ഗാന്ധിനഗർ (കോട്ടയം): ഇന്നു വിവാഹം നടക്കുന്ന ഓഡിറ്റോയത്തിൽ കഞ്ചാവ് മാഫിയയുടെ ആക്രമണമെന്നു പരാതി. രണ്ടു പേർക്കു പരിക്കേറ്റു. മാന്നാനം പൊൻമല ചരിവിൽ അജീഷ്(36) കുര്യാംപാട്ട് വിനീത് (33) എന്നിവർക്കാണ് പരിക്ക്.
ഇന്നലെ രാത്രി 10ന് മാന്നാനം കുട്ടിപ്പടി മലേപ്പള്ളി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ഇന്നു നടക്കുന്ന വിവാഹത്തിന്റെ മുന്നോടിയായുള്ള സൽക്കാരമായിരുന്നു ഓഡിറ്റോറിയത്തിൽ.
ഇതിനിടയിൽ, ഒരു സംഘം ചെറുപ്പക്കാർ ബഹളമുണ്ടാക്കി. അതിനെ ചോദ്യം ചെയ്ത വിനീതിനെ ആക്രമിക്കുകയും വാഹനത്തിന്റെ താക്കോൽ കൊണ്ടു കഴുത്തിനു കുത്തുകയും മർദ്ദിക്കുകയും ചെയ്തു.
ആക്രമണം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട അജീഷിനെയും സംഘം ആക്രമിച്ചെന്നാണ്പരാതി. സ്കൂട്ടറിൽനിന്നു വീണു കൈക്കു പ്ലാസ്റ്ററിട്ടു വിശ്രമിക്കുന്നയാളാണ് അജീഷ്, കൂടാതെ കാലിന്റെ മുട്ടുചിരട്ടയ്ക്കു ശസ്ത്രക്രിയയ്ക്കു വിധേയമായിരിക്കുകയാണെന്നും പറയുന്നു.
പരിക്കേറ്റ വിനീതിനെയും അജേഷിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗാന്ധിനഗർ പോലീസ് കേസെടുത്തു. മാന്നാനം കുട്ടിപ്പടി മലേപ്പള്ളി ഭാഗത്തു കഞ്ചാവ് മാഫിയയുടെ ശല്യം രൂക്ഷമാണെന്നും നിരവധി പരാതികൾ അധികൃതർക്കു നൽകിട്ടിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
കുറച്ച് നാളുകളായി ഈ ഭാഗത്തു കഞ്ചാവ് മാഫിയ കൂടിച്ചേരൽ കുറഞ്ഞിരുന്നു. എന്നാൽ, കോവിഡ് രൂക്ഷത കുറഞ്ഞപ്പോൾ പൂർവാധികം ശക്തിയായി ഇക്കൂട്ടർ ഇവിടെ താവളമാക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിവാഹ ഓഡിറ്റോറിയത്തിൽ കഞ്ചാവ് മാഫിയ ആക്രമണം, രണ്ടു പേർക്ക് പരിക്ക്
01:47 PM Nov 13, 2021 | Deepika.com