഡിഗ്രി ആദ്ധ്യാത്മികനവീകരണം എന്നു തന്നെ പറയാം, സഭയില്‍ ഈ കാലത്തുണ്ടായിട്ടുണ്ട്. പൗരസ്ത്യആദ്ധ്യാത്മികതയില്‍ ഗവേഷണം നടത്തി സഭയുടെ പാരമ്പര്യങ്ങളും പിതൃസ്വത്തും പരിരക്ഷിക്കാനും പരിശീലിപ്പിക്കാനും പരിശ്രമിക്കുന്നവര്‍ ഒരു വശത്തുനില്ക്കുമ്പോള്‍ മറുവശത്ത് വേദനിക്കുന്നവരെ, തിന്മയ്ക്കടിപ്പെട്ടവരെ, പ്രത്യാശയില്ലാത്തവരെ, ആരോരുമില്ലാത്തവരെ സ്‌നേഹിക്കാന്‍ ഒരു ദൈവമുണ്ടെന്നു പറഞ്ഞുകൊടുത്ത് അവരെ ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നവര്‍ സഭയിലുണ്ട്. തന്നാലാവുംവിധം ആത്മാര്‍ത്ഥമായി സുവിശേഷവേലചെയ്യുന്നവര്‍ തന്നെയാണ് ഭക്തിസാന്ദ്രമായ ഗാനങ്ങളെഴുതി ഈണമേകി ആല്‍ബമാക്കിനല്‍കുന്നവരും, സുവിശേഷപ്രഘോഷണങ്ങള്‍, ക്രിസ്തീയജീവിതാനുഭവങ്ങള്‍ എന്നിവ വീഡിയോകളായി നിര്‍മ്മിച്ച് സാധ്യമായ സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമങ്ങളിലൂടെയൊക്കെയും ദൈവജനത്തിനുമദ്ധ്യേ എത്തിക്കുന്നവരും. ടെലിവിഷന്‍ ചാനലുകള്‍, യൂട്യൂബ് ചാനലുകള്‍, ഫേയ്‌സ്ബുക്ക് പേജുകള്‍, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നുവേണ്ട സഭ ആധുനികലോകത്തില്‍ എന്ന രണ്ടാം വത്തിക്കാന്‍ ഡിക്രിയില്‍ പിതാക്കന്മാര്‍ വിഭാവനം ചെയ്തതിലുമപ്പുറം ഇന്ന് സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമങ്ങളിലൂടെ സഭ സുവിശേഷവല്ക്കരണം നടത്തുന്നുണ്ട്.

മറന്നുപോകുവാന്‍ പാടില്ലാത്ത ഒരു കൂട്ടരാണ് പൗരോഹിത്യത്തിനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടായിട്ടും സ്‌നേഹാധിക്യത്താല്‍ കുര്‍ബാനയര്‍പ്പണം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നു വിചാരിച്ച് പൗരോഹിത്യം സ്വീകരിക്കാതെ ആജീവനാന്തം സന്യാസസഹോദരന്മാരായി കഴിയുന്നവര്‍. സന്യാസഭവനങ്ങള്‍, കൊവേന്തകള്‍ എന്നുവേണ്ട, എവിടേയും ദിവ്യബലിയര്‍പ്പണം കൂടാതെ ഒരു ദിനം പോലും കടന്നുപോകുന്നില്ല. സഭാവിശ്വാസികളുടെ ഏതാഘോഷാവസരവും വിശുദ്ധകുര്‍ബാനയര്‍പ്പണത്തോട് ചേര്‍ന്നാണ് നടത്തിയിരുന്നത്. ഏതുപ്രധാനസ്ഥലമെടുത്ത് നോക്കിയാലും ഒരു നിത്യാരാധന കപ്പേള തീര്‍ച്ചയായും ഉണ്ടാവും. അവിടെ കത്തുന്ന മെഴുകുതിരിയുടെ മുമ്പില്‍ സ്വയം എരിഞ്ഞുതീരുന്നവര്‍, സ്വന്തം ജീവിതക്ലേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍, ആശ്വാസം നേടി ജീവിതയാത്ര തുടരുന്നവര്‍. തിരക്കുപിടിച്ച ഇന്നിന്റെ നെട്ടോട്ടങ്ങള്‍ക്കിടയിലും, കുര്‍ബാനയെകേന്ദ്രമാക്കിയുള്ള ഒരു ജീവിതശൈലിതന്നെയായിരുന്നു സഭയ്ക്കുണ്ടായിരുന്നത്. ഞായറാഴ്ചക്കടം തീര്‍ക്കുന്ന സാധാരണവിശ്വാസിക്കുപോലും, അതില്ലാതെ വന്നാല്‍ ജീവശ്വാസം കിട്ടാത്ത അവസ്ഥ. അങ്ങനെ നോക്കുമ്പോള്‍ സഭയെന്നാല്‍, വിശുദ്ധകുര്‍ബാനയെ പ്രണയിക്കുന്നവര്‍, കുര്‍ബാനയെ ചുറ്റിപ്പറ്റി ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍, എന്നല്ലാതെ ഒന്നും പറയാനില്ല. കുര്‍ബാനയില്ലാതെ മുമ്പോട്ടുപോകാന്‍ സഭയ്ക്കാവില്ല.

കോവിഡ് 19 നു ശേഷം സഭ

ഇങ്ങനെ വളരെ സാധാരണമായി, ശാന്തമായി, എന്നാല്‍, അതിതീക്ഷ്ണതയോടെ ഒഴുകിക്കൊണ്ടിരുന്ന ഒരു സഭാനൗകയിലേയ്ക്കാണ് അപ്രതീക്ഷിതമായി കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി മഹാമാരിയായി വന്നുവീണത്. ഒരു നിമിഷാര്‍ദ്ധത്തില്‍ സഭ തിരിച്ചറിഞ്ഞു, അമരക്കാരന്‍ വഞ്ചിയില്‍ത്തന്നെയുണ്ടെന്ന്. വിളിച്ചെഴുന്നേല്പിക്കാനവള്‍ മുതിര്‍ന്നില്ല, ആ സാന്നിദ്ധ്യം മതിയായിരുന്നു അവള്‍ക്ക്. ദൈവാലയത്തില്‍ ഒരുമിച്ചുകൂടിയുള്ള ദിവ്യബലിയര്‍പ്പണങ്ങള്‍ മുടങ്ങിയപ്പോള്‍ അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമെന്നറിയാമായിരുന്ന സഭ, ദൈവജനം, സാമൂഹികഅകലം പാലിച്ച് സ്വഭവനങ്ങളില്‍ത്തന്നെ കരുതലോടെ, ക്ഷമയോടെയിരുന്നു, സ്വര്‍ഗ്ഗീയവിരുന്നിന്റെ മുന്നാസ്വാദനം ഇല്ലാതെ പോകുമ്പോള്‍ അമ്മയായ തിരുസഭ പകരം ഒരുക്കുന്ന ആത്മീയവിഭവങ്ങള്‍ എന്തെല്ലമെന്നറിയുവാനായി.

