+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ സെന്‍റ് തോമസ് സീറോ-മലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

മെൽബൺ : ന്യൂസിലൻഡിനെയും ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ മെൽബൺ സെന്‍റ് തോമസ് സീറോമലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്‍
മെൽബൺ സെന്‍റ് തോമസ് സീറോ-മലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു
മെൽബൺ : ന്യൂസിലൻഡിനെയും ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ മെൽബൺ സെന്‍റ് തോമസ് സീറോ-മലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്‍റെ തലവനായ കർദ്ദിനാൾ ലിയൊനാർഡോ സാന്ദ്രി മാർച്ച് 29 ന് ഇതു സംബന്ധിച്ചുള്ള ഡിക്രിയിൽ ഒപ്പുവച്ചു.

പുതിയ ഉത്തരവനുസരിച്ച് മെൽബൺ സെന്‍റ് തോമസ് സീറോ-മലബാർ രൂപതയുടെ അധികാരപരിധിയിൽ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനും പുറമെ ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെടും.

വർധിച്ചുവരുന്ന സീറോ-മലബാർ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള തീരുമാനം, തോമാശ്ലീഹായും പിൻഗാമികളും കൈമാറിയ സീറോ-മലബാർ ആത്മീയ പൈതൃകത്തെയും ആരാധനാക്രമ, സഭാ പാരമ്പര്യത്തെയും മെച്ചപ്പെടുത്തുമെന്ന് രൂപതയുടെ അറിയിപ്പിൽ പറയുന്നു.

സീറോ-മലബാർ വിശ്വാസികളുടെ അജപാലന ആവശ്യങ്ങൾ കൂടുതൽ നന്നായി നിറവേറ്റുന്നതിന് അധികാരപരിധി വിപുലീകരണം സഹായിക്കുമെന്ന് ഡിക്രിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലൻഡിലും ഓഷ്യാനിയ ദ്വീപ് സമൂഹങ്ങളിലുമുള്ള സീറോ-മലബാർ സഹോദരങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നു നൽകുന്നതാണ് പുതിയ തീരുമാനം. കുടിയേറ്റത്തിലൂടെ സീറോ-മലബാർ സഭ ഇപ്പോൾ കൂടുതൽ ആഗോളമാവുകയാണെന്ന് പരിശുദ്ധ സിംഹാസനവും ഓഷ്യാനിയയിലെ എപ്പിസ്കോപ്പൽ സമിതികളും അംഗീകരിക്കുന്നതിന്‍റെ അടയാളം കൂടിയാണിത്.

ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ഉത്തരവനുസരിച്ച് ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഓഷ്യാനിയ പ്രദേശങ്ങളിലെ എല്ലാ സീറോ-മലബാർ വിശ്വാസികളും ബിഷപ്പ് ബോസ്കോ പുത്തൂരിന്‍റെ അധികാരപരിധിയിൽ ഉൾപ്പെടുകയും ബോസ്കോ പുത്തൂർ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഓഷ്യാനിയ സീറോ-മലബാർ രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്യും.

രൂപതയിലെ എല്ലാ വൈദികരോടും വിശ്വാസികളോടും ചേർന്ന് ബിഷപ്പ് ബോസ്കോ പുത്തൂർ ദൈവത്തിന് നന്ദി പറയുകയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ, കർദ്ദിനാൾ ലിയൊനാർഡോ സാന്ദ്രി, പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘം, മേജർ ആർച്ച്ബിഷപ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി, സീറോ-മലബാർ സിനഡ്, ന്യൂസിലൻഡിലെയും ഓഷ്യാനിയയിലെയും നൂൺഷ്യോമാർ, മെത്രാൻ സമിതികൾ എന്നിവരെ നന്ദി അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ ഈ തീരുമാനം ഈ പ്രദേശത്തുടനീളമുള്ള മാർ തോമാശ്ലീഹായുടെ എല്ലാ പുത്രീപുത്രന്മാർക്കും നമ്മുടെ കർത്താവായ ഈശോമിശിഹായുടെ സുവിശേഷത്തിന് സീറോ-മലബാർ പൗരസ്ത്യ, ആത്മീയ, ആരാധനാക്രമ, സഭാ പാരമ്പര്യത്തിലൂടെ കൂടുതൽ തീക്ഷ്ണതയോടെ സാക്ഷ്യം വഹിക്കാനുള്ള ദൗത്യവും വെല്ലുവിളിയുമാണ് വാഗ്ദാനം ചെയ്യുന്നത്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