കോഴിക്കോട്: മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥന മാനിച്ച് സത്യപ്രതിജ്ഞാ പന്തൽ കോവിഡ് വാക്സിൻ വിതരണ കേന്ദ്രമാക്കി നിലനിർത്താനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലോക്ഡൗൺ കാലത്തെ കെട്ടിടങ്ങളുടെ വാടക ഇളവ് നൽകാനുള്ള അനുമതി നൽകിയ മുഖ്യമന്ത്രിയെയും സർക്കാരിനെയും യോഗം അഭിനന്ദിച്ചു. ഈ ആവശ്യം ഉന്നയിച്ചു മലബാർ ഡവലപ്പമെന്റ് കൗൺസിൽ ഇ-മെയിൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു.
മലബാറിന് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകിയതിനെയും യോഗം അഭിനന്ദിച്ചു. വ്യാപാര-വ്യവസായ-ഗതാഗത-ടൂറിസ സമസ്ത മേഖലയുടെയും ദുരിതത്തിന് അറുതി വരുത്തുന്നതിന്റെ തുടക്കമായാണ് വാടക ഇളവ് നൽകാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകിയ അനുമതിയെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
രക്ഷാധികാരിയും, കേരള ലോകാസഭ അംഗവുമായ ഡോ. എ.വി. അനൂപ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണി പാറ്റാണി, ഇ.പി. മോഹൻദാസ് (വയനാട് ചേബർ), പ്രൊഫ. ഫിലിപ്പ് കെ. ആന്റണി, അഡ്വ. എം.കെ അയ്യപ്പൻ, എം.വി. കുഞ്ഞാമു (മലബാർ ഡെവലപ്മെന്റ് കൗൺസിൽ). പി.ജെ. ജെയിംസ്, പി.കെ. കുഞ്ഞൻ, ജിയോ ജോബ് (ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), പി.ഐ. അജയൻ, പദ്മനാഭൻ വെങ്ങേരി (ഉപഭോക്തൃ വിദ്യാഭ്യാസസമിതി) എൻ. റിയാസ്, കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റ്സ് അസോസിയേഷൻ), എം.കെ. ബിജു, എ.സി. ഗീവർ, എം.സി. ജോൺസൻ (ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി) സി.സി. മനോജ്, സി.വി. ജോസി എന്നിവർ പങ്കെടുത്തു.
സത്യപ്രതിജ്ഞാ പന്തൽ വാക്സിൻ വിതരണ കേന്ദ്രമാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന്
11:47 PM May 21, 2021 | Deepika.com