* കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാനുള്ള സാഹചര്യമൊരുക്കരുത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയർ ട്യൂബുകൾ, ടാപ്പിംഗ് നിർത്തിയ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വെളളം കെട്ടിനില്ക്കാൻ സാധ്യതയുണ്ട്.
* കൊതുകിനു മുട്ടയിടാൻ ഇലയുടെയും നാന്പുകളുടെയും മടക്കിൽ തങ്ങിനില്ക്കുന്ന വെളളം മതിയാകും. ഉപേക്ഷിച്ച കുപ്പിയുടെ അടപ്പിൽ കെട്ടിനില്ക്കുന്ന മഴവെള്ളത്തിൽ പോലും ഈഡിസ് മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുകുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു. മനുഷ്യന്റെ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ കിടക്കുന്ന ഈഡിസ് മുട്ടകൾ അപകടകാരികളാകുന്നു. അതിനാൽ മരുന്നു തളിച്ചാലും കൊതുകുമുട്ടകളെ പൂർണമായും നശിപ്പിക്കാനാവില്ല.
* ആറു മാസം മുതൽ ഒരു വർഷം വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കൊതുകുകൾക്ക് ഒരു മാസം വരെയും .അര കിലോമീറ്റർ വരെ പറന്നെത്താനുളള ശേഷിയുണ്ട്. ഒരു പ്രദേശമാകെ ഡെങ്കിപ്പനി വ്യാപിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഒരു പ്രദേശത്തു തന്നെ പനി ആവർത്തിച്ചു വ്യാപിക്കുന്നതും അതുകൊണ്ടുതന്നെ.
* ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുട്ടയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം. വീടിനോടു ചേർന്ന കക്കൂസിലും പലപ്പോഴും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. സോപ്പുപെട്ടിയുടെ അടപ്പിനുളളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളത്തിലും ഈഡിസ് കൊതുകുകൾ മുട്ടയിടാം.
കൊതുകിനെ തുരത്താം
03:41 PM Aug 08, 2019 | Deepika.com