മറ്റു പക്ഷികളെ അപേക്ഷിച്ച് കാക്കകൾ അതീവ ബുദ്ധിമാൻമാരാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ പഠനങ്ങളെ ഒന്നുകൂടെ ശരിവയ്ക്കുകയാണ് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോയിലെ കാക്കകൾ. ആകാശംമുട്ടുന്ന കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഒരു നഗരമാണ് ടോക്കിയോ. ഇവിടെ അപൂർവമായി മാത്രമെ മരങ്ങൾ കാണാൻ കഴിയു. ഈ നഗരത്തിൽ കാണപ്പെടുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് കാക്ക.
നമ്മുടെ നാട്ടിൽ കോഴിമുട്ടയും മുറ്റത്ത് ഉണക്കാൻ വച്ചിരിക്കുന്ന കൊപ്രയുമൊക്കെയാണ് കാക്ക അടിച്ചുകൊണ്ടുപോകുന്നതെങ്കിൽ ഇവിടത്തെ കാക്കൾ മോഷ്ടിക്കുന്നത് ടെറസിൽ തുണി വിരിച്ചിട്ടിരിക്കുന്ന ഹാങ്ങറുകളാണ്. കാക്കകൾക്ക് എന്തിനാണ് ഹാങ്ങറുകൾ? ചോദ്യത്തിന് ഉത്തരം അറിയണമെങ്കിൽ ഈ നഗരത്തിലെ മരങ്ങളിലേക്ക് നോക്കിയാൽ മതിയാകും. അവയുടെ ചില്ലകളിൽ ഉള്ള കാക്കക്കൂടുകളെല്ലാം ഉണ്ടാക്കിയിരിക്കുന്നത് ഹാങ്ങറുകൾ കൊണ്ടാണ്. ഒറ്റ നോട്ടത്തിൽ കൊച്ചി ബിനാലെയിലെ ഏതോ കലാകാരന്റെ കലാവിരുതുപോലെ തോന്നും ഈ കാക്കക്കൂടുകൾ.
ഹാങ്ങറുകൾ വളരെ മനോഹരമായി പരസ്പരം കൊരുത്താണ് ഓരോ കാക്കക്കൂടും ഒരുക്കിയിരിക്കുന്നത്. തങ്ങൾക്ക് കൂടുണ്ടാക്കാൻ പ്രകൃതിദത്തമായ വസ്തുക്കളൊന്നും കിട്ടാതെ വന്നതോടെയാണ് കൂടുണ്ടാക്കാൻ കാക്കകൾ ഹാങ്ങറുകൾ മോഷ്ടിക്കാൻ തുടങ്ങിയത്. ധാരാളം ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളുമൊക്കെയുള്ള ടോക്കിയോയിൽ ഹാങ്ങറുകൾക്കു വലിയ ക്ഷാമമില്ല താനും.
ഹാങ്ങർ മോഷ്ടാക്കൾ!
02:45 AM Mar 10, 2019 | Deepika.com