കോട്ടയം: കോവിഡ് ബാധിതരുടെ ദിവസ വ്യാപന നിരക്കിൽ ഗണ്യമായ കുറവ് രണ്ടാഴ്ചയ്ക്കുള്ളിൽ രേഖപ്പെടുത്തിയെങ്കിലും മരണനിരക്ക് ഉയർന്നുതന്നെ. 1.75 ലക്ഷം പേർക്ക് 14 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചിരിക്കെ ഇതോടകം ആകെ മരണം സർക്കാർ രേഖകളിൽ 371. നൂറ് പേർക്ക് കോവിഡ് ബാധിക്കുന്പോൾ ജില്ലയിൽ നിലവിലെ മരണനിരക്ക് .35 ശതമാനം.
അനൗദ്യോഗിക കണക്കിൽ മരണം 500നു മുകളിലാണെന്നാണ് സൂചന. കോവിഡ് നെഗറ്റീവായശേഷം മരണം സംഭവിച്ചവരുടെ കൃത്യമായ എണ്ണം സർക്കാർ രേഖകളിലുമില്ല. കോവിഡ് നെഗറ്റീവായശേഷം തുടർ ചികിത്സയിലോ, ഹൃദയസ്തംഭനം പോലെ പെട്ടെന്നോ സംഭവിക്കുന്ന മരണങ്ങൾ ലിസ്റ്റിൽ ഇടംപിടിക്കാറില്ല.രോഗബാധിതരുടെ ദിവസനിരക്ക് ഒരു മാസത്തിനുള്ളിൽ 1500 എന്ന തോതിലേക്ക് താഴ്ന്നെങ്കിലും ഒരു മാസത്തിനുള്ളിലുണ്ടായ മരണനിരക്ക് ആശങ്ക ജനിപ്പിക്കുന്നു.
ജില്ലയിൽ 100 മരണം സംഭവിച്ചത് ഏപ്രിൽ 15നുശേഷമാണ്. അതായത് ഒന്നര മാസത്തിനുള്ളിൽ. ഇതിൽ തന്നെ മരിച്ചവരുടെ ശരാശരി പ്രായം 35 -60 വയസാണ്. 50 വയസിൽ താഴെ പ്രായമുള്ള 40 പേർക്ക് ഒരു മാസത്തിനുള്ളിൽ മരണം സംഭവിച്ചു.
ഇന്നലെ രോഗനിരക്ക് 1090ൽ എത്തിയെങ്കിലും നിലവിൽ വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 200നു മുകളിലാണ്. ഒരാഴ്ചയായി പരിശോധനയുടെ എണ്ണത്തിൽ വലിയ കുറവു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്.
കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷവും കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, കോട്ടയം, പാറത്തോട്, എലിക്കുളം എന്നിവിടങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയർന്ന നിരക്കിലാണ്.
കോവിഡ് നിരക്ക് കുറയുന്പോഴും മരണനിരക്ക് ഉയർന്നുതന്നെ
10:01 PM May 24, 2021 | Deepika.com