കുളത്തൂപ്പുഴ: മുക്കാല്‍സെന്റ് കോളനി പ്രദേശത്തെ കാലങ്ങളായുള്ള വെള്ളക്കെട്ടിനു താല്കാലിക പരിഹാരമായി ഓട നിര്‍മ്മിച്ചു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാലി വാര്‍ഡില്‍ ഉള്‍പ്പെട്ട കല്ലുവെട്ടാംകുഴി മുക്കാല്‍ സെന്റ് കോളനിയിലേക്കുള്ള പാതയുടെ ഓരത്തായി ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് ഓട നിര്‍മ്മിച്ചു നല്കി. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് ദിവസങ്ങളായുള്ള മഴയില്‍ പാതയിലാകമാനം വെളളം കെട്ടിനില്ക്കുകയും കാല്‍നടയാത്ര പോലും ദുഷ്കരമായ നിലയിലുമായിരുന്നു.
കൂടാതെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രദേശത്ത് സൗകര്യമില്ലാത്തതിനാല്‍ സമീപവാസികള്‍ പാതയോരത്ത് വനത്തിറമ്പിലായാണ് മാലിന്യം നിക്ഷേപിച്ചിരുന്നത്.
ശക്തമായ മഴയില്‍ അഴുകിയ മാലിന്യങ്ങളില്‍ നിന്നും ഒലിച്ചിറങ്ങുന്ന നിറഞ്ഞ മലിന ജലവും ദുര്‍ഗന്ധവും പാതയിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നതിനാല്‍ ദുഷ്കരമായ അവസ്ഥയിലായിരുന്നു പൊതുജനം.
വനപാലകരുടെ അനുമതിയോടെ വനത്തില്‍ കുഴിയെടുത്ത് മാലിന്യങ്ങള്‍ കുഴിച്ചു മൂടുകയും പാതയോരത്തു ഓട നിര്‍മ്മിച്ചു വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകി പോകുന്നതിനു താല്‍ക്കാലിക സംവിധാനമൊരുക്കുകയും കൊതുകു നിര്‍മ്മാര്‍ജനത്തിനായി ക്ലോറിനേഷനും മറ്റും നടത്തുകയും ചെയ്തതായി ഗ്രാമപഞ്ചായത്തംഗം സാബു ഏബ്രഹാം പറഞ്ഞു.
വെള്ളക്കെട്ടിന് പരിഹാരമായി ഓട നിര്‍മിച്ചു
11:11 PM May 24, 2021 | Deepika.com