കൊലയാളിയുടെ തിരോധാനം...

02:16 PM Aug 05, 2019 | Deepika.com
ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​​ന്‍ വേ​ണ്ടി ചാ​ക്കോ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ സു​കു​മാ​ര​ക്കു​റു​പ്പി​നെ മ​റ​ക്കാ​ത്ത കേ​ര​ള പോ​ലീ​സി​ന് ഒ​രു​പ​ക്ഷേ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ​യും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല... അ​രീ​ക്കോ​ട് വാ​വൂ​ര്‍ കൂ​ട​ന്തൊ​ടി​ക മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ... കേ​ര​ള പോ​ലീ​സി​ന്‍റെ പ്ര​തി​പ്പട്ടി​ക​യി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി... സു​കു​മാ​ര​കു​റ​പ്പ് പ​ണ​ത്തി​ന് വേ​ണ്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഒ​രി​ക്ക​ല്‍ പോ​ലും പ​രി​ച​യ​മി​ല്ലാ​ത്ത ചാ​ക്കോ​യെ​യാ​ണെ​ങ്കി​ല്‍ മ​റ്റൊ​രു വി​വാ​ഹ​ത്തി​നും പ​ണ​ത്തി​നും വേ​ണ്ടി ഷെ​രീ​ഫ് കൊ​ല​പ്പെ​ടു​ത്തി​യ​ത് ഭാ​ര്യ​യെ​യും സ്വ​ന്തം ര​ക്ത​ത്തി​ല്‍ ജ​നി​ച്ച ര​ണ്ടു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ​യു​മാ​ണ്. കൂ​ട്ട​ക്കൊ​ല​യ്ക്കു തൊ​ട്ടു​മു​മ്പ് ഭാ​ര്യ​യു​ടെ പേ​രി​ല്‍ 20 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍​ഷൂ​റ​ന്‍​സ് എ​ടു​ത്ത ഷെ​രീ​ഫ് നോ​മി​നിയാ​യി ത​ന്‍റെ പേ​ര് ചേ​ര്‍​ത്ത​തി​ന് ശേ​ഷ​മാ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രൂ​പ​ത്തി​നും ഭാ​വ​ത്തി​നും പൈ​ശാ​ചി​ക​ത​യു​ടെ നി​റം​ചാ​ര്‍​ത്തി​യ കു​റ്റ​വാ​ളി​ക​ളി​ല്‍ ഒ​രു​പ​ക്ഷേ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ഒ​ന്നാം​സ്ഥാ​ന​ത്താ​യി​രി​ക്കും. അ​ന്നോ​ളം കേ​ട്ടു​കേ​ള്‍​വി​പോ​ലു​മി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യാ​ണ് ഷെ​രീ​ഫ് മൂ​ന്നു​ പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. സു​കു​മാ​ര​ക്കു​റുപ്പി​നെ ഒ​രി​ക്ക​ല്‍ പോ​ലും പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന കേ​ര​ള പോ​ലീ​സ് ഷെ​രീ​ഫി​നെ അ​ക്കാ​ല​യ​ള​വി​ല്‍ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ജാ​മ്യത്തിലിറ​ങ്ങി​യ​ശേ​ഷം പി​ന്നെ ഷെ​രീ​ഫി​നെ ആ​രും ക​ണ്ടി​ല്ല. എ​വി​ടെ​യാ​ണെ​ന്നോ, ജീ​വ​നോ​ടെ​യു​ണ്ടെ​ന്നോ ഉള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​ന്നും ഇ​പ്പോ​ഴും ഉത്തരമില്ല. കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ത്ത് ലോ​ക​ത്ത് ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ കേ​ര​ള പോ​ലീ​സി​ന് പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഒ​രു നാ​ട്ടി​ന്‍​പു​റ​ത്തു​കാ​ര​ന് ഒ​ളി​വി​ല്‍ ക​ഴി​യാ​നാ​വു​മോ ? ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം ന​ല്‍​കേ​ണ്ട​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പും പോ​ലീ​സു​മാ​ണ്. വെ​റു​മെ​രു മോ​ഷ്ടാ​വി​നെ​യ​ല്ല നി​യ​മ​ത്തി​ന് മു​ന്നി​ല്‍​ കൊ​ണ്ടു​വ​രാ​നു​ള്ള​ത്. സ​മൂ​ഹ​മ​നഃ​സാ​ക്ഷി​ക്ക് ത​ന്നെ മു​റി​വേ​ല്‍​പ്പി​ച്ച കൊ​ടുംക്രി​മി​ന​ലി​നെ​യാ​ണ്...

ഫ്‌​ളാ​ഷ് ബാ​ക്ക്

2013 ജൂ​ലൈ 22 ... പെ​രു​മ​ഴ​ക്കാ​ലം ... ചെ​റി​യ​ പെ​രു​നാ​ള്‍ ആ​ഘോ​ഷ​മാ​ക്കാ​നി​രു​ന്ന നാ​ടുണര്‍​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ വാ​ര്‍​ത്ത കേ​ട്ടാ​യി​രു​ന്നു. അ​രീ​ക്കോ​ട് ആ​ലു​ക്ക​ല്‍ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഭാ​ര്യ​യെ​യും ര​ണ്ടു പി​ഞ്ചു​മ​ക്ക​ളെ​യും വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ത​ള്ളി​യി​ട്ട് മു​ഹ​മ്മ​ദ് ഷെ​രീ​ഫ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജൂ​ലൈ 22-ന് ​പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​ക്കാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​രും​കൊ​ല ന​ട​ന്ന​ത്. ഭാ​ര്യ സാ​ബി​റ (21), മ​ക്ക​ളാ​യ ഫാ​ത്തി​മ ഫി​ദ (5), ഹൈ​ഫ എ​ന്ന ഫാ​ത്തി​മ ഹി​ദ (ഒ​ന്ന​ര) എ​ന്നി​വ​രെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഷെ​രീ​ഫും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ആ​ക്ടീ​വ സ്‌​കൂ​ട്ട​റി​ന്‍റെ ട​യ​ര്‍ പ​ഞ്ച​റാ​യ​തി​നെത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു ഷെ​രീ​ഫ് പ​റ​ഞ്ഞ​ത്.​ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ടും നാ​ട്ടു​കാ​രും ഷെ​രീ​ഫ് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ചു. എ​ന്നാ​ല്‍ മൂ​വ​രും മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ല്‍ ഷെ​രീ​ഫി​ന് യാ​തൊ​രു പ​രു​ക്കും പ​റ്റി​യി​രു​ന്നി​ല്ല. ഇ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി. ശ​ക്ത​മാ​യ മ​ഴ പെ​യ്ത ദി​വ​സം സ്വ​ന്ത​മാ​യി കാ​ര്‍ ഉ​ണ്ടാ​യി​ട്ടും ബൈ​ക്കി​ലാ​യി​രു​ന്നു ഷെ​രീ​ഫ് ഭാ​ര്യ​യെ​യും മ​ക്ക​ളെയും കൂ​ട്ടി യാ​ത്ര തി​രി​ച്ച​ത്. വീ​ട്ടി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യു​ണ്ടാ​യി​ട്ടും കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി സ​ഞ്ച​രി​ച്ച​തും സം​ശ​യ​ത്തി​ന​ിട​യാ​ക്കി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കൊ​ല​യാ​ളി ഷെ​രീ​ഫാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ല​ക്ഷ്യം സാ​മ്പ​ത്തി​കം

ഇ​ന്‍​ഷ്വറ​ന്‍​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​നും ര​ണ്ടാം വി​വാ​ഹ​ത്തി​നും വേ​ണ്ടി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​റ​ക്കി​യാ​ണ് മൂ​വ​രേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് . വി​വാ​ഹ സ​മ​യ​ത്ത് സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച 75 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ 50 പ​വ​ന്‍ ഷെ​രീ​ഫ് പ​ണ​യം വയ്​ക്കാ​നെ​ന്ന് പ​റ​ഞ്ഞു ഭാ​ര്യ സാ​ബി​റ​യോ​ട് വാ​ങ്ങി. എ​ന്നാ​ല്‍ ഇ​ത് ഭാ​ര്യ​യ​റി​യാ​തെ ഷെരീ​ഫ് വി​റ്റു.

സാ​ബി​റ ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് ഷെ​രീ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​തോ​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മേ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​ന് ശേ​ഷം ഭാ​ര്യ​യു​മാ​യി ഷെ​രീ​ഫ് മാ​ന​സി​ക​മാ​യി അ​ക​ന്നു. മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ത​യാ​റാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തു തു​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും വാ​ങ്ങി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ബാ​ധ്യ​ത​യാ​കു​മെ​ന്നു തോ​ന്നി​യ​തി​നാ​ലാ​ണ് ഇ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

"ക്രൈം ​ത്രി​ല്ല​ര്‍' കു​റ്റ​പ​ത്രം

സ​മൂ​ഹ മ​നഃസാ​ക്ഷി​യെ ഞെ​ട്ടി​ച്ച് റം​സാ​ന്‍ മാ​സ​ത്തി​ല്‍ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ത്തി​ന്‍റെ കു​റ്റ​പ​ത്ര​വും ക്രൈം​ത്രി​ല്ല​ര്‍ സി​നി​മ​യെ വെ​ല്ലു​ന്ന​താ​യി​രു​ന്നു. അ​പ​ക​ട മ​ര​ണ​മെ​ന്ന് വി​ശ്വ​സി​ച്ച​വ​ര്‍​ക്ക് മു​ന്നി​ല്‍ തെ​ളി​വു​ക​ള്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കേ​സ് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​താ​യി മാ​റി. അ​ന്ന​ത്തെ മ​ല​പ്പു​റം ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന എ​സ്.​അ​ഭി​ലാ​ഷ്, മ​ഞ്ചേ​രി സി​ഐ​യാ​യി​രു​ന്ന വി.​എ.​ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി ഷെ​രീ​ഫാ​ണെ​ന്ന് നി​സം​ശ​യം തെ​ളി​ഞ്ഞ​തോ​ടെ പി​ന്നീ​ടു​ള്ള പോ​ലീ​സി​ന്‍റെ ജോ​ലി പ​ഴു​തി​ല്ലാ​ത്ത വി​ധം കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ലാ​യി​രു​ന്നു. 123 പേ​രെ​യാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘം കേ​സി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്ത​ത്.

