ശാന്തമായി ഒഴുകുന്ന തടാകത്തിന്റെ നടുവിലൂടെ സൈക്കിളിൽ ഒരു യാത്ര -കേൾക്കുന്പോൾ അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമാക്കിയിരിക്കുകയാണ് ബെൽജിയത്തിലെ ലിംബർഗ് എന്ന പ്രദേശം. ഇവിടത്തെ വിജേഴ്സ് നാച്ചുറൽ റിസേർവിലുള്ള തടാകത്തിലാണ് സൈക്കിൾ സവാരിക്കുള്ള അവസരമുള്ളത്ത്.
തടാകത്തിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന ചെറിയ ഇടനാഴിപോലുള്ള പാലത്തിലൂടെ സഞ്ചാരികൾക്ക് സൈക്കിളിൽ യാത്രചെയ്യാം. വെള്ളത്തിനുള്ളിലേക്ക് ഇറക്കി പണിതിരിക്കുന്ന ഈ പാലത്തിന്റെ ഇരുവശങ്ങളിലും തടാകത്തിനൊപ്പം ഉയരത്തിൽ മതിൽകെട്ടിയാണ് ഈ സൈക്കിൾ പാത നിർമിച്ചിരിക്കുന്നത്.
സൈക്ലിംഗ് പാതകൾക്ക് ഏറെ പ്രശസ്തമാണ് ലിംബർഗ്. ഇവിടത്തെ എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സൈക്ലിംഗ് പാതകൾ നിർമിച്ചിട്ടുണ്ട്. ഇത് കുറച്ചുകൂടി വ്യാപിപ്പിക്കുന്നതിനും ലിംബർഗിനെ ലോകത്തിന്റെ സൈക്ലിംഗ് തലസ്ഥാനമാക്കി മാറ്റുന്നതിനുമാണ് ഇത്തരമൊരു പരീക്ഷണവുമായി അധികൃതർ മുന്നോട്ടുവന്നത്. നിരവധി വിനോദസഞ്ചാരികളാണ് തടാകത്തിനു നടുവിലൂടെ സൈക്ലിംഗ് നടത്താൻ ഇവിടെ എത്തുന്നത്.
റോസ് മേരി ജോൺ
തടാകത്തിലൂടെ ഒരു സൈക്കിൾ യാത്ര
01:26 AM May 12, 2019 | Deepika.com