എപ്പോഴും പച്ചപുതച്ചു നിൽക്കുന്ന ശിഖരങ്ങൾ...മണ്ണിൽ അഴിയാത്ത പുറംചട്ട. അരുണ വർണത്തിലുള്ള തടി. തൊലിയിൽനിന്ന് ഉതിർന്നുവരുന്ന സുഗന്ധതൈലം. പ്രകൃതിയുടെ ഭാവമാറ്റങ്ങളും ചരിത്രത്തിന്റെ ഗതിവിഗതികളും കണ്ട് നൂറ്റാണ്ടുകളോളം തല ഉയർത്തിനിൽക്കാറുള്ള ദേവദാരു മരത്തിന്റെ പ്രത്യേകതകളാണ് ഇവ. പടിഞ്ഞാറൻ ഏഷ്യയിലെ പുരാതന രാജ്യങ്ങളിൽ ഒന്നായ ലെബനോനിലെ താഴ്വരകളിൽ വളരുന്ന ദേവദാരുക്കൾക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ദൈവത്തിന്റെ ദേവദാരു എന്നാണ് അവ അറിയപ്പെടുന്നത്.
ബൈബിളിൽ ഏറ്റവുമധികം തവണ പരാമർശിക്കപ്പെടുന്ന ലെബനോനിലെ ദേവദാരുവിന് ഉത്കൃഷ്ട വ്യക്ഷം എന്നൊരു വിളിപ്പേരുണ്ട്. ബൈബിളിലെ പഴയനിയമപ്രകരം ലെബനോനിലെ ദേവദാരുക്കൾ ഉപയോഗിച്ചാണ് സോളമൻ രാജാവ് ജറുസലേം ദേവാലയം നിർമിക്കുന്നത്. ദൈവത്തിന്റെ നേരിട്ടുള്ള ആവശ്യപ്രകാരമായിരുന്നു ഇത്.പുരാതന മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ വിശ്വാസമനുസരിച്ച് ലെബനോൻ മലനിരകളിലെ ദേവദാരുത്തോട്ടമായിരുന്നു ദൈവത്തിന്റെ വാസസ്ഥലം.
ദൈവത്തിന്റെ മരമായിരുന്നെങ്കിലും ഇതിനെ വെട്ടിനിരത്താൻ പണ്ടുതൊട്ടേ മനുഷ്യന് മടിയൊന്നുമില്ലായിരുന്നു. തടിയുടെ ഗാഢതകൊണ്ടും ഭംഗികൊണ്ടും വീടുകളും കപ്പലുകളുമൊക്കെ നിർമിക്കാൻ ദേവദാരു വ്യാപകമായി ഉപയോഗിച്ചുപോന്നു. ദേവദാരുത്തടിയിൽ തീർത്ത കപ്പലുകളിലാണ് ഫിനീഷ്യൻമാർ ആദ്യമായി സമുദ്രാതിർത്തികൾക്കപ്പുറമുള്ള ദേശങ്ങളുമായി വ്യാപാരം ആരംഭിച്ചത്.
അസിറിയക്കാരും ബാബിലോണിയക്കാരും ഗ്രീക്കുകാരും റോമക്കാരും പേർഷ്യക്കാരുമൊക്കെ പല ആവശ്യങ്ങൾക്കായി ലെബനോനിലെ ദേവദാരു തേടിയെത്തി. മൃതദേഹങ്ങൾ മമ്മികളാക്കി മാറ്റാൻ ഈജിപ്തുകാർ ദേവദാരുവിന്റെ തൊലി ഉപയോഗിച്ചിരുന്നു. യഹൂദൻമാരാകട്ടെ ഈ തൊലി ഉപയോഗിച്ച് കുഷ്ടരോഗത്തിന് ചികിത്സ നടത്തി. ആധുനിക യുഗത്തിലും ലെബനോനിലെ ദേവദാരു മലനിരകളുടെ ചൂഷണം തുടർന്നു. റെയിൽറോഡുകൾ നിർമിക്കുന്നതിനായി ബ്രിട്ടീഷുകാർ വെട്ടിക്കടത്തിയ ദേവദാരു മരങ്ങൾക്ക് കൈയുംകണക്കുമില്ല. ഒടുവിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഭാഗമായപ്പോൾ അവശേഷിച്ചത് ലെബനോനിലെ താഴ്വരകളിൽ അവിടെ ഇവിടായി ഒറ്റപ്പെട്ടു നിൽക്കുന്ന കുറച്ചു ദേവദാരു വൃക്ഷങ്ങളായിരുന്നു. പിന്നീട് ഈ മലനിരകളെ സംരക്ഷണ മേഖലകളായി പ്രഖ്യാപിച്ചു.
നൂറു വർഷത്തിന് മേൽപ്രായമുള്ള 375 മരങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് സമീപത്തായി ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇവ വളർന്ന് ലെബനോനിലെ ദേവദാരുമലനിരകൾ പഴയ പ്രൗഢിയിലേക്ക് എത്തണമെങ്കിൽ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും.
ആർഎംജെ
ലെബനോനിലെ ദേവദാരു
01:35 AM May 19, 2019 | Deepika.com