സം​ഭ​വം ന​ട​ന്ന് 79-ാം ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​നാ​യ സി​ഐ വി.​എ. കൃ​ഷ്ണ​ദാ​സ് 800 പേ​ജു​ള്ള കു​റ്റ​പ​ത്രം മ​ഞ്ചേ​രി ജു​ഡീ​ഷല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. 106 രേ​ഖ​ക​ള്‍, അ​മ്പ​തോ​ളം തൊ​ണ്ടി​മു​ത​ലു​ക​ള്‍ എ​ന്നി​വ സ​ഹി​ത​മാ​യി​രു​ന്നു കു​റ്റ​പ​ത്രം കോ​ടതി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ദൃ​ക്സാ​ക്ഷി​ക​ളി​ല്ല... സാ​ഹ​ച​ര്യത്തെ​ളി​വു​ക​ള്‍ മാ​ത്രം

ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​ത്ത കൊ​ല​പാ​ത​കക്കേ​സി​ല്‍ പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​തി​ല്‍ കൂ​ടു​ത​ലും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളാ​യി​രു​ന്നു. ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ച​ങ്ങ​ല കോ​ര്‍​ത്ത​തു​പോ​ലു​ള്ള തെ​ളി​വു​ക​ള്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. ശ​ക്ത​മാ​യി മ​ഴ പെ​യ്ത ദി​വ​സം സ്വ​ന്ത​മാ​യി കാ​റു​ണ്ടാ​യി​ട്ടും ബൈ​ക്കി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ദീ​ര്‍​ഘ യാ​ത്ര ന​ട​ത്തി​യ​തും വീ​ട്ടി​ലേ​ക്കു എ​ളു​പ്പ​വ​ഴി​യു​ണ്ടാ​യി​ട്ടും കൃ​ത്യ​ത്തി​നു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കു​ന്ന​തി​നാ​യി ചു​റ്റി വ​ള​ഞ്ഞു യാ​ത്ര ചെ​യ്ത​തും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് സ്വ​ന്തം പേ​ര് നോ​മി​നി​യാ​ക്കി ഭാ​ര്യ​യു​ടെ പേ​രി​ല്‍ 20 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് എ​ടു​ത്ത​തും ബൈ​ക്കി​ന്‍റെ ട​യ​ര്‍ പ​ഞ്ച​റാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ്ര​തി പ​റ​ഞ്ഞ​തു ക​ള​വാ​ണെ​ന്നു തെ​ളി​ഞ്ഞ​തും കു​റ്റ​പ​ത്ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റൂ​ട്ട് മാ​പ്പ്, ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്, മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട് എ​ന്നി​വ​യും കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

വി​ചാ​ര​ണ​യ്ക്കു മു​മ്പ് മു​ങ്ങി

കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കാ​തെ കേ​സ് നീ​ണ്ടു പോ​കു​ന്ന​തി​നെ​തി​രേ കൊ​ല്ല​പ്പെ​ട്ട സാ​ബി​റ​യു​ടെ പി​താ​വ് ഒ​ള​വ​ട്ടൂ​ര്‍ മാ​യ​ക്ക​ര കാ​വു​ങ്ങ​ല്‍ ത​ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ആ​റു​മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ക​മാ​ല്‍ പാ​ഷ ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2015 മാ​ര്‍​ച്ചി​ല്‍ പ്ര​തി​ക്ക് കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ള്‍​പ്പി​ക്കു​ക​യും ഏ​പ്രി​ല്‍ 22-ന് ​വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ന്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി ന​ട​പ​ടി നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. ഇ​തി​നി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി മു​ങ്ങി​യ​ത്.

ശി​ക്ഷ ഏ​ഴ് മാ​സം മാ​ത്രം..!

കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി ഏ​ഴു മാ​സം മാ​ത്ര​മാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ​ത്. കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ള്‍​ക്കാ​ന്‍ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ പ്ര​തി മു​ഹ​മ്മ​ദ് ഷെ​രീ​ഫ് 2015 ഏ​പ്രി​ല്‍ 22-ന് ​വി​ചാ​ര​ണ ആ​രം​ഭി​ച്ച ദി​വ​സം മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ജാ​മ്യം നി​ന്ന മാ​താ​വ് പി​ന്നീ​ട് മ​ര​ണ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ദേ​ബേ​ഷ് കു​മാ​ര്‍ ബെ​ഹ്റ വീ​ണ്ടും അ​ധി​കാ​ര​മേ​റ്റ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ നിർദേശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം പ​ല​രീ​തി​യി​ല്‍ മു​ന്നോ​ട്ടു പോ​യെ​ങ്കി​ലും പോ​ലീ​സി​ന് ഒ​രു തു​മ്പും ല​ഭി​ച്ചി​ല്ല. ക്ര​മേ​ണ അ​ന്വേ​ഷ​ണം തന്നെ നി​ല​ച്ചു.