മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ ബാറുംവരെ ഇന്ന് ഇഷ്ട ലൊക്കേഷനുകളാണ്.
വിവാഹത്തിനു ദിവസങ്ങൾ മുൻപ് തന്നെ വാതിൽപ്പുറ ചിത്രീകരണം പലരും തുടങ്ങും. വ്യത്യസ്ത ഗെറ്റപ്പുകളിലും വേഷങ്ങളിലും ഒരു സിനിമാ ഷൂട്ടിംഗ് പോലെയാണ് ഭൂരിഭാഗവും വീഡിയോകൾ എടുക്കുന്നത്. അതിസന്പന്നരാണ് വരനും വധുവും എങ്കിൽ ഷൂട്ടിംഗ് ലൊക്കേഷനുകളും വസ്ത്രധാരണ രീതികളും മാറും. ഇന്ത്യയിലെയും വിദേശങ്ങളിലെയും ടൂറിസ്റ്റ് സ്പോട്ടുകൾ നോക്കി ഇവർ പറക്കും. ഗോവയും മാലിദ്വീപും ഇപ്പോൾ പ്രിയ ലൊക്കേഷനുകളാണ്.
മറുവശം
നഗരങ്ങളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലും ഇപ്പോൾ തരംഗമാവുകയാണ് ഇത്തരം ഇന്റിമേറ്റ് വീഡിയോകൾ. വിവാഹംപോലെ ഒൗട്ട്ഡോർ ഷൂട്ടിംഗും ഇന്നു മാമാങ്കം ആകുന്പോൾ വെട്ടിലാകുന്നത് സാധാരണക്കാരായ അച്ഛനമ്മമാരാണ്. കടം വാങ്ങിയും വസ്തു വിറ്റും സ്വന്തം മക്കളുടെ അഭിമാനം സംരക്ഷിക്കുകയാണ് ഇവർ. ഒരു സ്റ്റാറ്റസ് സിംബലായും പലരും പ്രീമാര്യേജ് ആഘോഷങ്ങളെ കണക്കാക്കുന്നു. ഇത്തരം വാതിൽപ്പുറ ചിത്രീകരണം നടത്തിയില്ലെങ്കിൽ വിവാഹം പൂർണമാകില്ല, അല്ലെങ്കിൽ സമൂഹത്തിനു മുന്നിൽ തങ്ങളുടെ വില നഷ്ടപ്പെടുന്നു എന്നുള്ള ചിന്തയും അടുത്തകാലത്തായി വളർന്നുവരുന്നു. പൊതുസമൂഹത്തിനും ബന്ധുക്കൾക്കും മുന്നിൽ ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ച് ഇഴുകിച്ചേരുന്ന രംഗങ്ങളിൽ അഭിനയിക്കുവാൻ താത്പര്യം ഇല്ലാതിരുന്ന ചില യുവതികളും ഇപ്പോൾ നാടോടുന്പോൾ നടുവേ എന്ന രീതി സ്വീകരിക്കുകയാണ്. കൂട്ടുകാരുടെ വിവാഹങ്ങൾക്കു വളരെ കളർഫുൾ ആയ വീഡിയോ പ്രദർശിപ്പിക്കുന്പോൾ തങ്ങൾക്കും അതുപോലെ വേണം എന്നു പുതിയ തലമുറ ആഗ്രഹിക്കുന്നു.
ഞെട്ടിത്തെറിക്കുന്ന സമൂഹം
ചില വിവാഹമണ്ഡപങ്ങളിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ കണ്ട് തൊലിയുരിഞ്ഞ് പോകുന്നുവെന്നു പറയുന്ന ഒട്ടേറെ മുതിർന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രായമായവർക്കും മക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം ഇരുന്ന് ഇത്തരം രംഗങ്ങൾ കാണുവാൻതന്നെ കഴിയില്ല എന്ന് ഇവർ പറയുന്നു.
തലസ്ഥാനത്തെ ഒരു വന്പൻ ഹാളിൽ കഴിഞ്ഞയാഴ്ച നടന്ന വിവാഹത്തിൽ മുതിർന്ന മകന്റെ ഒപ്പം പങ്കെടുത്ത റിട്ടയേഡ് സർക്കാർ സ്കൂൾ അധ്യാപിക പറഞ്ഞത് തൊട്ടുമുന്നിലെ സ്ക്രീനിൽ ഇങ്ങനെയുള്ള ദൃശ്യങ്ങൾ കണ്ടപ്പോൾ തന്റെ കൈകാലുകൾ വിറയ്ക്കുകയായിരുന്നുവെന്നാണ്. മകന്റെ മുഖത്തുപോലും നോക്കുവാൻ കഴിയാതെ വിഷമിച്ചുപോയി എന്നും അവർ പറഞ്ഞു.
