അഭിലാഷയും ശതാക്ഷിയും ഒരമ്മ പെറ്റ മക്കളാണ്. ഇരുവരും തമ്മില്‍ എട്ടു വയസ്സിന്റെ പ്രായവ്യത്യാസം. അനിയത്തിയോട് അകമഴിഞ്ഞ സ്നേഹവും വാത്സല്യവുമാണ് അഭിലാഷയ്ക്ക്. ചേച്ചിയോട് തിരിച്ചും മനസ് നിറയെ ഇഷ്ടവും സ്നേഹവുമൊക്കെയായിരുന്നു ശതാക്ഷിക്കും, അഭിലാഷയുടെ വിവാഹത്തിനു മുന്‍പു വരെ.
അഭിലാഷയുടെ ഭര്‍ത്താവിന്റെ സൗന്ദര്യവും സൗമ്യമായ പെരുമാറ്റവുമെല്ലാം ശതാക്ഷിയെ ആകര്‍ഷിച്ചു. അഭിലാഷയുടെ ജീവിതപങ്കാളിയെ സ്വന്തമാക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. അങ്ങനെ ഏറ്റവും ഒടുവില്‍ അവള് ആ കടുംകൈ പ്രയോഗിച്ചു.
കൂടപ്പിറപ്പിനോട് കടുംകൈ
മധ്യപ്രദേശിലെ ജബല്പ്പൂരിനു സമീപത്താണ് ഷാപൂര്‍ നഗര്‍. ശതാക്ഷിയും മാതാപിതാക്കളും താമസിക്കുന്നത് അവിടെയാണ്. ഗര്‍ഭിണിയായ അഭിലാഷയും ഇപ്പോള്‍ അവരോടൊപ്പമുണ്ട്. അഭിലാഷ രാവിലെ കുളിമുറിയിലേക്ക് പോകുന്നതിനിടയില്‍ ശതാക്ഷിയും പിന്നാലെ ചെന്നു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ചേച്ചിയുടെ കഴുത്തിലും വയറിലും കൈയിലിരുന്ന മൂര്‍ച്ചയുള്ള കത്തിയാല്‍ പലതവണ ആഞ്ഞുകുത്തി. ഉറക്കെ നിലവിളിച്ച് അഭിലാഷ നിലത്തു വീണു. അവിടമാകെ ചോരക്കളമായി. അഭിലാഷയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിവന്നു... എന്താണ് സംഭവിച്ചതെന്നറിയാതെ അവര്‍ ആദ്യം അന്പരന്നെങ്കിലും ഉടന്‍ അവളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. ഇതിനിടയില്‍ ശതാക്ഷി വീടിനു പിറകുവശത്തുകൂടി ശിരസ്സില്‍ തുണി കൊണ്ട് മറച്ച് രക്ഷപ്പെട്ടു.
ശരീരത്തില്‍ മാരകവും ആഴമേറിയതുമായ മുറിവുകളേറ്റ അഭിലാഷയുടെ ജീവന് രക്ഷിക്കാനായില്ല. ശതാക്ഷിയാണ് കൊലപാതകിയെന്ന് ബന്ധുക്കളും നാട്ടുകാരും എല്ലാം അറിഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകി ആരാണെന്ന് വ്യക്തമായെങ്കിലും ഒളിവിലായതിനാല്‍ ശതാക്ഷി ചെല്ലാനിടയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. ശതാക്ഷിയുടെ മൊബൈല്‍ ഫോണ്‍ ആസ്പദമാക്കി അന്വേഷണം തുടര്‍ന്നു. ഊര്‍ജ്ജിതമായ തിരച്ചിലില്‍ ശതാക്ഷിയെ പോലീസ് പിടികൂടി.
കുറ്റം ചെയ്തത് താനാണെന്ന് സമ്മതിച്ച ശതാക്ഷി കാരണവും പോലീസിനോട് വെളിപ്പെടുത്തി. ഇത് മൂന്നാമത്തെ ശ്രമമായിരുന്നുവെന്നും അവൾ പോലീസിനോട് പറഞ്ഞു. ഇതിനു മുന്‍പ് രണ്ടു തവണ അഭിലാഷയെ വധിക്കാന്‍ ശ്രമിച്ചു. രണ്ടു തവണയും പരാജയപ്പെട്ടപ്പോള്‍ വാശി കൂടി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും പോലീസ് കണ്ടെടുത്തു.
ആറ്റുനോറ്റുണ്ടായ മകനെ...
