""കാന്‍സറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്. ഒരു കാന്‍സര്‍ വാര്‍ഡില്‍ നിങ്ങള്‍ക്ക് ചിരി വരികയില്ല. പുരികം ഇല്ലാത്ത, കണ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങള്‍, കുട്ടികള്‍, ഹതാശമായ നോട്ടങ്ങള്‍, അടക്കിയ കണ്ണുനീര് ... കാന്‍സര്‍ വന്നവരെക്കാള്‍ അവരെ സ്നേഹിക്കുന്നവരുടെ സങ്കടം ആണ് കൂടുതല്‍ ഉലയ്ക്കുക ''-
അഷിത
(മരണത്തിനു മുന്‍പ് കുറിച്ച ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്...)
ഈ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുത്തുകാരി അഷിത പറയും പോലെ ഒരു ഉരുള്‍പൊട്ടല്‍ പോലെയാണ് കാന്‍സര്‍ വന്നു പതിക്കുന്നത്, എല്ലാവരിലും. തീരെ നിനച്ചിരിക്കാതെ എപ്പോഴോ അവരറിയുന്നു...അവര്‍ കാന്‍സര്‍ രോഗികളാണെന്ന്...
അതോടെ എല്ലാം കീഴ്മേല്‍ മറിയുന്നു. ജീവിതം പുതിയ വഴിയിലേക്ക് ഗതിമാറുന്നു. കരയാത്തവര്‍ വരെ കരയുന്നു. ലോകത്തെ മറ്റെന്നത്തേക്കാളും സ്നേഹിക്കാന്‍ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ സാധിക്കുന്നു...
കാന്‍സറിനെതിരേ യുദ്ധം പ്രഖ്യാപിക്കാന്‍ ശക്തന്റെ തട്ടകം ധൈര്യം കാണിക്കുകയാണിപ്പോള്‍.
കാന്‍ തൃശൂര്‍ എന്നാല്‍....
തൃശൂര്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിലാണ് കാന്‍സറിനെതിരേ കാന്‍ തൃശൂര്‍ എന്ന ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത കാന്‍സര്‍ നിയന്ത്രണ പരിപാടിയാണിത്. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാന്‍ തൃശൂര്‍ പ്രധാനമായും തൃശൂര്‍ ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം കണ്ടെത്തുകയാണ് ചെയ്യുന്നത്.
കാന്‍ തൃശൂരിലൂടെ തൃശൂര്‍ ജില്ലയിലെത്ര കാന്‍സര്‍ ബാധിതരുണ്ടെന്ന് കണ്ടെത്തുന്നതിനോടൊപ്പം കാന്‍സറിന്റെ ലക്ഷണങ്ങള്‍ വഹിക്കുന്ന വ്യക്തികളെ നേരത്തെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.
കാന്‍ തൃശൂര്‍ ലക്ഷ്യമിടുന്നത്..
ഭവനസന്ദര്ശനത്തിലൂടെയുള്ള സര്‍വേ വഴി കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ചും കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനായുള്ള പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് കാന്‍ തൃശൂര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
കാന്‍സറിന്റെ ലക്ഷണങ്ങളുള്ള വ്യക്തികളെ കാലേകൂട്ടി കണ്ടെത്തി രോഗനിര്‍ണയം വേഗത്തിലാക്കുകയും ചികിത്സിക്കുകയും ചെയ്യുക എന്നതിലൂടെ രോഗപ്രതിരോധത്തിന് വഴിയൊരുക്കാനും കാന്‍ തൃശൂര്‍ സഹായിക്കുന്നു.
നിലവിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ പ്രവൃത്തികള്‍ ശക്തിപ്പെടുത്തുക. രോഗനിര്‍ണയം നടത്തിയവര്‍ക്ക് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കാന്‍സര്‍ പരിശോധന സൗകര്യവും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കുകയും ഉറപ്പാക്കുകയും ചെയ്യുക. ചികിത്സ തേടുന്ന അര്‍ബുദ രോഗികള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയെല്ലാം കാന്‍ തൃശൂര്‍ ലക്ഷ്യമിടുന്നു.
രോഗികളോടും രോഗത്തോടുമുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയെന്നതും കാന്‍ തൃശൂരിന്റെ ബോധവത്കരണ പരിപാടികളില്‍ പ്രധാനമാണ്.
കൃത്യമായ ചോദ്യാവലി
അച്ചടിച്ച ചോദ്യാവലിയുടെ സഹായത്തോടെ പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ ഓരോ വീട്ടിലും ചെന്ന് വീട്ടുകാരുമായി സംസാരിച്ചാണ് കാന്‍ തൃശൂരിന്റെ പ്രധാനപ്പെട്ട വിവരശേഖരണം നടത്തുന്നത്. ഓരോ വീട്ടിലേയും ആളുകളുമായി സംസാരിച്ച് അവരില്‍ രോഗലക്ഷണങ്ങളോ സംശയങ്ങളോ ഉള്ളവരെ രോഗസ്ഥിരീകരണത്തിനായി സ്ഥിരീകരണ ക്യാമ്പിലേക്ക് എത്തിക്കുകയെന്ന പ്രധാനപ്പെട്ട വലിയ ദൗത്യമാണ് ചെയ്യുന്നത്.
ചോദ്യാവലിയില്‍ സ്ത്രീകളോടു മാത്രമുള്ള ചില ചോദ്യങ്ങളുണ്ട്. വീട്ടിലുള്ളവരുമായി അഭിമുഖം നടത്തി രോഗലക്ഷണങ്ങളോ സംശയങ്ങളോ ഉള്ളവരെ രോഗസ്ഥിരീകരണത്തിനായി കണ്ടെത്തുകയെന്ന നടപടിയാണ് ആദ്യം ചെയ്യുക. ഇത്തരത്തില്‍ കാന്‍സറിന്റെ സംശയലക്ഷണങ്ങളുള്ളവരെ രോഗ സ്ഥിരീകരണ പരിശോധന ക്യാമ്പിലേക്ക് എത്തിക്കുകയെന്നതും വലിയ ദൗത്യമാണ്.
ക്യാമ്പുകള്‍
രോഗലക്ഷണങ്ങളുള്ളവരെയോ സംശയം തോന്നുന്നവരേയോ രോഗസ്ഥിരീകരണ പരിശോധന ക്യാമ്പില്‍ വിശദമായി പരിശോധിച്ച് രോഗനിര്‍ണയം നടത്താന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തന്നെയുണ്ട്. ഗൈനക്കോളജിസ്റ്റുകളും ദന്തരോഗ വിദഗ്ധരും ഇ.എന്‍.ടി സര്ജനുമടക്കമുള്ള മെഡിക്കല്‍ ടീം ക്യാമ്പിലെത്തുന്നവരെ വിശദമായി പരിശോധിക്കും.
അര്‍ബുദ രോഗ ലക്ഷണം കണ്ടെത്തിയാല്‍...
ആദ്യഘട്ടത്തില്‍ നടത്തുന്ന പരിശോധനയില്‍ അര്‍ബുദ രോഗലക്ഷണം കണ്ടെത്തിയാല്‍ രോഗസ്ഥിരീകരണത്തിനായി രണ്ടാംഘട്ട പരിശോധന സംവിധാനത്തിലേക്ക് അയയ്ക്കും. ഈ ഘട്ടത്തില്‍ കാന്‍സര്‍ രോഗചികിത്സാവിദഗ്ധര്, പാത്തോളജിസ്റ്റ്, ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം വിവിധ പരിശോധനകള്‍ നടത്തും. തുടര്‍ന്നാണ് രോഗസ്ഥിരീകരണം നടത്തുക. ഇതിനായി മാമോഗ്രാം, ബയോപ്സി, സ്കാനിംഗ്, എക്സ് റേ, എഫ്.എന്‍.എ.സി, പാപ്സ്മിയര്‍ ടെസ്റ്റുകള്‍, മറ്റ് അനുബന്ധ പരിശോധനകള്‍ എന്നിവ സൗജന്യമായി ചെയ്തു കൊടുക്കും. വിവിധ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. രോഗം കണ്ടെത്തുന്നവര്‍ക്ക് നിലവിലുള്ള സംവിധാനം ഉപയോഗിച്ച് തുടര്‍ ചികിത്സയും നല്‍കും.
കാലവും സമയവും
സെപ്റ്റംബര്‍ എട്ടിന് സര്‍വേ നടപടികള്‍ ആരംഭിച്ച് മുന്നേറുകയാണ്. ഈ മാസം 28ന് സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതോടൊപ്പം രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് സ്ക്രീനിംഗ് ക്യാമ്പുകള്‍ ആരംഭിക്കും. നവംബറോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെലവ്...
