ഓസ്ട്രേലിയയിൽ ജനിച്ച പ്രസിദ്ധ ഗ്രന്ഥകാരനും വാഗ്മിയും മതപ്രഭാഷകനുമാണു മാത്യു കെല്ലി, അദ്ദേഹം രചിച്ച ഇരുപതോളം ഗ്രന്ഥങ്ങളിൽ പന്ത്രണ്ട് എണ്ണം ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിസിനസ് മാനേജ്മെന്റിലും ദൈവശാസ്ത്രത്തിലും ഒരുപോലെ പ്രാഗല്ഭ്യം നേടിയിട്ടുള്ള അദ്ദേഹം അന്പതിലേറെ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളോടു പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ കൊടുത്തിട്ടുള്ള ഒരു സംഭവം താഴെക്കൊടുക്കുന്നു.
റഷ്യയിൽനിന്ന് അമേരിക്കയിൽ കുടിയേറിയ ഒരു നഴ്സാണ് അനസ്താനിയ പെട്രോവ്. അവർ ജോലിചെയ്തിരുന്ന ആശുപത്രിയിലെ മറ്റൊരു നഴ്സായ ജയിനിനു കാൻസർ പിടിപെട്ടു. ആശുപത്രിയുടെ നിയമമനുസരിച്ച് ആറ് ആഴ്ചത്തേക്കു സിക്ക്ലീവ് എടുക്കാൻ ജയ്നിനു അവകാശമുണ്ടായിരുന്നു. എന്നാൽ, സിക്ക്ലീവ് തീർന്നിട്ടു വീണ്ടും അവധി എടുത്താൽ ശന്പളം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു.
രോഗിയായ ജയിനിനു സിക്ക്ലീവ് തീർന്നപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. അപ്പോൾ ശന്പളം ലഭിക്കാത്ത അവസ്ഥയായി. അപ്പോഴാണ് ആ നഴ്സിനുവേണ്ടി ഇന്റർനെറ്റ് വഴി ഫണ്ട് സമാഹരിക്കുന്നതിനു സഹപ്രവർത്തകരായ ചിലർ ആലോചിച്ചത്. ഒരു ദിവസം ലഞ്ചിന്റെ സമയത്ത് ഇക്കാര്യം ചർച്ചചെയ്യപ്പെട്ടു.
ഇതു കേൾക്കാനിടയായ അനസ്താനിയ പറഞ്ഞു: ഇതിലും മെച്ചമായി നമുക്കു ചെയ്യാനാകും. ഉടനെ അവരിലൊരാൾ ചോദിച്ചു: നീ എന്താണ് അർഥമാക്കുന്നത്? അപ്പോൾ അനസ്താനിയ പറഞ്ഞു: എല്ലാവർക്കും ജയിനിനെ ഇഷ്ടമാണല്ലോ. അവൾ മറ്റുള്ളവർക്കുവേണ്ടി എന്തെല്ലാം നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമുക്കും അതുപോലെ ചെയ്യാം.
അനസ്താനിയ എന്താണു നിർദേശിക്കാൻ പോകുന്നതെന്ന് അവർ ആകാംക്ഷയോടെ കാത്തിരിക്കുന്പോൾ അനസ്താനിയ തുടർന്നു: നമുക്കു പന്ത്രണ്ട് മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റാണല്ലോ ആഴ്ചയിലുള്ളത്. ജയിനിനുവേണ്ടി മൂന്നു പേർ ആഴ്ചയിൽ ഓരോ ഷിഫ്റ്റെടുത്താൽ അവൾക്കു ശന്പളം മുടങ്ങാതെ കിട്ടും.
അനസ്താനിയ ഇതു പറഞ്ഞപ്പോൾ അവർക്കെല്ലാം അനസ്താനിയയോടു വലിയ ആദരവ് തോന്നി. അവർക്കെല്ലാം സ്വീകാര്യമായിരുന്നു നിർദേശം. അപ്പോൾ അനസ്താനിയ പറഞ്ഞു: ഞാൻ നമുക്കുള്ള ഷെഡ്യൂൾ തയാറാക്കാം.
