കോട്ടയം: ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണം ജില്ലയിൽ ആരംഭിച്ചു. ടണ്‍ കണക്കിനു പച്ചക്കപ്പ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഹോർട്ടി കോർപ്. ലോക്ഡൗണ്‍കാലത്ത് വിളവെടുത്ത് വിൽപന നടത്താനാകാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പാണ് ഹോർട്ടികോർപ് മുഖാന്തരം പച്ചക്കറി സംഭരണം ആരംഭിച്ചത്.
ഇതിനായി ജില്ലയിൽ ഹെൽപ് ഡെസ്കും തുറന്നു. ഹെൽപ് ഡെസ്കിലേക്ക് തുടർച്ചയായി കർഷകരുടെ ഫോണ്‍ കോൾ വന്നിരുന്നു. കപ്പയുണ്ട് സംഭരിക്കാമോ എന്നായിരുന്നു ചോദ്യം. ചെറിയ അളവൊന്നുമല്ല അഞ്ചു മുതൽ 25 ടണ്‍വരെ കപ്പ സംഭരിക്കണമെന്നാണു കർഷകരുടെ ആവശ്യം.
പച്ചക്കറി സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കർഷകനും വിളിച്ചില്ല. വാഴക്കുലകൾക്കായി ഏതാനും കർഷകർ വിളിച്ചു. ഹോർട്ടികോർപിന് സംഭരണശാലയുണ്ടെങ്കിലും കപ്പ വൻതോതിൽ സംഭരിക്കാൻ പറ്റില്ല. കപ്പ കേടായി പോകും. അതിനാൽ 400 കിലോ വരെ മാത്രമാണ് സംഭരിച്ചത്.
സാധാരണ ഹോർട്ടികോർപ് സംഭരിക്കുന്ന പച്ചക്കറികൾ ജില്ലാ ജയിൽ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, സഹകരണ സംഘങ്ങൾ എന്നിവയ്ക്കാണ് നൽകിവന്നിരുന്നത്.
ലോക്ഡൗണ്‍ കാലമായതിനാൽ ഇവിടങ്ങളിലൊന്നും കാര്യമായ സാധങ്ങൾ വേണ്ട. ഇതോടെ സംഭരിച്ച കപ്പ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഹോർട്ടികോർപ് അധികൃതർ.
കാലിത്തീറ്റ ഫാക്ടറികൾ, കപ്പകൊണ്ടു വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകാനാണ് ധാരണ. സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില ഉറപ്പാക്കിയാണ് സംഭരണം നടക്കുന്നത്.
കപ്പ കർഷകരെ സഹായിക്കാൻ ഉണക്കുകപ്പ റേഷൻ കിറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഹോർട്ടികോർപ് പച്ചക്കറി സംഭരണം ആരംഭിച്ചു
10:01 PM May 24, 2021 | Deepika.com