ഭക്ഷണരീതികളുമായി വളരെ ബന്ധപ്പെുകിടക്കുന്ന രോഗാവസ്ഥകളിലൊന്നാണ് ദന്തക്ഷയം. ആധുനിക ഭക്ഷണരീതികളിൽ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങൾ കൂടുതലായതിനാൽ ദന്തക്ഷയസാധ്യത കൂടുന്നു. ഇതോടൊപ്പം കൃത്യമായ ദന്തശുചീകരണ രീതികളും ഉപാധികളും ഇല്ലാതാകുന്പോൾ പോടുകൾ കൂടുന്നു.
പ്രധാനമായും രണ്ടുതരത്തിലാണ് പോടുകൾ കണ്ടുവരുന്നത്.
1. ഉപരിതലത്തിൽ (പല്ലുകളുടെ മുകളിൽ)
2. ഇടഭാഗത്ത് (രണ്ടു പല്ലുകളുടെ ഇടയിൽ)
പല്ലിന്റെ ഉപരിതലത്തിൽ ചെറിയ കുഴികൾ സ്വാഭാവികമായും ഉള്ളതാണ്. കുട്ടികളുടെ പല്ലുകളിൽ ഈ കുഴികൾ ആഴംകൂടിയതായതിനാൽ ഭക്ഷണം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് കുട്ടികളിൽ ദന്തക്ഷയം അധികമായി കാണുന്നത്. ഈ പ്രശ്നത്തിന് ഫലപ്രദമായ പ്രതിരോധചികിത്സകൾ ആവശ്യാനുസരണം ലഭ്യമാണ്.
1. പിറ്റ് ആൻഡ് ഫിഷർ സീലിംഗ്: കുഴികൾ ഒരു ലാമിനേറ്റിംഗ് മെറ്റീരിയൽ ഉപയോഗിച്ചു സീൽ ചെയ്യുന്നതുവഴി പോടിനുള്ള സാധ്യത ഗണ്യമായി കുറയുന്നു. പാൽപ്പല്ലുകൾ മുതൽ ഇത് ചെയ്യാവുന്നതാണ്. എന്നാൽ നിർബന്ധമായും സ്ഥിരദന്തങ്ങളിൽ ആറാമത്തെ വയസിലുണ്ടാകുന്ന അണപ്പല്ലുകൾക്കും പതിമൂന്നാമത്തെ വയസിൽ ഉണ്ടാകുന്ന അണപ്പല്ലുകൾക്കും ഈ ചികിത്സ ചെയ്തിരിക്കണം.
2. ഫ്ളൂറൈഡ് ആപ്ലിക്കേഷൻ: ഫ്ളൂറൈഡ് ജെൽ ഒരു പ്രത്യേക ട്രേയിൽ നിശ്ചിത സമയത്തേക്ക് ഉപയോഗിച്ചു നടത്തുന്ന ചികിത്സയാണ്. പോട് വരാതിരിക്കാൻ എന്തുചെയ്യണം എന്ന ചോദ്യത്തിന് ഈ ചികിത്സ ഉത്തരമാണ്.
സാധാരണ ചോദിക്കുന്നതും ചിന്തിക്കുന്നതുമായ മറ്റൊരു ചോദ്യമാണ് പേ--ാട് പാരന്പര്യമായി വരുന്ന രോഗമാണോ എന്ന്. പോട് പാരന്പര്യമായി വരാനുള്ള സാധ്യത കുറവാണ്. കാരണം ഇതൊരു ജീവിതശൈലി രോഗമാണ്.
പോട് വന്ന പല്ലുകൾ എടുത്തുകളഞ്ഞാൽ പോരേ? ഇത് മറ്റൊരു സംശയമാണ്. ഒരുകാരണവശാലും മതിയായ കാരണങ്ങളില്ലാതെ പല്ല് എടുത്തുകളയാൻ പാടില്ല. പ്രാരംഭഘട്ടത്തിൽതന്നെ കണ്ടുപിടിച്ചാൽ നൂറുശതമാനം ഫലവത്തായ ചികിത്സവഴി ചെറിയ ചെലവിൽ ജീവിതകാലം മുഴുവൻ പല്ലുകളെ നിലനിർത്താൻ സാധിക്കും.
