മൂന്നാർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ തോട്ടം മേഖലയിലും കേരള - തമിഴ്നാട് അതിർത്തി ഗ്രാമമായ വട്ടവടയിലും അതീവജാഗ്രത. ആരോഗ്യവകുപ്പും ഇതര സർക്കാർ വകുപ്പുകളും നടപടികൾ കൂടുതൽ ഉൗർജിതമാക്കി. മൂന്നാർ, ദേവികുളം, പള്ളിവാസൽ പഞ്ചായത്തുകളിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു.
മൂന്നു പഞ്ചായത്തുകളിലുമായി 772 പേരിലാണ്് രോഗം സ്ഥിരീകരിച്ചത്. മൂന്നാറിൽ ഇതുവരെ 244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവികുളത്ത് 132 ഉം പള്ളിവാസലിൽ 396 രോഗികളുമാണുള്ളത്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പള്ളിവാസൽ പഞ്ചായത്തിനു കീഴിലുള്ള ചിത്തിരപുരം, കല്ലാർ എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മൂന്നാർ പഞ്ചായത്തിലെ എസ്റ്റേറ്റു പ്രദേശങ്ങളിൾ തീവ്രവ്യാപനത്തിനുള്ള സാധ്യതയേറിയതോടെ ആരോഗ്യവകുപ്പിന്റെയും തദ്ദേശഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ദേവികുളത്ത് നാലു പേരും മൂന്നാറിൽ മൂന്നു പേരും, പള്ളിവാസൽ, വട്ടവട പഞ്ചായത്തുകളിൽ ഓരോരുത്തരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മൂന്നാർ പഞ്ചായത്തിലെ മൂന്ന്, നാല്, ഏഴ് വാർഡുകളും പള്ളിവാസൽ പഞ്ചായത്തിലെ ആത്തുക്കാട്, പവർഹൗസ് വാർഡുകളും ദേവികുളത്തിന്റെ ഏഴ്, എട്ട്, 11 വാർഡുകളും കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട.
അതിർത്തി ഗ്രാമമായ വട്ടവടയിൽ ഇതുവരെ 94 പേരിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.
തോട്ടംമേഖലയിലെ മൂന്നു പഞ്ചായത്തുകളിലെ രോഗബാധിതരുടെ എണ്ണം 700 കടന്നു
10:10 PM May 23, 2021 | Deepika.com