ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

08:31 PM Aug 26, 2019 | Deepika.com
ഓസ്ലോ (നോര്‍വെ): പ്രവാസി മലയാളികള്‍ക്കായുള്ള 2019ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഓഗസ്റ്റ് 24 ന് ഓസ്ലോയിലെ സ്കാൻഡി സോളി ഹോട്ടലിൽ നടന്ന ചടങ്ങിൽ നോര്‍വെ നൊതോടന്‍ സിറ്റി മേയര്‍ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്‌ലിങര്‍, നോർവേ പാർലമെൻറ് അംഗം ഹിമാൻഷു ഗുലാത്തി എന്നിവർ ചേർന്ന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

വി.എ.ഹസന്‍ (ദുബായ്), ഡോ. ലാലി സാമുവല്‍ (ന്യൂസിലന്‍റ്), ബാബു വര്‍ഗീസ് ( യുഎസ്എ), ഡോ. രാംകുമാര്‍ നായര്‍ (സ്വീഡന്‍), ബിജു വര്‍ഗീസ് (ഇന്ത്യ) റ്റി.ബി. കുരുവിള (ജപ്പാന്‍), മികച്ച പ്രവാസി മലയാളി സംഘടന എന്‍റെ കേരളം ഓസ്‌ട്രേലിയയ്ക്കു വേണ്ടി പ്രസിഡന്‍റ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറി ആൽഫ്രഡ് മാത്യു എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

നോർവേയിലെ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ അമർ ജീത്, ജൂറി ചെയർമാൻ ഐവാന്‍ നിഗ്ലി, മുൻ ഗർഷോം പുരസ്‌കാര ജേതാവ് അബ്ദുള്ള കോയ, നോർവേജിൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബിന്ദു സാറ വർഗീസ്, സ്കാൻഡിനേവിയൻ ടൂർസ് ഡയറക്ടർ ജോസ്റ്റീൻ മീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്‍റ് ജിൻസ് പോൾ, ജയ്‌ജോ ജോസഫ്, ബി.എ. ശ്രീകുമാർ, ജോളി ജോസഫ്, ജോസ് തറയിൽ ജോൺ, എബജിൻ ജോൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. മുന്‍ കര്‍ണാടക എംഎല്‍എ ഐവാന്‍ നിഗ്ലി ചെയര്‍മാനായും നോര്‍വെ ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ബിന്ദു സാറ വര്‍ഗീസ്, മലയാളം സര്‍വകലാശാല അസിസ്റ്റന്‍റ് പ്രഫ. അന്‍വര്‍ അബ്ദുള്ള, ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ജിന്‍സ് പോള്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.