2019 - 20, 2020 - 21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന കാന്‍ തൃശൂര്‍ പരിപാടിക്ക് 2019 - 20 സാമ്പത്തിക വര്‍ഷം 1,29,70,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ അഞ്ച് ലക്ഷം ജില്ലാ പഞ്ചായത്തും 68,80,000 രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും 21,70,000 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 19,20,000 രൂപ നഗരസഭ വിഹിതവും 15,00,000 രൂപ ആരോഗ്യവകുപ്പിന്റെ വകുപ്പുതല ഫണ്ടുമാണ്.
2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 688 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.
വിദഗ്ധര്‍ക്ക് പരിശീലനം
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതലത്തില്‍ ഉള്ള പരിശീലനം പൂര്‍ത്തിയായി. ഓരോ ബ്ലോക്ക്തലത്തില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മൂന്നുപേര്‍ക്കും നഗരസഭകളില്‍ നിന്നു രണ്ടുപേര്‍ക്കുമാണ് പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച വിദഗ്ധര്‍ ബ്ലോക്ക് നഗരസഭ കേന്ദ്രീകരിച്ച് ജീവനക്കാര്‍ക്കും സര്‍വേയ്ക്കായി നിയോഗിച്ച വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്കി.
സ്ക്രീനിംഗ് ക്യാമ്പുകള്‍
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ സ്ക്രീനിംഗ് ക്യാമ്പുകള്‍ പരിശോധന ആവശ്യമുള്ളവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തും. രണ്ടാം ഘട്ടം ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നടത്തുക. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ രോഗ സ്ഥിരീകരണ സംവിധാനങ്ങളും രോഗചികിത്സ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ഒന്നാം ഘട്ടത്തിലെ സ്ക്രീനിംഗ് സ്ഥിരീകരണ ക്യാമ്പുകള്‍ തുടരുകയും ചെയ്യും.
എല്ലാ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലും മാമോഗ്രാം പരിശോധന സംവിധാനം, എല്ലാ ബ്ലോക്ക്തല ആരോഗ്യസ്ഥാപനങ്ങളിലും വരെ എഫ്.എന്‍.എ.സി പരിശോധന സംവിധാനവും ഉറപ്പാക്കും. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗചികിത്സയ്ക്കുള്ള കൊബാള്‍ട്ട് യൂണിറ്റ് ഉള്‍പ്പെടെ വിപുലമായ കിടത്തി ചികിത്സാ സൗകര്യവും ഉറപ്പാക്കും.
സര്‍വേ പുരോഗമിക്കുമ്പോള്‍ തെളിയുന്നത്....
സര്‍വേ പുരോഗമിക്കുമ്പോള്‍ വളരെ നല്ല സഹകരണമാണ് തൃശൂര്‍ ജില്ലയിലുള്ളവരുടേതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജനങ്ങള്‍ ഈ സര്‍വേയുമായി സഹകരിക്കുമോ എന്ന ആശങ്ക ആദ്യമുണ്ടായിരുന്നുവെങ്കിലും അത് വെറുതെയാണെന്ന് ബോധ്യമായെന്നും സര്‍വേ നടത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ജില്ലയിലെ മൊത്തം ജനസംഖ്യയില്‍ ഒരു ശതമാനത്തിന് കാന്‍സര്‍ ലക്ഷണസംശയങ്ങള് ഉണ്ടെന്നാണ് സര്‍വേ പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന സൂചന. ഇവരെയെല്ലാം അടുത്ത ഘട്ടത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗസ്ഥിരീകരണം നടത്തും.
സ്ത്രീകള്‍ക്കാണ് രോഗലക്ഷണസംശയങ്ങള് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. കുട്ടികളിലും രോഗലക്ഷണസംശയങ്ങള് കാണുന്നുണ്ട്.
സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങളെല്ലാം അതീവരഹസ്യമായി സൂക്ഷിക്കും. രോഗബാധിതരുടെ വിവരങ്ങളും പുറത്തുവിടില്ല.
കാന്‍സറെന്ന മഹാവ്യാധിക്കെതിരെ തൃശൂര്‍ പോരാട്ടം തുടരുമ്പോള്‍ ഈയിടെ നമ്മെ വിട്ടുപോയ അഷിതയുടെ വാക്കുകള്‍ പോരാട്ടത്തിന് വീര്യം പകരുന്നു...
ഋഷി
പോരാട്ടം കാന്‍സറിനോട്
12:06 PM Sep 27, 2019 | Deepika.com