കൊല്ലം: മത്സ്യബന്ധനവും ഹാർബറുകളിലെ മത്സ്യവിപണനവും പൂർണ നിരീക്ഷണത്തിലാക്കി സിറ്റി പോലീസ്. കൊല്ലം, ശക്തികുളങ്ങര, അഴീക്കൽ എന്നീ ഹാർബറുകളിൽ പ്രവേശനം മുതൽ എല്ലാ കാര്യങ്ങളിലും സിറ്റി പോലീസിന്റെ ശക്തമായ നിയന്ത്രണത്തിലാണ്.
പോലീസിനെ സഹായിക്കുന്നതിന് അധ്യാപകർ ഉൾപ്പെടെയുളള 90 സർക്കാർ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെയും സീനിയർ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, സിവിൽ ഡിഫൻസ്, ജനമൈത്രി, എൻഎസ്എസ് വാളണ്ടിയർമാർ എന്നിവരുൾപ്പെട്ടവരാണ് ഹാർബറുകളിൽ തിരക്ക് നിയന്ത്രിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് ഹാർബറുകളിൽ പ്രവേശനം അനുവദിച്ചത്.
കോവിഡ് മാനദണ്ഡം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ യാനങ്ങൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
ട്രിപ്പിൾ ലോക്ക്ഡൗണ്‍ മേഖലയിൽ ഏർപ്പെടുത്തിയ അധിക സുരക്ഷ കോർപ്പറേഷൻ പരിധിയിലും ചവറ ഗ്രാമപഞ്ചായത്ത് പരിധിയിലേയും പ്രദേശങ്ങളേയും കൂടി വ്യാപിപ്പിച്ച് ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാസ്ക് ശരിയാം വിധം ധരിക്കാതിരുന്നതിനും 612 പേരും സാമൂഹ്യ അകലം പാലിക്കാതിരുന്ന 493 പേരും പിഴ ഒടുക്കി. കോവിഡ് മാനദണ്ഡം പാലിക്കാതിരുന്ന 46 കടകൾ അടച്ച് പൂട്ടുകയും 104 വാഹനങ്ങൾ പിടിച്ചെടുക്കുകയും 63 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കമ്മീഷണർ അറിയിച്ചു.
മത്സ്യവ്യാപാരം പോലീസ് നിരീക്ഷണത്തിൽ; രണ്ട് യാനങ്ങൾ പിടിച്ചെടുത്തു
10:05 PM May 24, 2021 | Deepika.com