ടി.ബി നോട്ടിഫിക്കേഷൻ
ക്ഷയരോഗം നോട്ടിഫൈഡ് രോഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 2012 ൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ക്ഷയരോഗിയെ എവിടെ നിർണയിച്ച് ചികിത്സിച്ചാലും അത് 'നിക്ഷയ്' എന്ന പോർട്ടലിൽ ചേർത്ത് ആരോഗ്യവകുപ്പിനെ അറിയിച്ചിരിക്കണം. ക്ഷയരോഗം മാറി എന്നുറപ്പാക്കുന്നതിനും രോഗിക്ക് സാമൂഹിക-സാന്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനും ക്ഷയരോഗത്തിനു സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തുന്നതിനും ഇത് അത്യാവശ്യമാണ്. ‘നിക്ഷയ്' നോട്ടിഫിക്കേഷനും രജിസ്ട്രേഷനും ക്ഷയരോഗനിയന്ത്രണത്തിന് അത്യാവശ്യമാണ്.
ക്ഷയരോഗ ചികിത്സ
സാധാരണ ക്ഷയരോഗത്തിന് എല്ലാ പരിശോധനകളും രോഗിയുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും എല്ലാം അറിഞ്ഞശേഷം ആറുമാസമാണ് മരുന്ന് നൽകുന്നത്.
ആരോഗ്യ പ്രവർത്തകരുടെ തുടർ പ്രവർത്തനങ്ങളും സർക്കാർ സാന്പത്തിക സഹായങ്ങളും ഉറപ്പാക്കുന്നു. മരുന്നിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ക്ഷയരോഗത്തിന് കൂടുതൽ കാലയളവും മരുന്നുകളും ആവശ്യമാണ്.
ഇപ്പോൾ ക്ഷയരോഗികൾക്ക് 99 ഡോട്സ് എന്ന ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് മരുന്നുകൾ നൽകുന്നത്. അതിനാൽ രോഗിക്ക് വീട്ടിലിരുന്നും മരുന്നുകൾ കഴിക്കാം. ഇടയ്ക്ക് തുടർ പരിശോധനകൾക്ക് ആരോഗ്യ കേന്ദ്രത്തിലെത്തിയാൽ മതി. രോഗം മാറി എന്നുറപ്പാക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങൾ ഇന്ന് ആരോഗ്യവകുപ്പിലുണ്ട്. രോഗനിർണയവും ചികിത്സയും സൗജന്യമാണ്.
സ്വകാര്യ ആശുപത്രികളിലും 99 ഡോട്സ് സംവിധാനം സൗജന്യമായി നടപ്പിലാക്കി വരുന്നുണ്ട്. രോഗിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ സൗജന്യ ചികിത്സ എല്ലായിടത്തും ലഭ്യമാക്കിവരികയാണ്.
ചികിത്സാ കാലയളവിൽ പോഷകാഹാര പദ്ധതി പ്രകാരം മാസം 500 രൂപ വീതമുള്ള സർക്കാർ ധനസഹായം മുടങ്ങാതെ മരുന്നു കഴിക്കുന്നവർക്ക് വരുമാനം നോക്കാതെ 'നിക്ഷയ്' രജിസ്ട്രേഷൻ വഴി ലഭ്യമാണ്.
ക്ഷയരോഗ നിയന്ത്രണം സർക്കാർ ആരോഗ്യമേഖല മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. സ്വകാര്യ മേഖലയും സംഘടനകളും ഓരോ വ്യക്തിയും ഇതിനായി മുന്നിട്ടിറങ്ങണം.
ക്ഷയരോഗം എളുപ്പത്തിൽ കണ്ടെത്താം
* രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ ഉള്ളവർ സൗജന്യ കഫ പരിശോധനയ്ക്ക് വിധേയമാകുക
* സൗജന്യ ഡോട്ട് ചികിത്സവഴി ക്ഷയരോഗം ഭേദമാക്കാം.
* പ്രമേഹമുള്ളവരും പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനകൾ നടത്തുക
* വായുജന്യ രോഗ പകർച്ച തടയുന്നതിന് ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല കൊണ്ട് വായ മൂടുക
* ക്ഷയരോഗ മരുന്നുകൾ മുടങ്ങാതെ കഴിക്കുക പ്രമേഹം നിയന്ത്രിച്ച് നിർത്തുക
* ക്ഷയരോഗം കണ്ടെത്തുക, ചികിത്സിക്കുക, ഭേദമാക്കുക.
തയാറാക്കിയത്: എം.കെ. ഉമേഷ് RNTCP
കണ്ണൂർ ജില്ലാ IEC കോർഡിനേറ്റർ
ചുമ രണ്ടാഴ്ചയിലധികം നീണ്ടുനിന്നാൽ കഫപരിശോധനയ്ക്ക് വിധേയമാകുക
03:14 PM Mar 26, 2019 | Deepika.com