പോടുകൾ ആഴത്തിലെത്തി രക്തക്കുഴലുകളെയും ഞരന്പുകളെയും ബാധിക്കുന്പോഴാണ് റൂട്ട് കനാൽ ചികിത്സപോലുള്ള ചികിത്സ നടത്തേണ്ടതായി വരുന്നത്.
ശ്രദ്ധിക്കുക:
1. പോടുകൾ വരാതിരിക്കാൻ ജീവിതശൈലി മാറ്റാനും ഭക്ഷണശൈലി, ശുചീകരണശൈലി എന്നിവ കൃത്യമായ രീതിയിൽ ശീലിക്കാനും ശ്രദ്ധിക്കുക.
2. പല്ല് തേയ്ക്കുന്ന രീതി ശരിയായി പഠിക്കുക. കൃത്യമായി ചെയ്യുക. ശുചീകരണ ഉപാധികൾ ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കുക.
3. വർഷത്തിൽ രണ്ടുതവണ ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. ആവശ്യമെങ്കിൽ എക്സ്റേ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.
4. ചെറിയ പ്രശ്നങ്ങൾപോലും ഉദാ: പുളിപ്പ്, പല്ലിനിടയിൽ ഭക്ഷണം കയറുക എന്നിവ കാര്യമായി പരിഗണിച്ചു ഡോക്ടറെ കാണിക്കുക..
ചെറിയ പ്രായംമുതൽ മോണരോഗങ്ങൾ വരാതെ കരുതേണ്ടത് ആവശ്യമാണ്. പല്ലിന് പോട് വന്നാൽ അടച്ചാൽ മതി. പക്ഷേ, മോണയുടെ ബലം നഷ്ടപ്പെട്ടാൽ അത് പല്ലിന് എല്ലുമായുള്ള ഉറപ്പിനെ ബാധിക്കുന്നു. ഈ അവസ്ഥ കൂടുതൽ കുഴപ്പങ്ങളിലേക്ക് എത്തിച്ചേരും. ഇളക്കം ഒരു പരിധിക്ക് അപ്പുറം ആയാൽ പല്ലുകൾ എടുത്തുകളയുക അല്ലാതെ വേറെ വഴിയില്ല. അടിത്തറ ബലമുള്ളതാണെങ്കിൽ മാത്രമേ അതിന് മുകളിലുള്ള പല്ലുകൾ ബലമായി നിൽക്കുകയുള്ളൂ.
പണ്ടുകാലത്ത് പല്ലുകൾക്ക് പ്രശ്നം കുറവായിരുന്നു. മോണരോഗങ്ങൾ കുറവായിരുന്നു. ഇതിനു കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണശൈലിയും ആയിരുന്നു. അന്പതു വർഷത്തിനുള്ളിൽ കേരളീയരുടെ ഭക്ഷണസംസ്കാരത്തിൽ ഉണ്ടായ മാറ്റം കണക്കിലെടുത്താൽ ഇത് മനസിലാക്കാം. ആധുനിക ഭക്ഷണസംസ്കാരത്തിന് ആധുനിക സംവിധാനത്തിലുള്ള ദന്തശുചീകരണ ഉപാധികൾ ആവശ്യമാണ്.
ബ്രഷും പേസ്റ്റും നിർബന്ധമായും ഉപയോഗിക്കുന്നതിനൊപ്പം ഇത് എങ്ങനെ തെരഞ്ഞെടുക്കണം, ഏതുരീതിയിൽ ഉപയോഗിക്കണം എന്നുകൂടി മനസിലാക്കണം. ആദ്യം മാതാപിതാക്കൾ ഇതു പഠിക്കണം. അപ്പോൾ ശരിയായ രീതിയിൽ വായ വൃത്തിയാക്കേണ്ടത് എങ്ങനെയെന്നു കുികൾക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കും.