മഹാരാഷ്ട്ര നാഗപൂര്‍ സ്വദേശിയായ ദാമോദര്‍ ബാലപുരെയ്ക്ക് ആയുസ്സിന്റെ പുസ്തകത്തില്‍ പ്രായം 71 ആയി. വിദഗ്ധനായ ആശാരിയാണ് അദ്ദേഹം. ഏക മകന് സഞ്ജയ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. പക്ഷെ, തികഞ്ഞ മദ്യപാനിയായ സഞ്ജയ് വീട്ടുകാരെ സംബന്ധിച്ചിടത്തോളം വല്ലാത്ത തലവേദനയും. ഭാര്യാപിതാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് വളരെ കാലത്തോളം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.. സഞ്ജയിന്റെ ഭാര്യ മക്കളുമൊത്ത് സ്വന്തം വീട്ടിലാണ് കഴിയുന്നത്. തടവറയില്‍ നിന്നും തിരികെ നാട്ടിലെത്തിയിട്ടും സഞ്ജയിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ സഞ്ജയിന്റെ മട്ടും ഭാവവും മാറും. ആഹാരം വലിച്ചെറിയുകയും വൃദ്ധരായ മാതാപിതാക്കളെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യും.
കഴിഞ്ഞ ദിവസം മോട്ടോര്‍ ബൈക്ക് വാങ്ങാന്‍ 25,000 രൂപ സഞ്ജയ് പിതാവിനോട് ആവശ്യപ്പെട്ടു. അന്നന്നത്തെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പോലും പെടാപ്പാടു പെടുന്ന തന്റെ കയ്യില്‍ പണമില്ല എന്ന ദാമോദറിന്റെ മറുപടി സഞ്ജയിനെ വല്ലാതെ രോഷാകുലനാക്കി. പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് ദാമോദര്‍ ബാലപുരെ ഉറച്ചൊരു തീരുമാനം കൈക്കൊണ്ടു.
രാത്രിയില്‍ സഞ്ജയ് ഉറങ്ങിക്കിടക്കവെ ദാമോദര്‍ മകന്റെ മുറിയില്‍ ചെന്നു. മദ്യലഹരിയില്‍ സ്വയം മറന്നുറങ്ങുന്ന മകനെ നോക്കി. കുട്ടിക്കാലത്തെ പല സംഭവങ്ങളും ആ മനസ്സില്‍ വന്നുനിറഞ്ഞു. ആറ്റുനോറ്റുണ്ടായ മകന്. അമ്മയുടെയും അച്ഛന്റെയും കണ്ണിലുണ്ണി. പക്ഷെ, മുതിര്‍ന്നപ്പോള്‍ സ്വന്തം മാതാപിതാക്കളെ കൊല്ലുമെന്ന് അവരുടെ മുഖത്ത് നോക്കി പറയുന്നു. തന്നെയും ഭാര്യയെയും കൊന്നോട്ടെ, സാരമില്ല... പക്ഷെ, സമൂഹത്തിനാകെ ഭീതി വളര്‍ത്തിയാണ് തന്റെ മകന് ഓരോ പ്രവൃത്തിയും ചെയ്യുന്നത്. ഇനിയെങ്കിലും ശരിയായ പോംവഴി കണ്ടെത്തിയില്ലെങ്കില്‍ ഏറെപേര്‍ ഇവന് കാരണം കണ്ണീര് കുടിക്കും. അതെ, തന്റെ നിലപാടാണ് ശരി ആ വൃദ്ധന് ഉറപ്പിച്ചു...
മകന്റെ അടുത്ത് ഒരു നിമിഷം നിന്ന അദ്ദേഹം താന്‍ കൈയില്‍ കരുതിയ മൂര്‍ച്ചയേറിയ കത്തിയെടുത്ത് സഞ്ജയിന്റെ ശിരസിലേക്ക് ആഞ്ഞുകുത്തി. രക്തം ചീറ്റിത്തെറിച്ചു. ജീവനു വേണ്ടി പിടയ്ക്കുന്ന മകന്റെ ശരീരം ആ വയോധികന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ വീക്ഷിച്ചു. മകനേ, പൊറുക്കെന്ന് ആ മനസ്സ് വെന്പിയിരിക്കാം... നീ എന്നെക്കൊണ്ട് ഈ പാതകം ചെയ്യിപ്പിച്ചല്ലോ എന്ന് ആ ചുണ്ടുകള്‍ വിറയലോടെ മന്ത്രിച്ചു...
മകന്റെ ശരീരം ചേതനയറ്റ് നിലത്ത് അനക്കമില്ലാതെ കിടന്നു. ദാമോദര്‍ ബലിപുരെ മകന്റെ മൃതദേഹത്തിനു സമീപം ഇരുന്നു. ആ രാത്രി മുഴുവന്‍ അയാള്‍ അവിടെ അങ്ങനെ ചെലവഴിച്ചു. അതൊരു തരത്തിലുള്ള കാവലിരുപ്പ് കൂടിയായിരുന്നു. ആ ശരീരത്തിന് ഇനിയും ചലനമുണ്ടായാല്‍ അവസാനിപ്പിക്കാനുള്ള കാത്തിരിപ്പ്. രാവിലെ ബന്ധുക്കള്‍ ദാമോദറിന്റെ വീട്ടില്‍ വിവരം അറിഞ്ഞ് വന്നപ്പോഴും അയാള്‍ അതേ അവസ്ഥയിലായിരുന്നു. പോലീസ് സഞ്ജയിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി ദാമോദറിനെ അറസ്റ്റ് ചെയ്തു.
