1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമമാണ് 2019ലും നിലവിലുള്ളത്. 80 വർഷത്തിനുള്ളിൽ ആരോഗ്യപരിപാലനത്തിലും ഗവേഷണത്തിലും വിസ്മയകരമായ മാറ്റങ്ങളുണ്ടായിരിക്കെ നിയമം കാലോചിതമാക്കിയേ തീരു. മരുന്നുകളുടെ കാര്യത്തിൽ നിയമ ഭേദഗതികളുണ്ടായെങ്കിലും മെഡിക്കൽ ഉപകരണങ്ങളിൽ പഴയ നിയമം തുടരുന്നു. ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് സർക്കാർ ആവിഷ്കരിക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം. ശരീരത്തിൽ ഉപയോഗിക്കുന്നവയെന്നും പരീക്ഷണശാലയിൽ വേണ്ടവയെന്നും ഇതിൽ ഉപകരണങ്ങളെ വേർതിരിക്കുന്നു. സ്റ്റെൻഡ്, ഓർത്തോ ഇംപ്ലാന്റ്, ഹൃദയവാൽവ്, ഗർഭനിരോധന ഉപാധികൾ എന്നിവ ആദ്യ വിഭാഗത്തിൽപ്പെടുന്നു. ചികിത്സയ്ക്കും ക്ലിനിക്കൽ ട്രയലിനും ഗവേഷണങ്ങൾക്കും ഉപയോഗിക്കുന്നവയാണ് രണ്ടാമത്തെ ഇനങ്ങൾ. അപകടമില്ലാത്തത്, ചെറിയ അപകടസാധ്യതയുള്ളത്, ഉയർന്ന അപകടസാധ്യത , ഏറ്റവും ഉയർന്ന അപകടസാധ്യത എന്നിങ്ങനെ ഇരുവിഭാഗത്തിലും വേർതിരിവുമുണ്ട്.
ആദ്യത്തെ രണ്ടുവിഭാഗത്തിന്റെയും നിർമാണ വിതരണത്തിന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളർമാരുടെ അനുമതി വേണം. മറ്റു രണ്ടെണ്ണത്തിനും കേന്ദ്ര ഡ്രഗ്സ് കണ്ട്രോളറുടേതും. സ്റ്റെൻഡും ഓർത്തോ ഇംപ്ലാന്റുകളും ഇവിടെയും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അവയൊന്നും സാധാരണക്കാരായ രോഗികൾക്ക് നേട്ടമാകുന്നില്ല.
നൂൽവള്ളിയിലെ നേർക്കാഴ്ച
ഗ്രാമങ്ങളിലും ശസ്ത്രക്രിയാ സാമഗ്രികൾ നിർമിക്കാമെന്ന് തെളിയിച്ചിരിക്കുന്നു കൊടകര മറ്റത്തൂർ പഞ്ചായത്ത് നൂൽവള്ളിയിലെ കണിയാംപറന്പിൽ പ്രകാശൻ. കൊടകരയിലെ മിനി സർജിക്കൽ എക്വിപ്മെന്റ്സ് സ്ഥാപനത്തിൽ പ്രകാശൻ നിർമിക്കുന്ന സാമഗ്രികൾ വാങ്ങാൻ കേരളത്തിലും പുറത്തുംനിന്ന് ആവശ്യക്കാരെത്തുന്നു. താക്കോൽദ്വാര ശസ്ത്രക്രിയ, ലാപ്രോസ്കോപ്പി, കാർഡിയോ വാസ്കുലർ, ഓപ്പണ് സർജറി ഉപകരണങ്ങൾ എന്നിവ മാത്രമല്ല വൃക്കയിലെയും മൂത്രാശയത്തിലെയും കല്ലുകൾ പൊടിക്കുന്നതിനുള്ള യന്ത്രവും ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഇതിൽപ്പെടും.
നന്നേ ചെറുപ്പത്തിൽ മുംബൈയിലേക്കു വണ്ടികയറിയ പ്രകാശന് അവിടെ സ്റ്റാൻഡേർഡ് സർജിക്കൽ എക്വിപ്മെന്റ്സിലായിരുന്നു ജോലി. ഉപകരണങ്ങൾ നിർമിക്കുന്ന വിധം പഠിച്ചശേഷം അവിടെ മിനി സർജിക്കൽ എക്വിപ്മെന്റ്സ് എന്ന സ്ഥാപനം തുടങ്ങി. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ചെറിയ സാമഗ്രികൾ നിർമിച്ചായിരുന്നു തുടക്കം. നാട്ടിൽ മടങ്ങിയെത്തിയ പ്രകാശൻ സ്വന്തം ഗ്രാമത്തിൽ തുടങ്ങിയ ഫാക്ടറിയിൽ ആയിരം രൂപ മുതൽ അരലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങൾ നിർമിക്കുന്നു.
വേണം നാളേയ്ക്കൊരു കണ്ണ്
ജീവശാസ്ത്രവും മെഡിസിനും എൻജിനിയറിംഗ് സാങ്കേതികസാധ്യതയും കൈകോർക്കുന്ന ഗവേഷണമാണ് ബയോ മെഡിക്കൽ എൻജിനിയറിംഗ്. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ആരോഗ്യപരിപാലനത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യാൻ ബയോമെഡിക്കൽ എൻജിനിയറിംഗ് ഇവിടെ ഏറെ മുന്നേറേണ്ടതുണ്ട്.
എം.ആർ.ഐ, ഇ.സി.ജി, ഇ.കെ.ജി, സി.ടി, അൾട്രാ സൗണ്ട്, ടോമോഗ്രഫി, ഒപ്റ്റിക്കൽ മൈക്രോസ്കോപ്പി, ഇലക്ട്രോണ് മൈക്രോസ്കോപി ഉപകരണങ്ങളുടെ രൂപകല്പനയും നിർമാണവും ശരീരാവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രോസ്തെറ്റിക്ക്സ് എന്നിങ്ങനെ നീളുന്നു മെഡിക്കൽ ഇലക്ട്രോണിക്സ്് ശാഖ. പ്രൊസസറുകൾ, അനലോഗ് ഡിജിറ്റൽ സർക്യൂട്ടുകൾ തുടങ്ങിയവയുടെ നിർമാണവും ഇതിൽ ഉൾപ്പെടും. വൈദ്യശാസ്ത്രം അതിവേഗം മുന്നേറുന്ന ഇക്കാലത്ത് ഉപകരണങ്ങൾക്കും അവയുടെ സാങ്കേതിക വിദ്യകൾക്കും വിദേശരാജ്യങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. ഇത്തരത്തിൽ അൻപതോളം എൻജിനിയറിംഗ് സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ടായിരിക്കെ പഠിച്ചിറങ്ങുന്നവരെ വിദേശകന്പനികൾ സ്വന്തമാക്കി കൊണ്ടുപോകുന്നു. അവരുടെ സാധ്യതകൾ ഇന്ത്യക്കു നേട്ടങ്ങളാക്കി മാറ്റാനുള്ള അവസരവും സാഹചര്യവുമില്ല.
സാന്പത്തികത്തകർച്ച, നികുതിവർധന, കറൻസി മൂല്യശോഷണം, ഉപരോധം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളുണ്ടായാൽ ഉപകരണങ്ങളുടെ ഇറക്കുമതി ഭാവിയിൽ തടസപ്പെടുകയോ കാലതാമസമുണ്ടാവുകയോ ചെയ്യാം. അര നൂറ്റാണ്ടിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുന്ന, രോഗികളുടെ എണ്ണത്തിൽ ഏറെ വർധനവ് പ്രതീക്ഷിക്കുന്ന ഇന്ത്യ ആരോഗ്യമേഖലയുടെ അനിവാര്യതയെക്കുറിച്ച് ആഴത്തിൽ മനസിലാക്കണം.
അത്യാധുനിക ഇലക്ട്രോണിക് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും കേടുപാടുകൾ തീർക്കാനും സജ്ജരായ സാങ്കേതിക വിദഗ്ധരുടെ കുറവാണ് മെഡിക്കൽ മേഖല നേരിടുന്ന പ്രധാന പരിമിതി. പുതുതായി വരുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിലവിലുള്ളവർക്ക് പരിശീലനം ലഭിക്കുന്നില്ല. യന്ത്രങ്ങളുടെ കാറ്റലോഗുകൾ നോക്കി മാത്രം യന്ത്രം പ്രവർത്തിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നിന്ന് മെക്കാനിക്കും സ്പെയർപാർട്സും എത്തുന്പോഴേക്കും യന്ത്രം തുരുന്പെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി സർക്കാർ ആശുപത്രികളിലും സ്കാനിംഗ്, ലാബ്, എക്സ്റേ, ഡയാലിസിസ് യന്ത്രങ്ങൾ ഇത്തരത്തിൽ പ്രവർത്തനരഹിതമായി രോഗനിർണയവും ചികിത്സയും മുടങ്ങുന്നത് പതിവാണ്. റേഡിയേഷൻ സാധ്യത മുൻനിർത്തിയുള്ള സുരക്ഷാ സംവിധാനങ്ങളും പരിമിതമാണ്.
