ഒരു ബാങ്ക് അക്കൗണ്ടിന്റെ കഥ. എല്ലാ ദിവസവും ഈ ബാങ്കിലേക്ക് 86,400 രൂപ വരും. അന്നത്തെ ആവശ്യത്തിന് ആ തുക വിനിയോഗിക്കാം. തുക വിനിയോഗിച്ചാലും ഇല്ലെങ്കിലും അർധരാത്രിക്ക് ആ തുക അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമാകും. അടുത്തനിമിഷം വീണ്ടും 86,400 രൂപ അക്കൗണ്ടിലേക്ക് വരും. ബുദ്ധിപൂർവം ഈ തുക ഉപയോഗിച്ചാൽ അതുവഴിയായി വലിയ നേട്ടങ്ങൾ നേടാനാവും. അല്ലെങ്കിലോ ആ തുക വെറുതേ നഷ്ടമായിപ്പോവുകയും ചെയ്യും.
ഈ അക്കൗണ്ടിന്റെ ഒരു പ്രത്യേകത അത് ഏതു നിമിഷവും അപ്രത്യക്ഷമാകാം എന്നുള്ളതാണ്. എന്നാൽ സാധാരണയായി എഴുപതോ എൺപതോ തൊണ്ണൂറോ അതിലധികമോ വർഷങ്ങൾ ഈ അക്കൗണ്ട് പ്രവർത്തനക്ഷമമായിരിക്കും. ഒരിക്കൽ ഈ അക്കൗണ്ട് നിലച്ചുപോയാൽ പിന്നീടതു പുനർജീവിപ്പിക്കാനാവില്ല എന്ന മറ്റൊരു പ്രത്യേകതയും ഈ അക്കൗണ്ടിനുണ്ട്.
ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടാണ് നമുക്കുള്ളതെങ്കിൽ നാം എങ്ങനെയായിരിക്കും നമ്മുടെ അക്കൗണ്ട് കൈകാര്യം ചെയ്യുക? തീർച്ചയായും ഒരുരൂപ പോലും നഷ്ടമാകാതെ ഓരോ ദിവസവും നമ്മുടെ അക്കൗണ്ടിലുള്ള തുക നാം വിനിയോഗിക്കില്ലേ? എന്നാൽ ഇങ്ങനെയൊരു അക്കൗണ്ട് നമുക്കുണ്ട് എന്നതു നാം മറന്നുപോകരുത്. പ്രത്യേകിച്ചും 2018-നോട് നാം വിടപറഞ്ഞു പുതിയൊരു വർഷത്തിലേക്കു നാം പ്രവേശിക്കുന്പോൾ.
നമുക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകമായിട്ടുള്ള ഈ അക്കൗണ്ടിൽ 86,400 രൂപ ഉണ്ടായിരിക്കുകയില്ല. എന്നാൽ അത്രയും സെക്കന്‍ഡുകൾ ഓരോ ദിവസവും നമ്മുടെ അക്കൗണ്ടിലുണ്ടായിരിക്കും. ആ സെക്കന്‍ഡുകൾ നാം ബോധപൂർവം ഉപയോഗിച്ചാലും ഇല്ലെങ്കിലും അവ ഓരോ നിമിഷവും ഒന്നിനു പിറകേ ഒന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കും. എന്നാൽ അടുത്ത ദിവസവും അത്രയും സെക്കന്‍ഡുകൾ നമുക്കു വീണ്ടും ലഭിക്കും എന്ന ഒരു ആശ്വാസമുണ്ട്. പക്ഷേ, അതിനും തീർച്ചയില്ല എന്ന ഒരു യാഥാർഥ്യമുണ്ട്. കാരണം, നമ്മുടെ ഈ അക്കൗണ്ട് ഏതു നിമിഷവും അവസാനിക്കാവുന്ന ഒന്നാണ്.
നാം പറഞ്ഞുവരുന്നത് നമ്മുടെ സമയത്തിന്റെ അക്കൗണ്ടിനെക്കുറിച്ചാണല്ലോ. പണത്തിന്റെ ഒരു അക്കൗണ്ട് നമുക്ക് ഏതെങ്കിലും ബാങ്കിലുണ്ടെങ്കിൽ അത് ഏറെ ശ്രദ്ധയോടെയായിരിക്കുകയില്ലേ നാം കൈകാര്യം ചെയ്യുക? കാരണം, നമ്മുടെ പണം നഷ്ടപ്പെടാതിരിക്കണമെന്നു നമുക്ക് എപ്പോഴും ഏറെ നിർബന്ധമുണ്ട്. എന്നാൽ, നമ്മുടെ പണത്തിന്റെ അക്കൗണ്ടിനെക്കാൾ ഏറെ പ്രധാനപ്പെട്ടതാണു നമ്മുടെ സമയത്തിന്റെ അക്കൗണ്ട് എന്നതല്ലേ യാഥാർഥ്യം?
നഷ്ടപ്പെട്ടുപോയ പണം നമുക്ക് വീണ്ടെടുക്കാൻ സാധിച്ചുവെന്നിരിക്കും. എന്നാൽ, സമയത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. ഒരിക്കൽ നമുക്ക് നഷ്ടപ്പെടുന്ന നമ്മുടെ സമയം വീണ്ടെടുക്കാവുന്ന ഒന്നല്ല. ആ നഷ്ടം നിത്യമായിട്ടുള്ള നഷ്ടമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സമയത്തിന്റെ വിലയെക്കുറിച്ച് എപ്പോഴും നമുക്ക് നല്ല അവബോധം വേണം.
