മഡ്ഗാവ്
ട്രെയിനില്‍ ഗോവയിലേക്ക് വിരുന്നെത്തുന്നവരുടെ കവാടമാണ് മഡ്ഗാവ് റെയില്‍വേ സ്റ്റേഷന്. സാല് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഗോവയിലെ ഏറ്റവും പഴക്കം ചെന്ന ടൗണുകളിലൊന്നുകൂടിയാണ് മഡ്ഗാവ്. ഇവിടെനിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള ബെനൗലിം ബീച്ചാണ് മഡ്ഗാവിലെ പ്രധാന ആകര്‍ഷണം.
പനാജി
ഗോവയുടെ തലസ്ഥാനമാണ് പനാജി. സലിം അലി പക്ഷി സങ്കേതം പനാജിയിലെ ചോറ ഗ്രാമത്തിലാണുള്ളത്. മിറാമ, ബംബോലിം, ഡോണാ പൗലാ എന്നിവ പനാജിക്ക് സമീപത്തുള്ള ബീച്ചുകളാണ്. സീസണുകളില്‍ രാത്രിവൈകിയും ഈ ബീച്ചുകള്‍ സജീവമായിരിക്കും.
ഫോര്‍ട്ട് അഗാഡ
കണ്ഡോലിം പട്ടണത്തിന്റെ സമീപത്തായാണ് ഫോര്‍ട്ട് അഗാഡ കോട്ട സ്ഥിതിചെയ്യുന്നത്. പോര്‍ച്ചുഗീസുകാരാണ് ഇതു പണികഴിപ്പിച്ചത്. ഫോര്‍ട്ട് അഗാഡയും അതിന്റെ വിളക്കുമാടവും സഞ്ചാരികള്‍ക്കെന്നും കണ്കുളിര്ക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
വാസ്കോ
വാസ്കോ ഗോവയിലെ പ്രധാനപ്പെട്ട നഗരമാണ്. ഉറക്കമില്ലാത്ത നഗരമെന്നാണ് വാസ്കോ അറിയപ്പെടുന്നത്. രാത്രി വൈകിയും ഇവിടെ വ്യാപാര ശാലകള്‍ തുറന്നിട്ടിരിക്കും.
ഓള്‍ഡ് ഗോവ
ചരിത്രപ്രധാനമായ നഗരമാണ് ഓള്‍ഡ് ഗോവ. 15-ാം നൂറ്റാണ്ടില്‍ ബീജാപൂര്‍ സുല്ത്താന്മാരാണ് ഈ നഗരം പണികഴിപ്പിച്ചത്. പുരാതനമായ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇവിടെ കാണാം. ഫ്രാന്‍സിസ് സേവ്യര്‍ പുണ്യാളന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ബോം ജീസസ് ബസലിക്കയുള്ളത് ഓള്‍ഡ് ഗോവയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കത്രീഡലായി അറിയപ്പെടുന്ന സേ കത്രീഡല്‍ ഇതിനടുത്തു തന്നെയാണുള്ളത്.
അഞ്ജുന ബീച്ച്
വടക്കന്‍ ഗോവയ്ക്ക് പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ അകലെയാണ് അഞ്ജുന ബീച്ചുള്ളത്. 30കിലോമീറ്ററിലധികം നീളത്തിലാണ് ബീച്ച് പരന്ന് കിടക്കുന്നത്. തീരത്ത് കറുത്ത മണലും പാറക്കെട്ടുകളുമുള്ള പ്രദേശം കൂടിയാണ് അഞ്ജുന ബീച്ച്.
ബാഗാ ബീച്ച്
പനാജിയില്‍ നിന്ന് 15കിലോമീറ്റര്‍ അകലെയാണ് ബാഗാ ബീച്ച്. ബാഗാ ബീച്ചിലെ വാട്ടര്‍ സ്പോര്‍ട്സ് സന്ദര്‍ശകരുടെ പ്രിയപ്പെട്ട വിനോദമാണ്. പാരാസെയിലിംഗ്, വിന്റ് സര്‍ഫിംഗ്, വേക്ക് ബോര്‍ഡിംഗ്, ബൈക്ക് സര്‍ഫിംഗ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബോട്ട് ട്രിപ്പുകളും ദ്വീപ് യാത്രകളും ഡോള്‍ഫിന്‍ ചാട്ടവും ആസ്വദിക്കാം. മസാജ്, സ്പാ തുടങ്ങിയവയ്ക്കുള്ള നിരവധി പാര്‍ലറുകളും ടാറ്റു പാര്‍ലറുകളും ഇവിടെയുണ്ട്.
ഗോവയിലേക്ക് എങ്ങനെ എത്താം
ഗോവയില്‍ പോകാന്‍ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗം ട്രെയിനാണ്. എറണാകുളത്ത് നിന്ന് പ്രതിവാര പ്രതിദിന ട്രെയിനുകള്‍ ലഭ്യമാണ്. ഗോവയില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള സ്റ്റേഷന് മഡ്ഗാവാണ്.
ചുറ്റിക്കറങ്ങാന്‍ കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് സ്കൂട്ടറുകളും കാറുകളും ഗോവയിൽ ലഭ്യമാണ്. സ്കൂട്ടറിന് 250മുതല്‍ 350വരെയും കാർ 800മുതലും വാടകയ്ക്കു ലഭ്യമാണ്.
ഓണ്‍ലൈന്‍ വഴി ബഡ്ജറ്റ് അനുസരിച്ചുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ ലോഡ്ജുകളും ഹോസ്റ്റലുകളും ലഭ്യമാണ്.
എറണാകുളത്തുനിന്ന് എന്‍എച്ച് 66 ലൂടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗളൂരു, ഉടുപ്പി, കാര്‍വാര്‍ വഴി ഗോവയിലെത്താം. 760 കിലോമീറ്റര്‍ ദൂരം. തിരുവനന്തുപുരത്തുനിന്ന് 960 കിലോമീറ്റര്‍ ദൂരം.