വിശുദ്ധകുര്‍ബാനയില്ലാതെ തങ്ങളുടെ അജഗണങ്ങള്‍ക്ക് നന്നായി വിശക്കുന്നുണ്ടാവുമെന്ന് അവര്‍ പറയാതെയും പറഞ്ഞും അറിഞ്ഞ ഇടയന്മാര്‍ മുടങ്ങാതെയുള്ള തങ്ങളുടെ ദിവ്യബലിയര്‍പ്പണം നവമാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യാനുള്ള സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി. തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഒരിക്കലും അജഗണങ്ങള്‍ ഇല്ലാതാവുന്നില്ലെന്നുറപ്പുകൊടുക്കാന്‍ ചില ഇടയന്മാര്‍ ഏറെ പരിശ്രമിച്ചു. കിട്ടിയ അവസരം നിധി പോലെ കണക്കാക്കി മറ്റു തിരക്കുകളൊന്നുമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥിച്ച്, ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് സമയം ചെലവഴിച്ച് ഗാര്‍ഹികസഭയെ പരിപോഷിപ്പിക്കുവാനും കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാനുമുള്ള പുണ്യദിനങ്ങളായി ഈ ദിനങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുന്ന പിതാക്കന്മാര്‍. അവസാനത്തെ പുരോഹിതന്‍ മരിച്ചുവീഴുന്നതുവരേയും സഭയില്‍ ദിവ്യബലിയര്‍പ്പണം ഇല്ലാതെ പോവില്ലെന്നുപറഞ്ഞ് ദൈവജനത്തെ ആശ്വസിപ്പിക്കയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന, അടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ കത്തിച്ചുവച്ച മെഴുതിരിനാളം മാത്രമനങ്ങുന്ന ആഴമായ നിശ്ശബ്ദതയുടേയും ഹൃദയം തുളയ്ക്കുന്ന പ്രാര്‍ത്ഥനയുടേയും നിത്യാരാധനകപ്പേളകള്‍ ദൈവജനത്തിനായി ഓണ്‍ലൈനില്‍ തുറന്നുകൊടുക്കുകയും ചെയ്യുന്ന പ്രവാചകശബ്ദമുള്ള ധ്യാനഗുരുക്കന്മാര്‍. എന്നും സ്വന്തം ഇടവകദൈവാലയങ്ങളില്‍ സ്വന്തം അജഗണങ്ങളെ മുഴുവന്‍ ഹൃദയത്തില്‍ ഉള്‍ചേര്‍ത്ത് തനിച്ച് ദിവ്യബലിയര്‍പ്പിക്കുന്ന താപസചൈതന്യമുള്ള ഇടവകവികാരിമാര്‍. ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യുമ്പോള്‍ ചാനലുകള്‍ക്ക് ലഭിക്കുന്ന ലൈക്കും സബ്‌സ്‌ക്രിപ്ഷനും മൂലം സ്വീകാര്യത അളക്കപ്പെടുന്നതുവഴി കുര്‍ബാനയര്‍പ്പണം കമ്പോളവല്ക്കരിക്കപ്പെടുകയാണോ, അതിന്റെ പരിപാവനതയ്ക്ക് കോട്ടം തട്ടുമോ, കുര്‍ബാന എന്ന സഭയുടെ അമൂല്യസമ്പത്ത് ധുര്‍ത്തടിക്കപ്പെടുകയാണോ എന്നൊക്ക ആശങ്കപ്പെട്ട് ഓണ്‍ലൈന്‍ സംപ്രേഷണത്തെത്തന്നെ അധികം പ്രോത്സാഹിപ്പിക്കാത്ത തീക്ഷ്ണമതികളായ വൈദികശ്രേഷ്ഠര്‍. സത്യത്തില്‍, ഇവരിലാര്‍ക്കാണ് കുര്‍ബ്ബാനയോടു കൂടുതല്‍ സ്‌നേഹം? എല്ലാവരും തീക്ഷ്ണതയാല്‍ എരിയുകയാണ്. ഒന്നു വ്യക്തമാണ്, ഈ വ്യത്യസ്ത ചിന്താധാരകള്‍ പുലര്‍ത്തുന്ന ഇവരെല്ലാം പരിശുദ്ധകുര്‍ബാനയെന്ന ഒരേ അച്ചുതണ്ടിനുചുറ്റും തന്നെയാണ് വലംവയ്ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സഭയിലെ അജപാലകവൃന്ദം മുഴുവനും കുര്‍ബാനയുടെ കാര്യത്തില്‍ അതീവതീക്ഷ്ണതയുള്ളവരാണ്. അതെ, പരിശുദ്ധകുര്‍ബാനയില്ലാതെ സഭയില്ല.