കരുതൽ വേണം പാവങ്ങളോട്
ചികിത്സാമേഖലയിലെ പ്രത്യാശയായി സർക്കാർ ആവിഷ്കരിച്ച നിരവധി ചികിത്സാ സഹായ പദ്ധതികൾ അന്ത്യശ്വാസം വലിക്കുകയാണ്. കാരുണ്യ, സുകൃതം, ആർദ്രം പദ്ധതികളുടെ പ്രയോജനം ലഭിച്ചിരുന്നത് ലക്ഷങ്ങൾക്കാണ്. വിവിധ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയാണ് അർബുദ രോഗികൾക്ക് വലിയ ആശ്വാസമായിരുന്ന സുകൃതം സൗജന്യചികിത്സാപദ്ധതി നിലയ്ക്കാൻ കാരണമായത്. തിരുവനന്തപുരം, മലബാർ കാൻസർ സെന്ററുകൾ, സർക്കാർ മെഡിക്കൽ കോളജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് സുകൃതം നടപ്പാക്കിയത്. റേഡിയേഷൻ യന്ത്രങ്ങളുടെ തകരാറും മരുന്നുക്ഷാമവുമാണ് പദ്ധതി നിലയ്ക്കാൻ വഴിവച്ചത്. സംസ്ഥാനത്ത് ഓരോ വർഷവും അരലക്ഷം അർബുദ രോഗികളുണ്ടാവുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
തിരുവനന്തപുരം ആർസിസിയുടെ പഠനമനുസരിച്ച് കേരളത്തിൽ കാൻസർ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ലക്ഷത്തിൽ 150 പേരിൽ കാൻസർ കാണപ്പെടുന്നു. സ്തനാർബുദം, ബ്ലഡ് കാൻസർ, ശ്വാസകോശ കാൻസർ, ലിംഫോമ, പ്രോസ്റ്റേറ്റ് കാൻസർ, ആമാശയ കാൻസർ, തൈറോയ്ഡ് കാൻസർ, മലാശയ കാൻസർ എന്നിവയാണ് കേരളത്തിൽ വർധിച്ചുവരുന്ന കാൻസറുകൾ. റേഡിയേഷൻ സംവിധാനം തുലോം പരിമിതമാണിവിടെ. പ്രായഭേദമെന്യേ മാമോഗ്രാം പരിശോധന വർഷവും നടത്തേണ്ടതുണ്ട്. പലപ്പോഴും അവസാന ഘട്ടത്തിൽ രോഗം കണ്ടെത്തി ചികിത്സ തുടങ്ങുന്പോൾതന്നെ രോഗി മരിക്കുന്ന സാഹചര്യമാണ്.
സുകൃതം പദ്ധതിയിൽ മരുന്ന് വിതരണം നിലച്ചിട്ട് മാസങ്ങളായി. റേഡിയേഷൻ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തി തള്ളിനീക്കുകയാണ് ആശുപത്രികൾ. രോഗികളുടെ എണ്ണമനുസരിച്ച് ഈ ആശുപത്രികളിൽ നൂറ് യന്ത്രങ്ങൾ വേണ്ടിയിരിക്കെ ആകെയുള്ളത് 20 യന്ത്രങ്ങൾ. ഇവയിലേറെയും തകരാറിലുമാണ്. പത്തു വർഷം വരെ പ്രവർത്തന കാലാവധിയുള്ള കൊബാൾട്ട്, ലിനാക് റേഡിയേഷൻ യന്ത്രങ്ങളാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. 12 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാവുന്ന യന്ത്രങ്ങൾ 20 മണിക്കൂറിലധികം പ്രവർത്തിപ്പിക്കേണ്ടിവരുന്നു. പ്രമുഖ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സ്റേ യന്ത്രം തുരുന്പെടുത്ത് പൊട്ടിവീണത് അടുത്തയിടെയാണ്.