മോണരോഗം തുടക്കഘട്ടം:
* മോണയിൽനിന്നു രക്തം വരുന്നത്
- മോണയ്ക്കിടയിൽ, പല്ലിനിടയിൽ ഭക്ഷണം കയറി ഇരിക്കുന്നതു മൂലം.
ഈ തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കണ്ട് പ്രശ്നം മനസിലാക്കി ആവശ്യാനുസരണം ചികിത്സ ലഭ്യമാക്കണം.
* നിരതെറ്റിയ പല്ലുകൾ കൃത്യമാക്കാൻ ചികിത്സചെയ്യുന്നത് മോണരോഗം
ഉണ്ടാകാതിരിക്കാൻ സഹായിക്കും.
* പല്ലുതേക്കുന്നതിന് അമിതമായ ശക്തി കൊടുത്താൽ മോണ താഴേക്കു വലിയുകയും മോണരോഗത്തിന് കാരണമാവുകയും ചെയ്യും.
* മോണരോഗം ഉള്ളവർക്ക് പ്രമേഹവും പ്രമേഹം ഉള്ളവർക്ക് മോണരോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
* ഹൃദ്രോഗങ്ങളും മോണരോഗങ്ങളും തമ്മിൽ ബന്ധമുണ്ട്. മോണയിൽ പഴുപ്പ്, കുറ്റിപ്പല്ലുകൾ എന്നിവ രക്തത്തിൽ രോഗാണുബാധയ്ക്ക് സാധ്യത കൂട്ടുന്നു.
പ്രതിരോധമാണു ചികിത്സ
* മോണരോഗം പ്രതിരോധിക്കാൻ കൃത്യമായ ഭക്ഷണക്രമവും ആവശ്യമായ ദന്തപരിചരണവും നിത്യ ശീലമാക്കുക. വർഷത്തിൽ രണ്ടുതവണ ദന്തഡോക്ടറെ കണ്ട് മോണ, വായ, പല്ല് പരിശോധിപ്പിക്കുക. ആവശ്യമെങ്കിൽ ക്ലീനിംഗ് നടത്തുക.
* മോണരോഗം ഉണ്ടെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന ചികിത്സ -
രോഗത്തിന്റെ സ്റ്റേജ് അനുസരിച്ച് ക്ലീനിംഗ്, ഡീപ്പ് ക്ലീനിംഗ്, ക്യൂറജ്േ, ഫ്ളാപ്പ് സർജറി, ബോണ് ഗ്രാഫ്റ്റിംഗ് എന്ന ക്രമത്തിൽ ഡോക്ടറുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ നടത്തുക.
* ഏതു തരത്തിലുള്ള ചികിത്സ നടത്തിയാലും കൃത്യമായി തുടർന്നു പരിരക്ഷിക്കാൻ സാധിച്ചാൽ മാത്രമേ പ്രയോജനം ഉണ്ടാകൂ.
* പരിശോധനയ്ക്ക് ആവശ്യമായ എക്സ്റേയും രക്തപരിശോധനയും ഡോക്ടറുടെ നിർദേശത്തിൽ നടത്തണം.
എല്ലാ ദിവസവും ഇടവിടാതെ ചൂടും തണുപ്പും എരിവും പുളിയും കട്ടിയുള്ളതും പറ്റിപ്പിടിക്കുന്നതുമായ എന്തൊക്കെ ആണ് നാം കഴിക്കുന്നത്. ഇതിന് ഉപയോഗിക്കുന്ന പല്ല്, മോണ, എല്ലുകൾ എന്നിവയുടെ സംരക്ഷണം ആവശ്യമല്ലേ? ജീവിതകാലം മുഴുവൻ ഈ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ഇവയെ നിലനിർത്താൻ ശ്രദ്ധിക്കണം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ് 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com
ആധുനിക ഭക്ഷണരീതിയും ദന്തരോഗങ്ങളും
03:25 PM Nov 27, 2019 | Deepika.com