കോട്ടയം: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം അവസാനിക്കുന്ന മുറയ്ക്കു വിനോദസഞ്ചാര മേഖലയെ സജ്ജമാക്കുവാനുള്ള നടപടികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് വൈകുമെന്നതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ടൂറിസം മേഖല ലക്ഷ്യമിടുന്നത്.
തദ്ദേശീയരായ വിനോദ സഞ്ചാരികളെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു കൂടുതൽ യാത്ര ചെയ്യുവാൻ പ്രേരിപ്പിക്കുന്ന പദ്ധതികൾക്ക് ഉടൻതന്നെ രൂപം നൽകാൻ കഴിഞ്ഞദിവസം ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ഇതിന്റെ ഭാഗമായി ജില്ലയിൽ കുമരകത്തെയും ഇല്ലിക്കൽക്കല്ലിലെയും ഉൾപ്പെടെയുള്ള വിവിധ ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പാക്കേജുകളും പ്രവർത്തനങ്ങളും വേഗത്തിലാക്കും. അടിയന്തരവും വിശദവുമായ പദ്ധതി രൂപരേഖ തയാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജൂണ്‍ രണ്ടാം വാരത്തോടെ കോവിഡിന്റെ രണ്ടാം തരംഗത്തിന് ശക്തി കുറയുമെന്ന വിലയിരുത്തലിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനുള്ള പദ്ധതികളാണു വിഭാവനം ചെയ്തിട്ടുള്ളത്. ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുന്ന ടൂറിസം മേഖലയുടെ പുനരുജ്ജീവനം ഈ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുമെന്നാണ് ടൂറിസം വകുപ്പ് കരുതുന്നത്.
സഞ്ചാരികൾക്ക് ആത്മവിശ്വാസം പകരുന്നതിനും കേരള ടൂറിസം ബ്രാൻഡ് ടൂറിസം വിപണികളിൽ ഫലപ്രദമായി എത്തിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള ശക്തമായ വിപണനതന്ത്രങ്ങളും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതിനും കരുതൽ നൽകും.
വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ഫലപ്രദമായി ബന്ധിപ്പിച്ചു കൂടുതൽ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കും. റോഡുകൾ ഉൾപ്പെടെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾക്കു മുൻഗണന നൽകും. ലോകനിലവാരത്തിലുള്ള ശുചിമുറി സൗകര്യങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കായി ഒരുക്കും.
മാലിന്യമുക്ത ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെയുള്ള ബൃഹദ് പദ്ധതിക്കും അടിയന്തരമായി രൂപം നൽകും. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ സമീപഭാവിയിൽ കൂടുതൽ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുവാനാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.
ജില്ലയുടെ സംസ്കാരവും ഭൂപ്രകൃതിയുടെ മനോഹാരിതയും രുചിവൈവിധ്യങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഉയർത്തിക്കാട്ടി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. ടൂറിസം സംരംഭകർക്കായുള്ള വിവിധ അപ്രൂവൽ, ക്ലാസിഫിക്കേഷൻ സ്കീമുകൾ ഒരു മാസത്തിനകം ഓണ്‍ലൈൻ ആക്കും.
ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരായ ബഹുജനങ്ങളിലേക്ക് എത്തിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു പദ്ധതി തയാറാക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രോത്സാഹനമാകുംവിധം കോവിഡ് പ്രോട്ടോകോൾ തയാറാക്കുവാൻ ആരോഗ്യ വകുപ്പുമായി ചർച്ച നടത്തും.
അർഹരായ ടൂറിസം പ്രവർത്തകർക്ക് വാക്സിനേഷൻ നൽകുന്നതോടൊപ്പം ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്കു ഭാവിയിലെ ലോക ടൂറിസം സങ്കൽപ്പങ്ങൾക്ക് അനുസൃതമായ തൊഴിൽ പരിശീലനം നൽകുവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ നടപടികളുമായി ടൂറിസം വകുപ്പ്
10:01 PM May 24, 2021 | Deepika.com