യന്ത്രം വയ്ക്കാൻ ഇടവും വേണം
കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ കുറഞ്ഞത് 500 കോടി രൂപയുടെയും ജില്ലാ ആശുപത്രിയിൽ 200 കോടി രൂപയുടെയും മെഡിക്കൽ ഉപകരണങ്ങളുണ്ടാവും. ഓരോ കാലത്തും പുതിയ യന്ത്രങ്ങൾ എത്തിയതുകൊണ്ടു മാത്രമായില്ല. ഇവ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളായ ഹൈടെൻഷൻ വൈദ്യുതി ലൈനും എസി മുറികളും ജനറേറ്ററുകളും ജലലഭ്യതയും കെട്ടിടസൗകര്യവും അനിവാര്യമാണ്. 24 മണിക്കൂറും വൈദ്യുതി മുടങ്ങാതെ ലഭ്യമാകുന്ന ഒരു ആശുപത്രിപോലും ഇവിടെയില്ല. കാലപ്പഴക്കം ചെന്ന വൈദ്യുതി സംവിധാനത്തിൽ വോൾട്ടേജ് വ്യതിയാനമില്ലാതെ വിലയേറിയ സാങ്കേതിക ഉപകരണങ്ങൾ പ്രവർത്തിക്കുക ദുഷ്കരം. പലപ്പോഴും യന്ത്രം കത്തിപ്പോയി എന്ന വാക്കല്ലാതെ വൈദ്യുതി പ്രസരണത്തിലെ വീഴ്ചയോ അമിത താപനിലയോ ആരും ചൂണ്ടിക്കാണിക്കാറില്ല.
കേരളം വൃദ്ധസദനം
കേരളം കുടിയേറ്റക്കാരുടെ നാടായിരിക്കെ വീടുകൾ വയോജനഭവനങ്ങളായി മാറുന്നു. സംസ്ഥാനത്തെ 12 ലക്ഷം വീടുകളിൽ വയോധികർ മാത്രം കഴിയുന്നുണ്ട്. പക്ഷാഘാതവും കാൻസറും മറ്റും ബാധിച്ച കിടപ്പുരോഗികളുടെ എണ്ണവും ഏറെയാണ്. വരുംകാലത്ത് പാലിയേറ്റീവ് ചികിത്സ വീടുകളിലും ആശുപത്രികളിലും നൽകേണ്ട സാഹചര്യം വർധിക്കും. അമേരിക്കയിൽ നൂറിനു മുകളിൽ കിടക്കകളുള്ള 55 ശതമാനം ആതുരാലയങ്ങളിലും പാലിയേറ്റീവ് പരിചരണം നൽകുന്നുണ്ട്. കൂടാതെ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ മറ്റു സർക്കാർ ആശുപത്രികളിൽ ഈ പരിചരണ ക്രമീകരണവുമുണ്ട്. കേരളത്തിലും ഈ സംവിധാനം അനിവാര്യമായിരിക്കെ പാലീയേറ്റീവ് ക്ലിനിക്കുകളും അവിടെ നവീന പരിചരണ യന്ത്രങ്ങളും സംവിധാനവും വേണം. രോഗികളെ വീടുകളിലെത്തി പരിചരിക്കാനുള്ള ലാബ് സംവിധാന മൊബൈലുകൾ, ഡയാലിസിസ് യന്ത്രങ്ങൾ എന്നിവയൊക്കെ കാലത്തിന്റെ ആവശ്യങ്ങളാണ്. ചാരിറ്റബിൾ, മത, രാഷ്ട്രീയ സംഘടനകളൊഴികെ സർക്കാർ സംവിധാനം ഇക്കാര്യത്തിൽ ഉണർന്നു തുടങ്ങിയിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ തുടക്കം കുറിച്ച പാലിയേറ്റീവ് വിപ്ലവം സർക്കാർ തലത്തിൽ ഏറെ മുന്നോട്ടുനീങ്ങുന്നുമില്ല. ചികിത്സ സുതാര്യവും കാലോചിതവുമാവണമെങ്കിൽ മരുന്നു മാത്രം പോര, ചികിത്സാ യന്ത്രങ്ങളും കാലോചിതമാവണം.
(അവസാനിച്ചു)
റെജി ജോസഫ്
വേണം നിയമത്തിൽ പൊളിച്ചെഴുത്ത്
03:22 PM Aug 26, 2019 | Deepika.com