കോവിഡ് 19ന്റെ രൂപത്തില്‍ ലഭിച്ച ലോക്ഡൗണ്‍ കാലയളവിലെ സമയത്തെ പരമാവധി പ്രയോജനപ്പെടുത്തിയവര്‍ ഒരുപക്ഷേ തീക്ഷ്ണമതികളായ യുവജനങ്ങളാവാം, ആധുനികതയുടേയും മാദ്ധ്യമങ്ങളുടേയും മാസ്മരികവലയത്തില്‍പ്പെട്ട് നാശത്തിലേയ്ക്കുനടന്നടുക്കുന്നുവെന്നു നാം കുറ്റപ്പെടുത്തുന്ന യുവജനങ്ങള്‍. യുവജനപ്രസ്ഥാനങ്ങള്‍ കോവിഡ് കാലത്തിനു മുമ്പുതന്നെ അതിശക്തമായിരുന്നു കേരളസഭയില്‍. കോവിഡിന്റെ ലോക്ഡൗണ്‍ കാലഘട്ടം അതിനു വളക്കൂറുള്ള മണ്ണായെന്നുമാത്രം. സാമൂഹ്യമാദ്ധ്യമങ്ങളില്‍ തങ്ങള്‍ക്കുള്ള പ്രാവീണ്യത്തെ സഭാകാര്യങ്ങള്‍ക്കായും തങ്ങളുടെതന്നെ ആദ്ധ്യാത്മികഉണര്‍വ്വിനായും തിരിച്ചുവിട്ടുകൊണ്ട് അവര്‍ തങ്ങളുടെ ക്രിയാത്മകതയെ പുറത്തെടുത്തു. യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നവര്‍, ഓണ്‍ലൈന്‍ സംപ്രേഷണം നടത്താനാവശ്യമായ 1000 ലൈക്കുകള്‍ കിട്ടാന്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പടുന്നവര്‍, വിരസമായിത്തീര്‍ന്നേക്കാവുന്ന ലോക്ക്ഡൗണ്‍ കാലത്തെ വിവിധങ്ങളായ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തി സജിവമാക്കുന്നവര്‍, എന്നുവേണ്ട, ഒഴിവുകാലം ലഭിച്ചാല്‍ സഭയ്ക്കായി തങ്ങളുടെ സര്‍ഗ്ഗാത്മകകഴിവുകള്‍ വിനിയോഗിക്കാന്‍ സമയം കണ്ടെത്തുന്ന ചെറുപ്പക്കാര്‍ ധാരാളം ഉണ്ടെന്നത് വളരെ ആശാവഹമായ ഒരു കാര്യമാണ്. ഒരുദാഹരണം മാത്രം പറഞ്ഞാല്‍, ഈസ്റ്റര്‍ ഞായറാഴ്ച കുര്‍ബാനമദ്ധ്യേ നാം കേട്ടുകൊണ്ടിരുന്ന തിരുവചനഭാഗങ്ങള്‍ ഈ വര്‍ഷം ദൈവാലയത്തിലെത്തി കേള്‍ക്കാനിടയില്ലാത്തതിനാല്‍, ആ 4 വായനകളുടെ ക്വിസ്മത്സരം ഓണ്‍ലൈനായി അന്നു വൈകുന്നേരം നടത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. ഇവര്‍ക്കാണോ സഭാകാര്യങ്ങളില്‍ താല്പര്യമില്ലെന്നു നാം പറയുക? കുര്‍ബാനയോടു സ്‌നേഹമില്ലെന്നു നാം കരുതുക? സമ്പൂര്‍ണ്ണബൈബിള്‍ ഈ ലോക്ക്ഡൗണ്‍ കാലംകൊണ്ട് ഒരാവര്‍ത്തി വായിച്ചുതീര്‍ക്കാന്‍ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നവരേയും കാണാനിടയായി. പരിശുദ്ധകുര്‍ബാനയോടും ദൈവവചനത്തോടും കൂടുതല്‍ ആഭിമുഖ്യവും പ്രതിബദ്ധതയും വളര്‍ത്താന്‍ ഒരു നല്ല ശതമാനം യുവജനങ്ങള്‍ക്കെങ്കിലും ഈ ലോക്ക്ഡൗണ്‍ കാലം ഉപകരിച്ചു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

