+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബിയിൽ നിർമിക്കുന്ന സിഎസ്ഐ പള്ളിയുടെ ശിലാസ്ഥാപനം ശനിയാഴ്ച

അബുദാബി: യുഎഇയിലെ സിഎസ്ഐ സഭാ വിശ്വാസികളുടെ സ്വന്തം ആരാധനാലയമെന്ന നാലു പതിറ്റാണ്ടുകാലത്തെ മോഹം പൂവണിയുന്നു. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷിന് അബുദാബി സർക്കാർ നൽകിയ 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന ആര
അബുദാബിയിൽ നിർമിക്കുന്ന സിഎസ്ഐ പള്ളിയുടെ ശിലാസ്ഥാപനം ശനിയാഴ്ച
അബുദാബി: യുഎഇയിലെ സിഎസ്ഐ സഭാ വിശ്വാസികളുടെ സ്വന്തം ആരാധനാലയമെന്ന നാലു പതിറ്റാണ്ടുകാലത്തെ മോഹം പൂവണിയുന്നു. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷിന് അബുദാബി സർക്കാർ നൽകിയ 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന ആരാധനാലയത്തിന്‍റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 8.30ന് നടക്കും. സിഎസ്ഐ സഭാ പരമാധ്യക്ഷൻ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ ശിലാസ്ഥാപനം നിർവഹിക്കും. അബൂമുറൈഖയിൽ ബാപ്സ് ഹിന്ദു ക്ഷേത്രത്തിനു സമീപത്തായാണ് സിഎസ്ഐ ആരാധനാലയം സജ്ജമാകുക.

90 ലക്ഷം ദിർഹം ചെലവിൽ 1200 ചതുരശ്ര മീറ്റർ (12,000 ചതുരശ്ര അടി) സ്ഥലത്താണ് ആരാധനാലയം നിർമിക്കുന്നത്. 750 പേർക്ക് പ്രാർഥനാ സൗകര്യമുണ്ടാകും.

ശിലാസ്ഥാപനത്തിനു മുന്നോടിയായുള്ള സ്റ്റോണ്‍ ബ്ലസിംഗ്് ചടങ്ങ് ശനിയാഴ്ച വൈകിട്ട് 6ന് സെന്‍റ് ആൻഡ്രൂസ് ചർച്ചിൽ നടക്കും. മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ ഉമ്മൻ നേതൃത്വം പ്രാർഥനയ്ക്കു നൽകും. ചടങ്ങിൽ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ വിശിഷ്ടാതിഥിയായിരിക്കും. സാമൂഹിക വികസന വകുപ്പ്, അബുദാബി ഇസ്ലാമിക് അഫയേഴ്സ് പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സഭക്ക് ലോകമെന്പാടും 40 ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്നും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ആരാധിക്കാൻ ഇവിടെ സൗകര്യങ്ങളുണ്ടാകുമെന്നും റവ. തോമസ് കെ ഉമ്മൻ പറഞ്ഞു. സ്ഥലം അനുവദിച്ച അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇതര വകുപ്പ് ഉദ്യോഗസ്ഥർക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. ഇതോടനുബന്ധിച്ച് 40 വർഷം പൂർത്തിയാക്കിയ സഭാവിശ്വാസികളായ 5 പേരെ ആദരിക്കുമെന്നും പറഞ്ഞു.

നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സഭാവിശ്വാസികളിൽനിന്നാണ് തുക കണ്ടെത്തുകയെന്നും സിഎസ്ഐ പാരിഷ് വികാരി റവ. സോജി വർഗീസ് ജോണ്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് കമ്മ്യൂണിറ്റി ഹാൾ, ലൈബ്രറി, പാർസനേജ് എന്നിവയും പിന്നീട് നിർമിക്കും. റവ. ജോണ്‍ ഐസക്ക് (ക്ലർജി സെക്രട്ടറി, മധ്യകേരള മഹാ ഇടവക), ജോർജ് മാത്യു(വൈസ് പ്രസിഡന്‍റ്), ചെറിയാൻ വർഗീസ് (ജനറൽ കോഓർഡിനേറ്റർ), ബിജു ജോണ്‍ (മീഡിയ കോഓർഡിനേറ്റർ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള