മൊബൈൽ, ഡോർ ഹാൻഡ്, കംപ്യൂട്ടർ മൗസ്, കീ ബോർഡ്, ഫോണ് റിസീവർ തുടങ്ങിയവ രോഗാണുക്കളുടെ വാസകേന്ദ്രമാണ്. നേരിട്ടു കാണാനാകാത്തവിധം വലുപ്പക്കുറവുളള രോഗാണുക്കൾ സ്പർശനത്തിലൂടെ കൈകളിലെത്തുന്നു. കൈ സോപ്പിട്ടു കഴുകാതെ ഹസ്തദാനം നടത്തുന്പോൾ ഇത്തരം അണുക്കൾ മറ്റുളളവരിൽ എത്തുന്നു.എച്ച്1 എൻ1, നിപ്പ വൈറസ് പനി പോലെയുളള പനികളുടെ അണുക്കളും നാമറിയാതെ മറ്റുളളവർക്കു കൈമാറാനിടയാകുന്നു
ആവർത്തിക്കരുതേ
കൈകളിലേക്കു തുമ്മുന്ന ശീലമുളളവർ ധാരാളം. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായയിലും വിരൽ കൊണ്ടു സ്പർശിക്കുന്ന ദുഃശീലമുളളവരും ഏറെ. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്പോൾ കൈകൾ കൊണ്ടു മറച്ചുപിടിക്കുന്നവരുമുണ്ട്. മൂക്കു വൃത്തിയാക്കിയശേഷം കൈകൾ കഴുകാതെ തങ്ങളുടെ ജോലികളിൽ ഒന്നുമറിയാത്തതുപോലെ മുഴുകുന്നവർ ധാരാളം. ഇതെല്ലാം തെറ്റായ ശീലങ്ങളാണ്.
കൈകളിലേക്കു തുമ്മിയാൽ...
കൈകളിലേക്കു ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈകൾ സോപ്പും (ഹാൻഡ് വാഷ് പോലെയുളള മറ്റ്് അണുനാശിനികളോ) വെളളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കണം. കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കാനിടയായാലും അപ്രകാരം ചെയ്യുക. എല്ലായ്പോഴും കൈയിൽ തൂവാല ഒപ്പം കരുതുക. തൂവാല ഇല്ലാത്ത അവസരങ്ങളിൽ തുമ്മൽ വന്നാൽ കൈമടക്കുകളിലേക്കോ വസ്ത്രഭാഗങ്ങളിലേക്കോ തുമ്മാം. പക്ഷേ, വെളളവും സോപ്പും ലഭ്യമാകുന്ന ഇടമെത്തിയാൽ കഴുകാൻ മറക്കരുത്. അതു മറക്കുന്പോഴാണ് മറ്റുളളവരിലേക്കു രോഗമെത്തുന്നതിന്റെ കണ്ണിയായി നമ്മൾ മാറുന്നത്.
മുൻകരുതൽ
പല രോഗങ്ങളും പകരുന്നത് മുൻകരുതലുകൾ അവഗണിക്കുന്പോഴാണ്്. രോഗികളെ പരിചരിക്കുന്നതു മഹത്തരം. പക്ഷേ, അതിനുശേഷം കൈകൾ അണുനാശിനി ഉപയോഗിച്ചു കഴുകാൻ മറന്നാലോ? രോഗം നമ്മളിലെത്തും, പിന്നെ മറ്റുപലരിലുമെത്തും. നിപ്പ, എച്ച്1എൻ1 പോലെയുളള പനികൾ മറ്റുളളവരിലേക്കു പകരുന്നതിന്റെ കാരണങ്ങളിലൊന്ന് രോഗിയുമായി സന്പർക്കം പുലർത്തിയശേഷം സോപ്പിട്ടു കൈ കഴുകാതെ പെരുമാറുന്നതാണ്.
ആഹാരം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുന്പും പിന്പും കൈകൾ സോപ്പും വെളളവുമുപയോഗിച്ചു ശുചിയാക്കുക. ഹസ്തദാനത്തിനു ശേഷവും വാതിൽപ്പിടി പോലെ പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷവും കൈ സോപ്പുപയോഗിച്ചു കഴുകണം
വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും അയൽക്കൂട്ടങ്ങളിലും ക്ലബുകളിലുമൊക്കെ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ശുചിമുറികളിലും പൊതു കക്കൂസുകളിലും ബാത്ത്റൂമുകളിലും ഹാൻഡ് വാഷും വെളളവും ഉണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ രാഷ്്ട്രീയ പാർട്ടികൾക്കും സന്നദ്ധ സംഘടനകൾക്കും സർക്കാരിനും യോജിച്ചു പ്രവർത്തിക്കാം.
കൈകളുടെ വൃത്തി പ്രധാനം
രോഗങ്ങൾ പിടിപെടാതിരിക്കുന്നതിനും രോഗം പകരാതിരിക്കുന്നതിനും കൈ കഴുകുന്ന ശീലം സഹായകം. ശുചിത്വക്കുറവു മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ലോകത്ത് കോടിക്കണക്കിനു ജനങ്ങളെ ബാധിക്കുന്നുവെന്നു കണക്കുകൾ. കൈകളുടെ ശുചിത്വക്കുറവു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ ഏറെ കൂടുതലാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ഉപദ്രവകാരികളായ സൂക്ഷ്മാണുക്കൾ സ്പർശനത്തിലൂടെ മറ്റുളളവരിലേക്കു വ്യാപിക്കുന്നുണ്ട്. ചില രോഗങ്ങളുടെ ആക്രമണം മനുഷ്യനു തടയാനാകും; പ്രതിരോധത്തിനുളള പ്രഥമ മാർഗമാണ് കൈകളുടെ വൃത്തി ഉറപ്പുവരുത്തുക എന്നത്്.