ഇനി, വീടുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന സാധാരണക്കാര്‍. സ്ഥിരവരുമാനമുള്ളവരും, അന്നന്നത്തെ അപ്പത്തിനുള്ള വക അന്നന്നുണ്ടാക്കുന്നവരും. തിരക്കിലായിരുന്നു അവര്‍. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ ജീവിതത്തിലെ സന്തോഷമെന്തെന്നു മറന്നുപോയവര്‍. ദിവ്യബലിയര്‍പ്പണം ദൈവാലയങ്ങളിലുണ്ടെന്ന് ഉറപ്പായതിനാല്‍ അതേക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്തവര്‍. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില ആരും അറിയില്ലെന്നു പറയുന്നത് എത്രയോ വാസ്തവം. തിരക്കൊന്നുമില്ലാത്ത ഒരു ലോക്ക്ഡൗണ്‍ കാലത്തില്‍, ദൈവാലയത്തില്‍ ഒരുമിച്ചുള്ള ദിവ്യബലിയര്‍പ്പണത്തിനു പകരം, വികാരിയച്ചന്‍ തങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടു തനിച്ചാണ് ദിവ്യബലിയര്‍പ്പിക്കുന്നത് എന്നറിഞ്ഞതുമുതല്‍ ഇക്കൂട്ടരുടെ മനസ്സും ചിന്തകളുമെല്ലാം ദൈവാലയത്തിലാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ സംപ്രേഷണങ്ങള്‍ ഇവര്‍ക്ക് നിധി പോലെയാണ്. ഇനി, മുടങ്ങാതെ വി കുര്‍ബാനയില്‍ പങ്കെടുത്തിരുന്നവര്‍ക്കോ, ഇതില്‍പരം സങ്കടകാരണവുമില്ല. അതെ, വി കുര്‍ബാനയില്ലാതെ സഭയില്ല.

പ്രത്യാശയോടെ മുമ്പോട്ട്

ദൈവാലയത്തില്‍ ദിവ്യബലിയ്ക്കണയാന്‍ പോലും സാധിക്കാത്ത കോവിഡ് 19 മൂലമുള്ള ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ദൈവജനമൊന്നാകെ ദൈവാലയത്തിലെത്തി ബലിയര്‍പ്പിക്കുവാന്‍ കൊതിക്കുന്നുണ്ട്. 'ഇനിയൊരു ബലിയര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ' എന്നു വളരെ അനൗപചാരികമായി ദിവ്യബലിയുടെ സമാപനത്തില്‍ ചൊല്ലിയിരുന്നത് കൊറോണ വൈറസ് മൂലം നിനച്ചിരിയാതെ ഒരു നിമിഷത്തില്‍ യാഥാര്‍ത്ഥ്യമായതുപോലെയാണിപ്പോള്‍. എന്നാല്‍, ഈശോ ക്രൂശിതനായ വെള്ളിയാഴ്ചയ്ക്കും പിറ്റേന്നുള്ള ശനിയാഴ്ചയ്ക്കും ശേഷം അവനുയിര്‍ത്ത, ഉത്ഥാനം ചെയ്ത ഒരു ഞായറുണ്ടായിരുന്നു. മൂന്നു തവണ ഈശോ പീഡാസഹനത്തെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്നു. അതോര്‍ത്താശ്വസിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ശ്ലീഹന്മാര്‍. അവരുടെമേല്‍ പരിശുദ്ധാത്മാവ് വന്നിരുന്നുമില്ലല്ലോ. തീവ്രമായ ദുഖത്തില്‍ കേവലം ഒറ്റ ദിവസത്തിനുള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്നോര്‍ത്തെടുക്കാന്‍ പോലും അവര്‍ക്ക് സാധിച്ചു കാണില്ല. പക്ഷേ അവര്‍ പ്രത്യാശ കൈവിട്ടതായി വിശുദ്ധഗ്രന്ഥത്തിലോ, പാരമ്പര്യങ്ങളിലോ, തിരുസഭയംഗീകരിച്ച ഏതെങ്കിലും സ്വകാര്യവെളിപാടുകളിലോ നാം കാണുന്നില്ല. പരിശുദ്ധ അമ്മയോടൊപ്പം അവര്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി കഴിഞ്ഞു എന്നേ നമുക്കറിവുള്ളൂ. അങ്ങനെ കഴിഞ്ഞ അവരുടെ മദ്ധ്യത്തിലേയ്ക്കാണ് ഞായറാഴ്ച രാവിലെ ഉത്ഥാനവാര്‍ത്ത എത്തുന്നത്. ഇതൊരു വലിയ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്.
ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ദൈവാലയത്തിലെത്തിച്ചേരാനാവത്തത് വിശ്വാസിസമൂഹത്തിന്റെ ആത്മീയജീവിതത്തിനേല്പിച്ചേക്കാവുന്ന ആഘാതം കുറയ്ക്കാന്‍ സാദ്ധ്യമായ എല്ലാ സങ്കേതങ്ങളും കരുതലുള്ള അമ്മയേപ്പോലെ സഭാമാതാവ് സ്വീകരിച്ചിട്ടുണ്ട്. അനുതാപശുശ്രൂഷ തുടങ്ങി, വിശുദ്ധവാരതിരുക്കര്‍മ്മങ്ങളെല്ലാം തന്നെ ഈസ്റ്റര്‍ ദിനത്തിലെ ബലിയര്‍പ്പണവും കേരളത്തിലെ എല്ലാ റീത്തുകളിലും, എല്ലാ രൂപതകളിലും നിന്ന് ഓണ്‍ലൈന്‍ ശുശ്രൂഷകളായി ലഭ്യമാണ്. ദൈവജനം അതില്‍ സന്തുഷ്ടരുമാണ്. എന്നിരുന്നാലും ഈ സാഹചര്യത്തില്‍ ദൈവജനമൊന്നാകെ ദൈവാലയത്തിലണയുന്ന, ഒരുമിച്ചൊരു ബലിയര്‍പ്പിക്കാന്‍ സാധിക്കുന്ന, ദിവ്യകാരുണമാധുര്യം ഒരിക്കല്‍ക്കൂടി ആസ്വദിക്കുന്ന ഒരു നല്ല നാളെ ഉണ്ടാവുമെന്നുറപ്പാണ്. ബാബിലോണ്‍ പ്രവാസത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ജനം ജറുസലെം ദൈവാലയത്തിലെത്താന്‍ കൊതിച്ചിരുന്നതുപോലെ ദൈവാലയത്തിലെത്തി ഒരു ദിവ്യബലിയര്‍പ്പണത്തിനായി ദൈവജനം കൊതിക്കുന്നുണ്ട്. നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയേപ്പോലെയും (സങ്കീ. 42/1) ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ ശരീരം തളര്‍ന്നും (സങ്കീ. 63/1) ദൈവത്തിനായി ദാഹിക്കുന്ന സങ്കീര്‍ത്തകനെ പഴയനിയമത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്. പ്രവാസകാലത്ത് രചിക്കപ്പെട്ട ഈ സങ്കീര്‍ത്തനങ്ങള്‍ ദൈവദാഹത്തെ സൂചിപ്പിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും കോവിഡ് 19 കാലത്തെ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്കണയുന്ന ദൈവജനത്തിന്റെ തീക്ഷ്ണത ദൈവത്തിനായുള്ള ദാഹത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്. സഭയ്ക്ക് ഇതൊരു പ്രത്യാശാജനകമായ സൂചനയാണ്.

