ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ പ്രശസ്തമായ ദേശീയ ഉദ്യാനമാണ്സെ റാനിയ ഡെല മകറേന. പാറക്കെട്ടുകളും പുൽമേടുകളും ആമസോണ് മഴക്കാടുമൊക്കെ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു പ്രദേശമാണിത്. ഈ ദേശീയ ഉദ്യാനത്തിന്റെ നടുവിൽ ലോകത്ത് മറ്റെങ്ങുമില്ലാത്ത ഒരു മാന്ത്രിക കാഴ്ച പ്രകൃതി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അഞ്ചു നിറങ്ങളിൽ ഒഴുകന്ന ഒരു നദി. ചെറിയ വെള്ളച്ചാട്ടങ്ങളും പാറ ഇടുക്കുകളുമൊക്കെ താണ്ടി ഏകദേശം നൂറു കിലോമീറ്ററോളം ഒഴുകുന്ന ഈ നദിയുടെ പേര് കാനോ ക്രിസ്റ്റാലെസ് എന്നാണ്.
അഞ്ചു നിറങ്ങളുടെ നദി, മഴവിൽ ദ്രാവകം എന്നൊക്കെ അറിയപ്പെടുന്ന ഈ നദി പറുദീസയിൽനിന്ന് ഭൂമിയിലേക്ക് ഒഴുകുന്നു എന്നാണ് ഈ നാട്ടുകാരുടെ വിശ്വാസം. വർഷത്തിന്റെ ആദ്യമാസങ്ങളിൽ വനത്തിനുള്ളിലെ മറ്റേതൊരു നദിയേപ്പോലെ തന്നെ ക്യാനോ ക്രിസ്റ്റെയ്ൽസും ഒഴുകും. മഴ തുടങ്ങുന്ന ജൂലൈ മാസമാകുന്നതോടെ ഈ നദിക്ക് വിവിധ വർണങ്ങൾ കൈവരും. പിങ്ക്, മഞ്ഞ, ചുവപ്പ്, നീല, ഓറഞ്ച് തുടങ്ങിയ പല നിറങ്ങൾ നദിയുടെ അങ്ങിങ്ങായി കാണപ്പെടും. പ്രകൃതി തന്നെയാണ് ഈ നദിയെ ഇങ്ങനെ അണിയിച്ചൊരുക്കുന്നത്.
ഈ നദീ തടത്തിലെ പാറക്കെട്ടുകളിൽ മകരീന ക്ലാവിഗേര എന്നു പേരുള്ള അപൂർവയിനം ചെടികൾ വളരുന്നുണ്ട്. ജനുവരി മുതൽ ജൂലൈവരെയുള്ള മാസങ്ങളിൽ ഇവയ്ക്ക് പച്ച നിറമാണ്. മഴ തുടങ്ങുന്പോഴേക്കും ഇവയിൽ ചെറിയ പൂക്കളുണ്ടാകും. വ്യത്യസ്ത നിറത്തിലുള്ള ഈ പൂക്കളാണ് നദിക്ക് മഴവിൽ അഴക് നൽകുന്നത്. നദിക്കടിയിലെ ഈ പാറക്കെട്ടുകൾ 1700 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മനോഹരമായ ഈ നദിയെക്കുറിച്ച് ലോകം അറിഞ്ഞിട്ട് ഏതാനും വർഷങ്ങൾ മാത്രമെ ആയിട്ടുള്ളു.1989 ൽ ഒരു കൊളംബിയൻ മാധ്യമ പ്രവർത്തകനാണ് ഈ നദിയെക്കുറിച്ചുള്ള വാർത്തകൾ ആദ്യം പുറത്തുവിട്ടത്. പിന്നീട് ലഹരി കടത്തുകാരെ പേടിച്ച് 2009 വരെ ഈ ദേശീയ ഉദ്യാനത്തിലേക്കുള്ള പ്രവേശനം കൊളംബിയൻ സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം.
റോസ് മേരി ജോൺ
അഞ്ചു നിറമുള്ള നദി
10:39 AM Mar 24, 2019 | Deepika.com