ഇക്കാര്യത്തിൽ നമുക്ക് വലിയ പോരായ്മയുള്ളതുകൊണ്ടല്ലേ നമ്മുടെ വിലപ്പെട്ട സമയം നാം പലപ്പോഴും പാഴാക്കിക്കളയുന്നത്? അതുകൊണ്ടുതന്നെയല്ലേ നമ്മുടെ വിലപ്പെട്ട സമയം തെറ്റായ കാര്യങ്ങൾക്കും അപ്രസക്തമായ കാര്യങ്ങൾക്കും ഉപയോഗിക്കാൻ നാം തയാറാകുന്നത്? നമ്മെ കടന്നുപോകുന്ന 2018-ലേക്ക് തിരിഞ്ഞുനോക്കിയാൽ ഇതുപോലുള്ള എത്രയോ അവസരങ്ങൾ നമുക്കു കാണാനാവും.
തെറ്റായ കാര്യങ്ങൾക്കും അപ്രസക്തമായ കാര്യങ്ങൾക്കുമൊക്കെ വേണ്ടി നമ്മുടെ സമയം കഴിഞ്ഞവർഷം നാം വെറുതേ കളഞ്ഞിട്ടുണ്ടെങ്കിൽ അതേക്കുറിച്ചു തീർച്ചയായും നാം മനഃസ്തപിക്കണം. അതുപോലെതന്നെ പുതുവർഷത്തിൽ ഈ തെറ്റ് നാം ആവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയുംവേണം. എങ്കിൽ മാത്രമേ നമ്മുടെ സമയത്തിന്റെ വിനിയോഗം വഴി ജീവിതത്തിൽ വിവിധ നേട്ടങ്ങൾ നേടുന്നതിന് നമുക്കു ഭാവിയിൽ സാധിക്കുകയുള്ളൂ.
നമ്മുടെ ജീവിതത്തിലെ സമയത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിൽ നമുക്ക് ബുദ്ധിമുട്ടുണ്ടോ? എങ്കിൽ ഒരു സെക്കൻഡ് വ്യത്യാസത്തിനു വലിയൊരു ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഒരാളോടു ചോദിച്ചാൽ മതി. അല്ലെങ്കിൽ കാൻസർമൂലം മരണം കാത്തുകിടക്കുന്ന ഒരു ചെറുപ്പക്കാരനോട് ചോദിച്ചാൽ മതി.
അതുമല്ലെങ്കിൽ ഒരു മിനിറ്റിന്റെ വ്യത്യാസത്തിനു പ്ലെയിൻ യാത്രയോ ട്രെയിൻ യാത്രയോ മുടങ്ങിയവരോടു ചോദിച്ചാൽ മതിയാവും. പാഞ്ഞുവരുന്ന ഒരു വെടിയുണ്ടയുടെ മുൻപിലാണ് നാമെങ്കിൽ അവിടെ ഒരു സ്പ്ലിറ്റ് സെക്കൻഡ് പോലും വിലപ്പെട്ടതാണ്. കാരണം, ആ സ്പ്ലിറ്റ് സെക്കൻഡിന്റെ വ്യത്യാസത്തിലായിരിക്കും നമ്മുടെ ജീവൻ നിലനിൽക്കുകയോ അവസാനിക്കുകയോ ചെയ്യുക.
സമയത്തിന്റെ വിലയെയും പ്രാധാന്യത്തെക്കുറിച്ചും നമുക്ക് അത്ര വലിയ സംശയം ഉണ്ടാവാനിടയില്ല. എന്നാൽ നമ്മുടെ സമയം ശരിയായി വിനിയോഗിക്കുന്ന കാര്യം വരുന്പോഴാണ് നമുക്ക് പ്രശ്നങ്ങളുണ്ടാകുന്നത്. അതിന്റെ കാരണം അലസതയും സുഖലോലുപതയും അതുപോലുള്ള നമ്മുടെ മറ്റു ബലഹീനതകളുമാണ്. അതുകൊണ്ടുതന്നെ അവയോടുള്ള പോരാട്ടംവഴിയായി മാത്രമേ നമ്മുടെ സമയത്തിന്റെ ശരിയായ വിനിയോഗത്തിൽ നാം വിജയിക്കുകയുള്ളൂ.
2019 നമ്മെ സംബന്ധിച്ചിടത്തോളം സമയത്തിന്റെ വില മനസിലാക്കി നാം പ്രവർത്തിക്കുന്ന ഒരു വർഷമാക്കി നമുക്കു മാറ്റാം. അങ്ങനെ നമുക്ക് ചെയ്യാൻ സാധിച്ചാൽ നമ്മുടെ സമയത്തിന്റെ അക്കൗണ്ടിൽ നമുക്ക് നഷ്ടങ്ങളൊന്നുമുണ്ടാവില്ല. എന്നുമാത്രമല്ല, അതുവഴിയായി നമ്മുടെ ജീവിതത്തിൽ നാം വൻവിജയങ്ങൾ നേടുകയും ചെയ്യും. എല്ലാവർക്കും പുത്തനാണ്ടിന്റെ മംഗളങ്ങൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സമയത്തിന്റെ വില മനസിലാക്കി ജീവിക്കാം
01:33 AM Dec 30, 2018 | Deepika.com