ശ്രദ്ധ പുലർത്തേണ്ടവർ
നാമെല്ലാവരും ശ്രദ്ധിക്കണം. ആഹാരം പാകംചെയ്യുന്നവർ, ആഹാരപദാർഥങ്ങൾ പായ്ക്കു ചെയ്യുകയും വിളന്പുകയും ചെയ്യുന്നവർ, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ഏറെ കരുതൽ പുലർത്തണം. പക്ഷേ, ആരോഗ്യപ്രവർത്തകർ പോലും പലപ്പോഴും കൈകളുടെ ശുചിത്വത്തിനു വേണ്ടത്ര പ്രാധാന്യം നല്കാറില്ല.
അതിന് അവർ സാധൂകരണങ്ങൾ നിരത്താറുണ്ട്.. ജോലിത്തിരക്ക്, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്പോൾ ഉണ്ടാകുന്ന സമയനഷ്ടം, കൈകളിൽ കാണത്തക്കവിധം അഴുക്കുകൾ ഇല്ല എന്നു ചിലർക്കെങ്കിലുമുളള മിഥ്യാധാരണ, ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുന്നത് ചർമാരോഗ്യത്തെ ബാധിക്കും എന്ന മട്ടിലുളള ആശങ്കകൾ.
ആൽക്കഹോൾ സാന്നിധ്യമുള്ള ഹാൻഡ് റബ്ബുകളും കൈ വൃത്തിയാക്കാൻ ഉപയോഗിക്കാമെന്ന് നിപ്പാ വൈറസ് പ്രതിരോധ നിർദേശങ്ങളിൽ നിർദേശമുണ്ട്.
കൈ കഴുകേണ്ടതെപ്പോൾ
കൈകളിൽ അഴുക്കു പുരണ്ടാൽ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. രോഗികളെ പരിചരിക്കുന്നവർ നിർബന്ധമായും കൈകൾ കഴുകേണ്ട സാഹചര്യങ്ങൾ നിരവധിയാണ്. രക്തം പുരളുക, രോഗിയുടെ ഏതെങ്കിലും തരത്തിലുള്ള സ്രവങ്ങൾ കൈകളിൽ പുരളുക, രോഗിയുടെ വിസർജ്യങ്ങൾ ശേഖരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കുന്നതിലേർപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിൽ കൈ അണുനാശകസ്വഭാവമുളള ഹാൻഡ്് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. ആഹാരം കഴിക്കുന്നതിനു മുന്പ് കൈകൾ ഹാൻഡ് വാഷ് പുരട്ടി കഴുകണം. മലമൂത്രവിസർജ്ജനത്തിനു ശേഷവും കൈ ഹാൻഡ്് വാഷ് പുരട്ടി
കഴുകുക.
കൈ കഴുകേണ്ടത് എങ്ങനെ?
കൈകഴുകി എന്നു പറഞ്ഞിട്ടു കാര്യമില്ല, കഴുകേണ്ട രീതിയിൽ തന്നെ കഴുകിയോ എന്നതാണു പ്രധാനം. മോതിരം ധരിച്ചിട്ടുണ്ടെങ്കിൽ ഉൗരിമാറ്റുക. കൈകൾ ഇളം ചൂടുവെളളമുപയോഗിച്ചു നനയ്ക്കുക. സോപ്പോ ഹാൻഡ് വാഷോ കൈവെളളയിൽ പുരട്ടുക. കൈകൾ തമ്മിലുരസി സോപ്പ് പതയ്ക്കുക. വിരലുകളിലും കൈയുടെ എല്ലാ വശങ്ങളിലും സോപ്പ് തേച്ചു പിടിപ്പിക്കുക.വിരൽമടക്കുകളും കൈയുടെ പിൻഭാഗവും വൃത്തിയാക്കുക. തളളവിരലിനും ചൂണ്ടുവിരലിനുമിടയ്ക്കുളള ഭാഗം വൃത്തിയാക്കുക. വിരൽത്തുന്പുകൾ കൈപ്പടത്തിലുരസി നഖത്തിനിടയിലുളള അഴുക്കു കളയുക. ഇളം ചൂടുവെളളമുപയോഗിച്ച് ഇരുകൈകളും നന്നായി കഴുകുക. ഉണക്കി വൃത്തിയാക്കിയ ടവ്വൽ ഉപയോഗിച്ച് ഇരു കൈകളും തുടയ്ക്കുക. ടവ്വൽ ഉപയോഗിച്ചു തന്നെ ടാപ്പ് അടയ്ക്കുക. കൈകൾ സോപ്പുപയോഗിച്ചു കഴുകാൻ 15 സെക്കൻഡ്് സമയമെങ്കിലും എടുക്കുക.
കൈകളുടെ വൃത്തി ഉറപ്പു വരുത്തുന്നതിലൂടെ ബാക്ടീരിയയെ അകറ്റി നിർത്താനാകുമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.
കൈ കഴുകി രക്ഷപ്പെടാം!
03:32 PM Nov 02, 2019 | Deepika.com