അടുത്ത നാളുകളായി മണവാളനും മണവാട്ടിയും പരസ്പരം പുണരുന്നതും മുഖമുരസുന്നതുമായ സീൻ നീണ്ടു നീണ്ട് പോകുന്നുവെന്ന് ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നു.
ചില വർത്തമാന തമാശകൾ
ഇതുമായി ബന്ധപ്പെട്ട് വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ധാരാളം തമാശകളും കൗണ്ടറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.മോന്റെ ഒൗട്ട്ഡോർ വെഡിംഗ് ഷൂട്ട് കുടുംബസമേതം കാണുന്ന അമ്മ, ചെറിയമ്മ, അമ്മായി എന്നുള്ള അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത് ഒരു പഴയ സിനിമാ ക്ലിപ്പിംഗ് ആണ്. താടിക്കു കൈകൊടുത്ത് അദ്ഭുതപ്പെട്ടു നില്ക്കുന്ന പോസിലാണ് അമ്മനടി.ഇനി വൈക്രോ മിനി ഷോട്സ് ധരിച്ച നവവധുവിനെ എടുത്തുയർത്തുന്ന വരന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് കേൾക്കൂക...
ഒരു വെഡിംഗ് ഇൻവിറ്റേഷൻ കിട്ടിയിട്ടുണ്ട്. എന്തായാലും പോകണം. ബാക്കി അവിടെ കാണുവാൻ പറ്റുമായിരിക്കും.
വിവാദങ്ങളും ന്യായവാദങ്ങളും
ഒരു നവവരന്റെയും വധുവിന്റെയും ഗ്ലാമർ രംഗങ്ങൾ വൈറലായതിനെത്തുടർന്നു പുതിയ ചില വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നിരുന്നു. ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും തയാറാക്കുന്ന സ്ക്രിപ്റ്റും നിർദേശങ്ങളും അനുസരിച്ച് പാവം ദന്പതിമാർ നിർബന്ധിക്കപ്പെടുകയാണ് എന്നുള്ള വിമർശനമാണ് പൊങ്ങിവന്നത്. എന്നാൽ വിവാഹ പാക്കേജുകൾക്ക് അനുസരിച്ച് തങ്ങൾ പ്രവർത്തിക്കുക മാത്രമാണെന്നു പ്രഫഷണൽ വിവാഹ ഫോട്ടോ-വീഡിയോഗ്രാഫർമാർ പറയുന്നു. നിലവിൽ ഉള്ള തീം സാക്ഷാത്കരിക്കുന്ന ജോലി മാത്രമാണ് തങ്ങൾ നിർവഹിക്കുന്നത് എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ ഫേസ്ബുക്കിൽനിന്നുംഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പകർത്തി ചിലർ വൈറൽ ആക്കുകയാണെന്നും അവർ വാദിക്കുന്നുണ്ട്.
വളരെ ഗ്ലാമറസായും സാഹസികമായും ഷൂട്ട് നടത്തണമെന്ന് ആവശ്യപ്പെടുന്ന യുവതീയുവാക്കൾ ഉണ്ടെന്നും വിവാഹ കവറേജ് നടത്തുന്നവർക്കു പറയുവാനുണ്ട്.
മുന്നിൽ തുറക്കുന്നു ഒരു ദൃശ്യലോകം
വിവാഹപൂർവ ചിത്രങ്ങളുടെ വിശദവിവരങ്ങളും ക്ലിപ്പുകളും ഇന്റർനെറ്റിൽ ഇന്നു ലഭ്യമാണ്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പും ഫോട്ടോ ആൽബങ്ങളും വീഡിയോകളും നല്കും. റൊമാന്റിക്, ക്രിയേറ്റീവ് അങ്ങനെ പല വിഭാഗങ്ങൾ ഉണ്ട്.
