മൂലമറ്റം: ഇലപ്പള്ളി - അനൂർ പ്രദേശവാസികൾക്ക് യാത്ര ചെയ്യണമെങ്കിൽ ഇപ്പോഴും കാൽനടതന്നെ ശരണം. ആദിവാസി മേഖലയായ ഇവിടുത്തെ പ്രദേശവാസികൾക്ക് ഏഴു പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് ഒരിക്കലെങ്കിലും വാഹനത്തിൽ ഇലപ്പള്ളി-അനൂർ-പുള്ളിക്കാനം ലിങ്ക് റോഡു വഴി യാത്ര ചെയ്യണമെന്നത്.
ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള റോഡാണെങ്കിലും ഇപ്പോളും വലിയ കല്ലുകൾ നിറഞ്ഞ റോഡ് ദുർഘട പാതയാണ്. അറക്കുളം പഞ്ചായത്തിലെ ഒൻപത്, പത്ത് വാർഡുകളിലൂടെ കടന്നുപോകുന്ന മൂന്നര കിലോമീറ്റർ റോഡിന്റെ അവസ്ഥ അതിദയനീയമാണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും റോഡ് നിർമിക്കാമെന്ന് ഉറപ്പു നൽകുന്നവർ പിന്നീടു തിരിഞ്ഞു നോക്കാറില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി.
വർഷങ്ങൾക്ക് മുന്പ് അനൂർ പ്രദേശം ഗ്രീൻവാലി പദ്ധതിയിൽ പെടുത്തിയിരുന്നതാണ്. അൻപതോളം കുടുംബങ്ങൾക്കാണ് ഈ റോഡ് ഗതാഗത യോഗ്യമായാൽ പ്രയോജനപ്പെടുക. ഇതിൽ നാൽപ്പത്തഞ്ചും ആദിവാസി കുടുംബങ്ങളാണ്. അനൂര് അങ്കൻവാടിയും, പള്ളിയുമുണ്ട്. ഇവിടേയ്ക്ക് സാധനങ്ങൾ എത്തിക്കണമെങ്കിൽത്തന്നെ ഏറെ ക്ലേശിക്കണം. രോഗികളെ ചുമന്ന് കൊണ്ടു പോകുന്ന അവസ്ഥയാണ്.
നാലുവർഷം മുൻപ് ഇലപ്പള്ളി അനൂർ റോഡ് നബാർഡിന്റെ സഹായത്തോടെ നിർമിക്കുമെന്ന് കാണിച്ചു ബോർഡ് സ്ഥാപിച്ചു. തുടർന്ന് 55 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ ചിലർ പരാതി നൽകിയതിനെത്തുടർന്ന് നബാർഡിന്റെ പണവും ലാപ്സായി. ജനപ്രതിനിധികൾ ആകട്ടെ ഓരോ തവണയും പ്രതീക്ഷ നൽകുന്നതല്ലാതെ നടപ്പിലാകുന്നില്ല. അടിയന്തരമായി റോഡ് നിർമാണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇലപ്പള്ളി-അനൂർ പ്രദേശവാസികളുടെ ദുരിതയാത്രയ്ക്ക് അറുതിയില്ല
09:42 PM May 24, 2021 | Deepika.com