പെർത്ത്: ജിബി ജോയി ആർമഡെയിൽ മജിസ്ട്രേറ്റ് മുന്‍പാകെ ’ജസ്റ്റിസ് ഓഫ് പീസ്’ ആയി ചുമതലയേറ്റു. വെസ്റ്റേണ്‍ ഓസ്ട്രേലിയൻ ഗവണ്മെന്റിലെ ധനമന്ത്രി ഡോ: ടോണി ബൂട്ടിയാണ് ജിബിയെ ’ജെപി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന "ജസ്റ്റിസ് ഓഫ് പീസ് ' ആയി നാമനിർദ്ദേശം ചെയ്തത്.
സംസ്ഥാന ഗവർണർ നിയമിക്കുന്ന ഈ തസ്തിക പോലീസും, കോടതിയുമായും ബന്ധപ്പെട്ട് ചെയ്യുന്ന നിരവധി ചുമതലകളുണ്ട്. പോലീസിന് ഭവന പരിശോധനയ്ക്കും മറ്റുമുള്ള അനുമതി നൽകുക, ജാമ്യാപേക്ഷയിൽ ഒപ്പുവയ്ക്കുക ഇതെല്ലാം ഇവയിൽ ചിലതാണ്.
വർഷങ്ങളായി ഓസ്ട്രേലിയയിലെ തെരുവുകളിൽ അശരണരും, ഭവനരഹിതരും ആയിട്ടുള്ളവരെ സഹായിക്കുന്ന ’സ്ട്രീറ്റ് ചാപ്ലയിൻ’ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനം, വിവിധ സാമൂഹികരംഗത്തുള്ള പ്രവർത്തനങ്ങൾ ഇവയെല്ലാം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നതിന് ജിബിയെ സഹായിച്ചു. കേരളത്തിൽ കോതമംഗലം പുളിക്കൽ കുടുംബാംഗമായ ജിബി ഭാര്യ കവിതയോടും, അഞ്ച് മക്കളോടും ഒപ്പം പെർത്തിലെ മൗണ്ട് നസുറയിൽ താമസിക്കുന്നു.
ബിജു നടുകാണി