കോട്ടയം: മഴയ്ക്കും വെള്ളക്കെട്ടിനും ശമനമുണ്ടായതോടെ പാടങ്ങൾ വറ്റിച്ച് വിതയ്ക്ക് കാത്തിരിക്കുന്ന കർഷകർക്ക് വിത്തു കിട്ടാനില്ല. കൃഷിഭവൻ മുഖേന കിലോയ്ക്ക് 42 രൂപ നിരക്കിൽ ഉമ വിത്ത് വിതരണം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വിത്ത് വേണ്ടിടത്തോളം ലഭ്യമല്ല.
കോവിഡ് ലോക്ക് ഡൗണിൽ കൃഷി ഭവനുകളിലെത്തി വിത്ത് വാങ്ങാനും തൊഴിലാളികളെ എത്തിച്ചു വിതയ്ക്കാനും സാധിക്കാത്ത സാഹചര്യത്തിലാണ് കർഷകർ. ജില്ലയിലെ ഏറെ കർഷകരും വിതയ്ക്കുന്നത് മങ്കൊന്പ് നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഉമ ഇനം നെൽവിത്താണ്.
ഉമ ലഭിക്കാത്ത സാഹചര്യത്തിൽ ജ്യോതി, ശ്രേയസ്, ജയ തുടങ്ങിയ വിത്തിനങ്ങൾ വിതയ്ക്കേണ്ട സാഹചര്യമാണ്. പ്രളയത്തെ നേരിടാനും കൂടുതൽ വിളവു നേടാനും സഹായകരമായ ഉമ ലഭിക്കുന്നില്ലെങ്കിൽ വിത ഒഴിവാക്കാൻ കർഷകർ നിർബന്ധിതരാകും. ഹെക്ടർ കണക്കിനു കൃഷിയിറക്കുന്ന പാടശേഖര സമിതികൾക്കു വലിയ അളവിൽ വിത്ത് ആവശ്യവുമാണ്.
കേരളത്തിനു പുറത്തുനിന്നു വരുന്ന വിത്തിന് എത്രത്തോളം ഗുണമേന്മയുണ്ടെന്നും പ്രതിരോധശേഷിയുണ്ടെന്നും വ്യക്തമല്ല. മുൻ വർഷങ്ങളിൽ ഉമ എന്ന പേരിൽ ലഭിച്ചത് മറ്റിനങ്ങളായിരുന്നു എന്ന പരാതിയും നിലവിലുണ്ട്. വേണ്ടിടത്തോളം മഴ ലഭിച്ച സാഹചര്യത്തിൽ കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ് വിത നടത്താൻ കാത്തിരിക്കുകയാണ് കർഷകർ.
ഉമ വിത്തിനു കടുത്ത ക്ഷാമം; വിത വൈകാൻ സാധ്യത
10:01 PM May 24, 2021 | Deepika.com