ജലനിധി പദ്ധതിക്കു കുഴിച്ചു, വീട് വിണ്ടുകീറുകയാണെന്നു പരാതി

02:33 PM Nov 02, 2021 | Deepika.com
കോട്ടയം: ജലനിധി പദ്ധതിക്കു കുഴിച്ചതിനു സമീപം കരിങ്കൽ കെട്ടി നൽകാമെന്ന വാക്കു പാലിക്കാത്തതിനാൽ തന്‍റെ വീട് വിണ്ടുകീറുകയാണെന്ന പരാതിയുമായി ഗൃഹനാഥൻ.

പനച്ചിക്കാട് പഞ്ചായത്ത് ഇരുപതാം വാർഡിൽ പ്ലാമൂട്- പുളിവേലിക്കടവ് റോഡിനു സമീപം താമസിക്കുന്ന പുളിമൂട്ടിൽതാഴെ ദാസപ്പൻനായരാണ് പരാതിയുമായി അധികൃതർക്കു മുന്നിൽ കയറിയിറങ്ങി നടക്കുന്നത്. പാടത്തിനു സമീപമാണ് ദാസപ്പൻനായരുടെ വീട്. ഇതിനു സമീപത്തായി പനച്ചിക്കാട് 21-ാം വാർഡിലെ ജലനിധി പദ്ധതിക്കു വേണ്ടി വലിയ കുളം നിർമിച്ചിരുന്നു.

വലിയ കുളം നിർമിക്കുന്പോൾ തന്‍റെ വീട് അപകടാവസ്ഥയിലാകുമെന്ന കാര്യം ദാസപ്പൻനായർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഇവിടെ ഇടിയാതിരിക്കാൻ കരിങ്കൽ കെട്ടി സുരക്ഷിതമാക്കിത്തരാമെന്നു ജലനിധി ഗുണഭോക്തൃ സമിതിയും ജനപ്രതിനിധികളും ഉറപ്പുനൽകിയിരുന്നതാണ് ഇദ്ദേഹം പറയുന്നു.

എന്നാൽ, ഇപ്പോൾ വർഷങ്ങൾ പിന്നിട്ടിട്ടും ഇവിടെ കരിങ്കൽക്കെട്ടി നൽകി സുരക്ഷിതമാക്കിയില്ല. ഇതിനെത്തുടർന്നു കഴിഞ്ഞ പ്രളയത്തോടെ തന്‍റെ വീട് ഇരുത്തുകയും വിള്ളൽ വീഴുകയും ചെയ്തിരിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു.

എത്രയും വേഗം കരിങ്കൽ കെട്ടി സുരക്ഷിതമാക്കിയില്ലെങ്കിൽ തന്‍റെ വീട് ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ് അദ്ദേഹം. അതേസമയം, ഇവിടെ കരിങ്കൽക്കെട്ടി സുരക്ഷിതമാക്കിക്കൊടുക്കാമെന്നു നേരത്തെ ഗുണഭോക്തൃസമിതി വാക്കു കൊടുത്തിരുന്നതായി പഞ്ചായത്ത് മെംബർ വാസന്തി സലിമും അറിയിച്ചു. എന്നാൽ, പിന്നീട് ഈ പ്രദേശത്തു മണ്ണിടുന്നതുമായി ബന്ധപ്പെട്ടു രാഷ്‌ട്രീയ പാർട്ടികൾ വലിയ വിവാദമുയർത്തി.

ഇതോടെ മണ്ണിറക്കി കരിങ്കൽകെട്ടാനുള്ള നീക്കം പ്രതിസന്ധിയിലാവുകയായിരുന്നെന്നു മെംബർ പറയുന്നു. ഒരു മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ രാഷ്‌ട്രീയ പാർട്ടികൾ സഹകരിക്കുകയാണെങ്കിൽ കരിങ്കൽ കെട്ടിക്കൊടുക്കാൻ ജലനിധി ഗുണഭോക്തൃസമിതി തയാറാണെന്നും അവർ പറഞ്ഞു.