ആറ്റിങ്ങൽ: നഗരസഭ വാർഡ് 15 വലിയകുന്ന് നവഭാരത് സ്കൂളിൽ സെന്റിനിയൽ സർവെ സംഘടിപ്പിച്ചു. 50 പേർക്ക് ആന്റിജൻ ടെസ്റ്റും, രണ്ടു പേർക്ക് ആർടിപിസിആർ പരിശോധനയും നടത്തി. ആകെ 52 പേരെ പരിശോധിച്ചതിൽ ഒന്പതു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ വാർഡ് 15ലെ താമസക്കാരായ നാലുപേർക്കും വാർഡ് 16ലെ താമസക്കാരായ അഞ്ച് പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേരെ സിഎഫ്എൽടിസിയിലും, ഏഴുപേരെ ഹോം ഐസൊലേഷനിലും പ്രവേശിപ്പിച്ചു. ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം കൗൺസിലർമാരായ എം.താഹിർ, ഒ.പി.ഷീജ, ജെഎച്ച്ഐ മഞ്ചു, ആശാവർക്കർ ബിന്ദു, ഷീബ, വോളന്റിയർമാരായ അനസ്, അഖിൽ, രവിശങ്കർ, അജയ് പ്രദീപ്, കണ്ണൻ തുടങ്ങിയവരും സർവെയ്ക്ക് നേതൃത്വം നൽകി. നഗരസഭ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കി.
നഗരസഭ പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടപ്പിലാക്കുന്ന ഇത്തരം ക്യാമ്പുകളുടെ സഹായത്തോടെ രോഗികളുടെ എണ്ണവും രോഗവ്യാപന തീവ്രതയും മനസിലാക്കാൻ സാധിക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗം നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
വലിയകുന്ന് നവഭാരത് സ്കൂളിൽ സെന്റിനിയൽ സർവെ സംഘടിപ്പിച്ചു
12:01 AM May 23, 2021 | Deepika.com