നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ കിറ്റ് ചലഞ്ചിന് മികച്ച പ്രതികരണം. നഗര പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ഉപയോഗിക്കുന്നതിനായാണ് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ കിറ്റ് ചലഞ്ചിന് രൂപം നല്‍കിയത്. ഇങ്ങനെ സ്വരൂപിച്ച മാസ്ക്ക്, സാനിറ്റെസർ, പിപിഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, കണ്ണട, ഗ്ലൗസ് തുടങ്ങിയവ നഗരസഭ ശുചീകരണ തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ ഏറ്റുവാങ്ങി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ സമാഹരിക്കുന്നത്. നഗരസഭ പരിധിയിലെ പിഎച്ച്സി വഴി ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും സന്നദ്ധ പ്രവർത്തകർക്കും വിതരണം ചെയ്യും.