നിലന്പൂർ: ലോക്ഡൗണിൽ വെറ്റിലകൃഷിയുമായി ഇരട്ടകളായ കുട്ടി കർഷകർ. ചാലിയാർ പഞ്ചായത്തിലെ അകന്പാടം കല്ലേങ്ങൽ ഷബീറലി-റംലത്ത് ദന്പതികളുടെ ഇരട്ട കുട്ടികളായ ഷാദിലും ഷാമിലും. ഇവരുടെ വീട്ടുമുറ്റത്ത് ഇപ്പോൾ വിളവ് എടുത്തു തുടങ്ങിയ വെറ്റില കൃഷി കാണാം.
ലോക് ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് എരഞ്ഞിമങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരായ ഇവർക്ക് കൃഷി ചെയ്യണമെന്ന ആശയം ഉണ്ടായത്. ഉമ്മയുടെ പിതാവും പരന്പരാഗത കർഷകനുമായ പുളിക്കൽ താഴെ പറന്പിൽ മൊയ്തീൻ കുട്ടിയുടെ കൃഷിയിടത്തിലെ വെറ്റില കൃഷി തന്നെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ പിന്തുണയുമായി ഇവർക്കൊപ്പം എത്തി.
കാലിയായി കിടന്ന സ്ഥലം ഒരുക്കി വെറ്റിലകൃഷി തുടങ്ങി. കവുങ്ങിന്റെ അലകുകൾ കൊണ്ട് പന്തൽ കെട്ടി അധികം സൂര്യപ്രകാശം ഏൽക്കാതെ മുകളിൽ വലയും കെട്ടി. ഇപ്പോൾ ഇവർ വലിയ സന്തോഷത്തിലാണ്. വെറ്റില വിൽപ്പനയും തുടങ്ങി. ലോക്ഡൗണ് കാലമായതിനാൽ 80 വെറ്റിലകൾ അടങ്ങിയ ഒരു കെട്ടിന് 40 രൂപയേ ലഭിക്കുന്നുള്ളു. ഇതിൽ കുട്ടി കർഷകർ സംതൃപ്തരാണ്.
സ്വന്തം പഠന ആവശ്യങ്ങൾക്കും മറ്റും കൃഷിയിലൂടെ സന്പാദിക്കുന്നതിനു പുറമെ ഈ കോവിഡ് നാളുകളിൽ തങ്ങളുടെ കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം മാതാപിതാക്കൾക്കും നൽകണം.
ജൈവകൃഷി രീതിയാണ് ഇവർ പ്രയോഗിക്കുന്നത്. ചാണകം -വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. നനക്കുന്നതിന് സ്പിംഗ്ളർ ഉപയോഗിച്ചിരുന്നു. ഇടമഴ ലഭിച്ചതിനാൽ ഇപ്പോൾ നനയ്ക്കുന്നില്ല. കൃഷി വരുമാന മാർഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പച്ചക്കറി കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണീ കൊച്ചുകർഷകർ.
ലോക്ഡൗണിൽ വെറ്റിലകൃഷിയുമായി എട്ടാംക്ലാസുകാരായ ഇരട്ടകൾ
12:03 AM May 25, 2021 | Deepika.com