തലയ്ക്ക് പിടിച്ച ലഹരി
മകന്റെ നിയന്ത്രണമില്ലാത്ത മദ്യപാനവും സ്വഭാവദൂഷ്യവുമാണ് ദാമോദറിനെ കൊലപാതകിയാക്കിയതെങ്കില് മഹാരാഷ്ട്ര ലാത്തൂരില്‍ കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ പിതാവ് ഞെക്കിക്കൊന്നത് സ്വന്തം കുഞ്ഞിനെയാണ്. ഹോട്ടലുടമയായ ശിവാജി ലാലെ നാട്ടിലെ അറിയപ്പെടുന്ന മദ്യപാനാണ്. ലഹരി തലയ്ക്ക് പിടിച്ച് വീട്ടില്‍ വന്നപ്പോള്‍ ശിവാജിക്ക് ഒരു വയസ്സുള്ള തന്റെ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് അത്ര ബോധിച്ചില്ല. കലി പൂണ്ട അയാള്‍ തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ജീവന് നഷ്ടമായ പിഞ്ചുകുഞ്ഞ് മരണമടഞ്ഞപ്പോള്‍ കുഞ്ഞ് കരച്ചില് നിര്‍ത്തിയതിന്റെ സന്തോഷത്തിലായിരുന്നു ശിവാജി ലാലെ.
മകനോടും മരുമകളോടുമുള്ള ക്രോധം പേരക്കിടാവില് തീര്‍ത്ത സംഭവം തമിഴ്നാട്ടിലെ ഒറ്റക്കല്മണ്ഡപത്തിലും സമീപപ്രദേശങ്ങളിലുമുള്ള നാട്ടുകാരില്‍ നടുക്കമുണര്ത്തിയിരിക്കുകയാണ്. രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടു പേരും ഉപേക്ഷിച്ചതിനു ശേഷം ശെല്‍വരാജ് ആകെ അസ്വസ്ഥനായിരുന്നു. അതോടൊപ്പം മകനോടും മരുമകളോടും അനുദിനം അനാവശ്യമായ ദേഷ്യവും വര്‍ധിച്ചു... അതിനിടയില്‍ പത്തു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് ശെല്‍വരാജിന്റെ മകന് പോലീസില്‍ പരാതി നല്കി. വിശദമായ അന്വേഷണത്തില്‍ കുഞ്ഞിനെ അപഹരിച്ചത് ശെല്‍വരാജാണെന്ന് തെളിഞ്ഞു... പത്തു കിലോമീറ്ററിനപ്പുറം ഒഴിഞ്ഞ സ്ഥലത്ത് കുഞ്ഞിന്റെ മൃതദേഹവും പോലീസ് കണ്ടെടുത്തു. കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കടം പെരുകി; കഴുത്തില്‍ കുരുക്കിട്ടു
പഴക്കച്ചവടക്കാരനായ പൂനെ സ്വദേശി അക്രം പതിവുപോലെ വീട്ടില്‍ വന്നപ്പോള്‍ കതക് അടഞ്ഞുകിടക്കുന്നതായി കണ്ടു. ഒരുപാട് തവണ ഭാര്യയെയും മക്കളെയും പേരു ചൊല്ലി വിളിച്ചിട്ടും കതകില്‍ തട്ടിയിട്ടും തുറന്നില്ല. സംശയം തോന്നിയ അക്രം വിവരം അയല്‍വാസികളെയും പോലീസിനെയും അറിയിച്ചു. പോലീസ് എത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ കണ്ടതോ ഞെട്ടിക്കുന്ന കാഴ്ചയും. കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിയ നൈലോണ്‍ കയറിന്റെ കുരുക്കുകളില്‍ തന്റെ മൂന്നു മക്കളുടെ നിശ്ചലശരീരങ്ങള്‍. തൊട്ടടുത്ത മുറിയില്‍ തുണിയില്‍ കുരുക്കില്‍ ജീവനൊടുക്കിയ നിലയില്‍ ഭാര്യ ഫാത്തിമ. കുറച്ചു ദിവസങ്ങളിലായി സാന്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അക്രം പറഞ്ഞു. എങ്ങനെയെങ്കിലും കര കയറാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. ഫാത്തിമയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. മാനസികമായി അവള് തളര്‍ന്നിരുന്നുവെന്ന് പറയുന്പോഴും ആത്മഹത്യ അതിനൊരു പരിഹാരമല്ലല്ലോ എന്ന് അക്രം വിലപിക്കുന്നു.
ഗിരീഷ് പരുത്തിമഠം
വഴികള്‍ തെറ്റുന്നവര്‍
03:27 PM Aug 10, 2019 | Deepika.com