ഏപ്രിൽ 23. ലോക ബുക്ക് ദിനം. പുസ്തകങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ഹെയ് ഓണ്‍ വൈയുടെ വിശേഷങ്ങൾ അറിയാം.
വെയിൽസിലെ വൈ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് ഹെയ് ഓണ്‍ വൈ. പുസ്തകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ സെക്കൻഡ് ഹാൻഡ് പുസ്തകശാലകൾ ലോകപ്രശസ്തമാണ്. ഈ ചെറിയ നഗരത്തിൽ മാത്രമായി അന്‍പതിലധികം പുസ്തക ശാലകളുണ്ട്. പതിനായിരക്കണക്കിന് എഴുത്തുകാർ പങ്കെടുക്കുന്ന ഹെയ് സാഹിത്യോത്സവം നടക്കുന്നതും ഈ പട്ടണത്തിലാണ്.
1961 ലാണ് ഇവിടെ ആദ്യമായി ഒരു സെക്കൻഡ് ഹാൻഡ് പുസ്തകശാല തുടങ്ങുന്നത്. അടച്ചുപൂട്ടിയ ഒരു അമേരിക്കൻ വായനശാലയിൽനിന്ന് പുസ്തകങ്ങൾ വാങ്ങി അവ കപ്പൽമാർഗം വെയിൽസിലെത്തിച്ച റിച്ചാർഡ് ബൂത്തായിരുന്നു ആദ്യ പുസ്തകശാലയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
ഇദ്ദേഹത്തിന്റെ പാതപുൻതുടർന്ന് പിന്നീട് പലരും ഇവിടെ പുസ്തകശാലകൾ നിർമിക്കാൻ തുടങ്ങി. 1970കളായപ്പോഴേക്കും ഹെയ് ഓണ്‍ വൈയുടെ മുക്കിലും മൂലയിലുമെല്ലാം സെക്കൻഡ് ഹാൻഡ് ബുക്ക് സ്റ്റാളുകൾ തുറന്നു. പുസ്തകങ്ങളുടെ പട്ടണം എന്ന വിളിപ്പേരു വീണതോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിയാളുകൾ ഇവിടെ പുസ്തകം വാങ്ങാൻ എത്തി. ഇപ്പോൾ പ്രതിവർഷം അഞ്ചു ലക്ഷം സഞ്ചാരികൾ ഇവിടെ പുസ്തകം വാങ്ങാനെത്തുന്നുണ്ടെന്നാണ് കണക്ക്.
ഈ പുസ്തക നഗരത്തിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടത്തെ ഹോണസ്റ്റി ബുക്ക് ഷോപ്പുകളാണ്. ഇവിടത്തെ വഴിയരികുകളിൽ ഒരുക്കിയിരിക്കുന്ന ചെറിയ ബുക്ക് ഷെൽഫുകളാണ് ഇവ. ഇവിടെ പുസ്തകം വിൽക്കാനോ വില പേശാനോ ആരും ഉണ്ടായിരിക്കുകയില്ല. പുസ്തകം വാങ്ങാനെത്തുന്നവർക്ക് തങ്ങൾക്ക് വേണ്ട പുസ്തകം എടുത്തതിനുശേഷം പണം ഇവിടെ വച്ചിരിക്കുന്ന ചെറിയ പെട്ടിയിൽ നിക്ഷേപിക്കാം. സത്യസന്ധരായവർ മാത്രം ഇവിടെ വന്ന് പുസ്തകം വാങ്ങു എന്ന ബോർഡ് ഇത്തരം കടകളുടെ മുന്നിൽ ഉണ്ടാകും.
തയാറാക്കിയത്: റോസ് മേരി ജോൺ
പുസ്തകങ്ങളുടെ നഗരം
04:38 AM Apr 21, 2019 | Deepika.com