ഓരോ ആഴ്ചയിലും ജയിനിനുവേണ്ടി ഓരോ ഷിഫ്റ്റ് എടുക്കാൻ തയാറുള്ള മൂന്നുപേരെ വീതം അനസ്താനിയ കണ്ടെത്തി. അങ്ങനെ ജയിനിനു മാസംതോറും ശന്പളം മുടങ്ങാതെ ലഭിച്ചു. ചികിത്സയ്ക്കുവേണ്ടി മൂന്നു വർഷം ജയിനിനു ജോലിയിൽനിന്നു മാറിനിൽക്കേണ്ടി വന്നു. അപ്പോഴൊക്കെ ജയിനിന്റെ സഹപ്രവർത്തകർ അവൾക്കുവേണ്ടി ജോലിചെയ്ത് അവളെ സഹായിച്ചു.
ജീവിതത്തിൽ വിശുദ്ധ നിമിഷങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയാണു മാത്യു കെല്ലി ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നതനുസരിച്ച് അനസ്താനിയ മുന്നോട്ടുവച്ച നിർദേശം ദശലക്ഷക്കണക്കിനു വിശുദ്ധനിമിഷങ്ങൾക്കാണത്രേ ആ നഴ്സുമാരുടെ ജീവിതത്തിൽ വഴിതെളിച്ചത്.
എന്താണ് വിശുദ്ധനിമിഷങ്ങൾ എന്നതുകൊണ്ട് അദ്ദേഹം അർഥമാക്കുന്നത്? ദൈവത്തിന്റെ കരം നമ്മോടൊപ്പം പ്രവർത്തിക്കുന്ന നിമിഷങ്ങളാണവ. വിശുദ്ധിയിൽ വളരാൻ നമ്മെ സഹായിക്കുന്ന നിമിഷങ്ങൾ. കൗമാരപ്രായത്തിൽത്തന്നെ ജീവിതത്തിൽ വിശുദ്ധനിമിഷങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കെല്ലിക്കു നല്ല അവബോധമുണ്ടായി. അങ്ങനെയാണു വിശുദ്ധിയിൽ വളരാനുള്ള മാർഗമായി വിശുദ്ധനിമിഷങ്ങളെ കെല്ലി കാണാൻ തുടങ്ങിയത്.
നിങ്ങളുടെ ദൈവമായ കർത്താവായ ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. എന്നാണല്ലോ ബൈബിളിൽ ദൈവം പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ നാമും ജീവിതത്തിൽ വിശുദ്ധിനേടണമല്ലോ. കെല്ലി പറയുന്നതനുസരിച്ച് ജീവിതത്തിൽ വിശുദ്ധി നേടുക നമുക്കു സാധ്യമാണ്. കാരണം, ജീവിതത്തിൽ വിശുദ്ധനിമിഷങ്ങൾ സൃഷ്ടിക്കാൻ നമുക്കു സാധിക്കും. നമ്മുടെ ജീവിതത്തിലെ വിശുദ്ധനിമിഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചായിരിക്കും നമ്മുടെ ജീവിതത്തിലെ വിശുദ്ധിയും.
നമുക്കു ജീവിതത്തിൽ വിശുദ്ധനിമിഷങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നത് താഴെ കൊടുക്കുന്നു:
എല്ലാ ദിവസവും രാവിലെ ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ടു ദിവസം ആരംഭിക്കും. പ്രത്യേകിച്ചു പുതിയൊരു ദിവസം നൽകിയതിന്. ഈ നന്ദിപ്രകടനം ഒരു വിശുദ്ധനിമിഷമാണ്.
ദിവസവും ഇടയ്ക്കിടെ ദൈവസഹായം യാചിക്കുക. ശരിയായ രീതിയിൽ വഴിനടത്താനും എല്ലാം നന്നായി ചെയ്യാനും. ഇതു മറ്റൊരു വിശുദ്ധനിമിഷമാണ്.
വീട്ടിൽ സാധാരണ മറ്റൊരാൾ ചെയ്യുന്ന ജോലി സ്വയം ഏറ്റെടുത്തു ചെയ്യുക. ഇത് അമൂല്യമായൊരു വിശുദ്ധനിമിഷം.
