മുസ്ലിം ഭരണാധികാരിയുടെ പേരിലുള്ള കത്തോലിക്ക ദേവാലയം! അദ്ഭുതപ്പെടേണ്ട, "ദ ചർച്ച് ഒാഫ് പീയേത്ത'യാണ് അക്ബറിന്റെ ദേവാലയമായി അറിയപ്പെടുന്നത്. ഡൽഹിക്കടുത്ത് ആഗ്രയിലാണ് മുഗൾ ഭരണാധികാരിയായിരുന്ന അക്ബറിന്റെ പേരിലുള്ള കത്തോലിക്കാ ദേവാലയം സ്ഥിതിചെയ്യുന്നത്. എല്ലാ മതങ്ങളോടും ബഹുമാനമുണ്ടായിരുന്ന ആളായിരുന്നു അക്ബർ ചക്രവർത്തി. മുസ്ലിമായിരുന്നെങ്കിലും താൻ പരിചയപ്പെട്ടിട്ടുള്ള മതങ്ങളിൽനിന്നെല്ലാമുള്ള ആശയങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം ദീൻ-ഇലാഹി എന്നൊരു മതവും ഉണ്ടാക്കിയിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങൾ തന്റെ അധീനതയിലാക്കിക്കൊണ്ടിരുന്ന അക്ബർ അന്ന് ഗോവയിലുണ്ടായിരുന്ന പോർച്ചുഗീസുകാരെക്കുറിച്ച് അറിഞ്ഞു. പോർച്ചുഗീസുകാർക്കൊപ്പം മതപരമായ കാര്യങ്ങൾക്കായി നിരവധി ജസ്യൂട്ട് വൈദികരും അന്ന് ഗോവയിൽ താമസിച്ചിരുന്നു.
ക്രിസ്തു മതത്തെക്കുറിച്ച് അറിയാൻ തനിക്ക് താത്പര്യമുണ്ടെന്നും അതിനായി കുറച്ച് ജസ്യൂട്ട് വൈദികരെ ഡൽഹിയിലേക്ക് അയക്കണമെന്നും അക്ബർ പോർച്ചുഗീസ് ഗവർണറോട് ഉത്തരവിട്ടു. അക്ബറിന്റെ ഉത്തരവ് പ്രകാരം ഗവർണർ മൂന്ന് വൈദികരെ അക്ബറിന്റെ കൊട്ടാരത്തിലേക്ക് അയച്ചു. ഇവർ മൂന്നുവർഷം അക്ബറിനൊപ്പം താമസിച്ചു. ഇവരുടെ പഠനങ്ങളിലും അറിവിലും ആകൃഷ്ടനായ അക്ബർ ആഗ്രയിൽ ഒരു കത്തോലിക്ക ദേവാലയം നിർമിക്കാൻ ഇവരെ അനുവദിച്ചു.
ദേവാലയ നിർമാണത്തിനാവശ്യമായ എല്ലാ സഹായവും അക്ബർ നേരിട്ടുതന്നെ ചെയ്തുകൊടുത്തു. അങ്ങനെ ആഗ്രയിലെ ആദ്യ കത്തോലിക്ക ദേവാലയം ഒരു മുസ്ലിം ഭരണാധികാരിയുടെ പേരിൽ 1598ൽ സ്ഥാപിതമായി. എല്ലാ വർഷവും ക്രിസ്മസ് ദിനത്തിൽ അക്ബർ കുടുംബസമേതം പുൽക്കൂടും മറ്റ് അലങ്കാരങ്ങളും കാണുവാൻ ഈ ദേവാലയത്തിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജഹാംഗീറും ഈ പതിവ് തുടർന്നു. എന്നാൽ ഇടയ്ക്ക് അദ്ദേഹം പോർച്ചുഗീസുകാരുമായി പിണങ്ങുകയും ജസ്യൂട്ട് വൈദികരെ തടവിലാക്കുകയും ചെയ്തു. 1653ൽ ജഹാംഗീറിന്റെ മകൻ ഷാജഹാൻ ഈ പള്ളി പൊളിച്ചുമാറ്റുകയും പകരം ജസ്യൂട്ട് വൈദികരെ മോചിപ്പിക്കുകയും ചെയ്തു. എന്നാൽ പിറ്റേവർഷം തന്നെ ഷാജഹാൻ ദേവാലയം പുനർനിർമിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം യുദ്ധത്തിൽ കേടുപാടുകൾ വന്ന ദേവാലയം പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കിയത് യൂറോപ്യൻ പട്ടാളക്കാരനായിരുന്ന വാൾട്ടർ റെയ്ൻഹാർട്ടാണ്.
1769ലാണ് ദേവാലയം പുതുക്കിപ്പണിതത്. വർഷമിത്ര കഴിഞ്ഞിട്ടും ദേവാലയത്തിന്റെ പേരിന് മാറ്റമൊന്നും സംഭവിച്ചില്ല. അക്ബർ ചക്രവർത്തിയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന്റെ സാക്ഷ്യമായി ഇപ്പോഴും ആഗ്രയിൽ ഈ ദേവാലയമുണ്ട്.
"ദ ചർച്ച് ഓഫ് പീയേത്ത' അഥവ അക്ബറിന്റെ ദേവാലയം
03:23 AM Mar 17, 2019 | Deepika.com