ഗിറ്റാർ മീട്ടുന്ന നവവരന്റെ സംഗീതത്തിനൊപ്പം ലയിക്കുന്ന നവവധുവിന്റെ കാല്പനിക വീഡിയോ മുതൽ നീന്തൽ വസ്ത്രമണിഞ്ഞ കപ്പിളിന്റെ ദൃശ്യംവരെ നീളുന്നു ചിത്രങ്ങൾ. സിനിമകളിലെ റൊമാന്റിക് രംഗങ്ങളെ അനുകരിച്ചും ഒരു പടി കടന്നും വളരെ ഭംഗിയായി ചിത്രീകരിക്കുന്ന വീഡിയോകൾ സുലഭമാണ്. ഒരു തീം അനുസരിച്ച് ചിത്രീകരിച്ചവയും കാണാം. ഉദാഹരണമായി കൈയിൽ റോസാപുഷ്പവുമായി റോഡരികിൽ വരനെ കാത്തുനില്ക്കുന്ന വധു. വരൻ വൈകുന്പോൾ ഉണ്ടാകുന്ന അവളുടെ മുഖത്ത് തെളിയുന്ന വിരഹാർദ്രത. കാറിൽ വന്നെത്തുന്ന വരനെ കാണുന്പോൾ യുവവധുവിന്റെ പരിഭവങ്ങൾ. ഒടുവിൽ യുവതിക്കു മുന്നിൽ മുട്ടുകുത്തിയിരുന്നു ക്ഷമയാചിക്കുന്ന യുവാവ്. അയാൾ നീട്ടുന്ന ചുവന്ന റോസാപൂവ് പ്രണയപൂർവം വാങ്ങി ഓമനിക്കുന്ന വധു. ഇങ്ങനെ പോകും ക്രിയേറ്റീവ് ഷൂ്ട്ടുകൾ.
ബിക്കിനി ധരിച്ചിരിക്കുന്ന വധുവും ബെർമുഡയിൽ ഇരിക്കുന്ന വരനും പരസ്യമായി ബിയർ കഴിക്കുന്ന ചിത്രവും തെരഞ്ഞെടുപ്പ് ലിസ്റ്റിൽ ഉണ്ട്. പ്രീ-പോസ്റ്റ് വെഡിംഗ് ഐഡിയാസ്, ട്രെൻഡ്സ്, പോസസ് എന്നിവയിൽ ആകാശത്ത് പറന്നു നടക്കുന്ന ദന്പതിമാരുടെ ചിത്രങ്ങളും റോഡിൽ ട്രാഫിക് ബ്ലോക്കുണ്ടാക്കി പരസ്പരം ചുംബിക്കുന്ന യുവമിഥുനങ്ങളുടെ ഫണ്ണി പോസുകളും ഉൾപ്പെടും.
ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ അഡ്വഞ്ചറസായ ആരാധകർക്കുവേണ്ടി ഒരുക്കുന്നുണ്ട്. കന്പിയിൽ തൂങ്ങി മരിച്ച് നില്ക്കുന്ന വരനെ കണ്ട് വാ പൊത്തിനില്ക്കുന്ന വധുവിന്റെ ചിത്രവും ഇതിൽപ്പെടും. സ്പോർട്സ് ബൈക്കുകളിൽ ചീറിപ്പായുവാൻ താത്പര്യമുള്ളവർക്ക് അങ്ങനെ, കുതിരസവാരിയെങ്കിൽ ആവിധം കുതിരപ്പുറത്ത് കുതിച്ചു പായുന്ന സീൻ മാതൃകയാക്കാം. ഇനി വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യുന്ന കൂൾ പ്രീ വെഡിംഗ് വീഡിയോഗ്രഫിയും റെഡി.
ലോകത്തിലെതന്നെ മനോഹരങ്ങളായ ഉദ്യാനങ്ങൾ, കടൽത്തീരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഷൂട്ടിംഗ് സ്ഥലങങൾ ദന്പതിമാരുടെ സമാഗമത്തിനുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഷൂട്ടിംഗിന്റെ സൗന്ദര്യ-സാങ്കേതിക വശങ്ങൾ തുടങ്ങിയവ വിശദമാക്കുന്ന വീഡിയോകളും സഹായത്തിനെത്തുന്നു.
(തുടരും)
എസ്. മഞ്ജുളാദേവി
ഒൗട്ട്ഡോർ ലൊക്കേഷൻ
12:33 PM Dec 09, 2019 | Deepika.com