ദിവസത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ജീവിതഭാരം പേറി വലയുന്ന ഒരാൾക്കുള്ള പ്രാർഥനയായി കാഴ്ചവയ്ക്കുക. അപ്പോൾ അത് വലിയൊരു വിശുദ്ധനിമിഷമാകും.
ദേഷ്യപ്പെടാൻ മതിയായ കാരണമുള്ളപ്പോൾപ്പോലും സ്വയം നിയന്ത്രിച്ച് ഏറ്റവും ഭംഗിയായി പെരുമാറുക. ഇതും ഒരു വിശുദ്ധനിമിഷം.
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുന്പ് ആ തീരുമാനങ്ങൾ തന്റെയും മറ്റുള്ളവരുടെയും നന്മയ്ക്ക് എങ്ങനെ സഹായിക്കും എന്ന് ആലോചിക്കുക. ഇതു അപൂർവമായ ഒരു വിശുദ്ധനിമിഷം.
ആലോചനകൂടാതെ ഒരാൾ പ്രവർത്തിക്കാൻ ഇടയായാൽ അയാളോടു പരിഭവിക്കുന്നതിനു പകരം സഹാനുഭൂതിയോടെ പെരുമാറുക. ഇതും ഒരു വിശുദ്ധനിമിഷം.
മറ്റൊരാളെ പ്രാർഥിക്കാൻ പഠിപ്പിക്കുകയോ പ്രാർഥിക്കാൻ പ്രലോഭിപ്പിക്കുകയോ ചെയ്യുക. ഇതും മനോഹരമായ ഒരു വിശുദ്ധനിമിഷം.
വലിയ പ്രതിസന്ധിക്കിടയിലും ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് സംയമനം പാലിക്കുക. ഇതു മറ്റൊരു വിശുദ്ധനിമിഷം.
നല്ല ഉഷാർ തോന്നാത്ത അവസരത്തിലും ഏറ്റവും നല്ല സ്വഭാവരീതി കാഴ്ചവയ്ക്കുക. ഇതും ഒരു വിശുദ്ധനിമിഷം.
നമ്മുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനു നല്ല പ്ലാൻ ഉണ്ടെന്നതു നന്ദിയോടെ അനുസ്മരിച്ച് അതിൽ വിശ്വാസമർപ്പിക്കുക. ഇതും അപൂർവ വിശുദ്ധനിമിഷം.
മാത്യു കെല്ലി അവതരിപ്പിച്ചിരിക്കുന്ന ലിസ്റ്റ് ഇിവിടെ അവസാനിക്കുകയാണ്. ഈ ഉദാഹരണങ്ങൾ നമ്മുടെ ജീവിതത്തിലും വിശുദ്ധനിമിഷങ്ങൾ സൃഷ്ടിക്കാൻ നമ്മെ സഹായിക്കുമെന്നു തീർച്ചയാണ്.
നമ്മുടെ ജീവിതത്തിൽ വിശുദ്ധനിമിഷങ്ങൾ സൃഷ്ടിക്കാൻ നാം ബോധപൂർവം ശ്രമിക്കുന്പോൾ നാം വിശുദ്ധിയിൽ വളരും. അതുപോലെ നാം പാപത്തിൽനിന്നകലുകയും ചെയ്യും. അപ്പോൾ വിശുദ്ധിയിലുള്ള നമ്മുടെ വളർച്ച വീണ്ടും മെച്ചപ്പെടും. നമ്മുടെ ജീവിതത്തിൽ വിശുദ്ധനിമിഷങ്ങൾ സൃഷ്ടിച്ചുകൊണ്ട് അനുദിനം വിശുദ്ധിയിൽ നമുക്കു വളരാൻ ശ്രമിക്കാം. അപ്പോൾ നമ്മുടെ ജീവിതം ഏറെ സമാധാനപൂർണവും സംതൃപ്തവുമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിശുദ്ധനിമിഷങ്ങൾ പിറക്കട്ടെ!
12:55 AM Apr 07, 2019 | Deepika.com