തൊടുപുഴ: ലക്ഷങ്ങൾ മുടക്കി പൈനാപ്പിൾ കൃഷിക്കിറങ്ങിയ കർഷകൻ പ്രതിസന്ധിയിൽ. അന്‍പത് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിൾ കൃഷി ചെയ്ത തെക്കുംഭാഗം സ്വദേശി ജോജി മൈലാടൂർ വിളവെടുക്കാറായ പൈനാപ്പിളുകൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
ലോക്ഡൗണിനെ തുടർന്ന് വിളവെടുപ്പിനും വിൽപ്പനക്കും മാർഗമില്ലാതായതോടെയാണ് പൈനാപ്പിൾ കർഷകനായ ജോജി പ്രതിസന്ധിയിലായത്. വിളവെടുപ്പിന് പാകമായ പൈനാപ്പിളുകൾ തോട്ടത്തിൽ കിടന്ന് ചീയുന്ന നിലയിലാണ്. ലോക്ഡൗണായതിനാൽ ചെറുകിട തോട്ടങ്ങളിൽ നിന്ന് വിളവെടുക്കാനും സാധിക്കുന്നില്ല. കഴിഞ്ഞ വർഷവും ഇതേപോലെ ലോക്ഡൗണിനെത്തുടർന്ന് വിളവെടുക്കാനാകാതെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇപ്പോൾ ഒരേക്കറിൽ ഒരു ലക്ഷം രൂപയെങ്കിലും നഷ്ടത്തിലാണ്.
ഒരു ചെടി കായ്ക്കുന്നതുവരെ 30- 35 രൂപവരെ കർഷകന് ഉത്പ്പാദനച്ചിലവ് വരുന്നുണ്ട്. കോവിഡിന് മുന്‍പ് ഫസ്റ്റ് ഗ്രേഡ് പൈനാപ്പിളിന് ശരാശരി 40 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വില പത്ത് രൂപയായി കൂപ്പു കുത്തി. ലക്ഷങ്ങളുടെ നഷ്ടം സഹിച്ച് കർഷകർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും കൃഷി വകുപ്പ് അടിയന്തരമായി ഇടപെട്ട് കർഷകരുടെ പ്രശ്നത്തിന് പരിഹാരം കാണമെന്നാണ് ജോജി ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യം.
തകർന്നടിഞ്ഞ് പൈനാപ്പിൾ കർഷകൻ
10:06 PM May 23, 2021 | Deepika.com