ഉപസംഹാരം

'ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍' എന്ന അന്ത്യഅത്താഴവേളയിലെ കര്‍ത്താവിന്റെ ആഹ്വാനത്തോട് സഭ എന്നും വിശ്വസ്തത പുലര്‍ത്തിയിട്ടുണ്ട്. ആദിമകാലം മുതല്‍ ഇന്നുവരേയും ഈ കല്പന അഭംഗുരം പാലിക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ സാമൂഹികവ്യാപനം തടയാനുള്ള മുന്‍കരുതലെന്ന നിലയില്‍ ദൈവജനം ദൈവാലയത്തിലെത്തി ഒരുമിച്ച് ബലിയര്‍പ്പിക്കുന്ന ഒരു സാഹചര്യം ഇല്ലാത്ത ഈ കാലഘട്ടത്തിലും എല്ലാ ദൈവാലയങ്ങളിലും എല്ലാ ദിവസവും അതീവതീക്ഷ്ണതയോടെയും ഭക്തിയോടെയും പുരോഹിതര്‍ ബലിയര്‍പ്പിക്കുന്നുണ്ട്. വിശ്വാസിസമൂഹം ഇതില്‍ ആത്മീയമായി പങ്കുചേരുന്നുമുണ്ട്. എന്നാല്‍, ഈ കാലഘട്ടം തങ്ങളുടെ ആദ്ധ്യാത്മികതയെ തൊട്ടുണര്‍ത്തുവാനും, ദൈവത്തിലേയ്ക്ക് കൂടുതല്‍ തീക്ഷ്ണതയോടെ തിരിയാനുമുള്ള ഒരവസരമായി ദൈവജനം പ്രയോജനപ്പെടുത്തിയ വഴികള്‍ വിസ്മയാവഹമാണ്. സാമുഹ്യസമ്പര്‍ക്കമാദ്ധ്യമങ്ങളുടെ അതിപ്രസരത്തിലാണ് ലോകം, പ്രത്യേകിച്ച്, യുവജനങ്ങള്‍ എന്നു പറയുമ്പോഴും ഈ കോവിഡ് 19 ന്റെ ലോക്ക്ഡൗണ്‍ കാലം നവമാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് സുവിശേഷവല്ക്കരണം നടത്താന്‍ തങ്ങളുടെ സര്‍ഗ്ഗാത്മകതയെ എങ്ങനെയെല്ലാം യുവജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുവെന്നതും അത്ഭുതാവഹമാണ്. വിശുദ്ധകുര്‍ബാനയില്ലാതെ ഈ ആധുനികകാലഘട്ടത്തിലും മുമ്പോട്ടുപോകാന്‍ സഭയ്ക്കാവുന്നില്ല എന്നും, ഉറപ്പായും ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് സഭ മുമ്പോട്ടു പോകുമെന്നും ഒരു നവസുവിശേഷവല്ക്കരണത്തിനുള്ള എല്ലാ സാദ്ധ്യതകളും സഭയുടെ മുമ്പിലുണ്ടെന്നുമുള്ള പ്രത്യാശ ഇവയെല്ലാം നല്‍കുന്നു. ദൈവജനം വിശുദ്ധകുര്‍ബ്ബാനയ്ക്കായി ദാഹിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എന്നത്തേക്കാളുമുപരി ദൈവത്തെ തേടുന്നു. മറ്റെന്തിനേക്കാളുമുപരി ദൈവത്തിലെത്താന്‍ കൊതിക്കുന്നു. അതെ. മാറാനാത്ത. കര്‍ത്താവായ ഈശോയേ, വന്നാലും. ആമേന്‍.

സി. റെജീന വെങ്ങാലൂര്‍ SABS
സെന്റ് ജോണ്‍സ് പ്രൊവിന്‍സ്, കാഞ്ഞിരപ്പള്ളി