കടുത്തുരുത്തി: വെള്ളപ്പൊക്ക ഭീഷണി; കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിർമാണത്തോട് അനുബന്ധിച്ചു കടുത്തുരുത്തി വലിയ തോട്ടിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിംഗ് ജോലികൾക്കുവേണ്ടി സ്ഥാപിച്ചിരുന്ന മുട്ടും തെങ്ങിൻകുറ്റികളും ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യുന്ന പ്രവർത്തികൾക്കു തുടക്കംകുറിച്ചു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി മോൻസ് ജോസഫ് എംഎൽഎ ഇടപെട്ടാണ് ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയത്. മുട്ട് നീക്കം ചെയ്തു തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തികൾ നിരീക്ഷിക്കാൻ എംഎൽഎയും സ്ഥലത്ത് എത്തിയിരുന്നു.
പൊതുമരാമത്ത് വകപ്പാണ് ജെസിബി ഉപയോഗിച്ചു വലിയ തോട്ടിലെ മുട്ട് നീക്കം ചെയ്യുന്നത്. ശക്തമായ മഴയെത്തുടർന്ന് കൂടുതൽ വെള്ളം ഒഴുകി വന്നാൽ കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും കൃഷിനാശവും ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി മുൻകരുതലെന്ന നിലയിലാണ് മുട്ട് നീക്കം ചെയ്യുന്നത്. വലിയ തോടിന്റെ ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മണ്‍തിട്ടയും തെങ്ങിൻകുറ്റികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യുമെന്നു മോൻസ് ജോസഫ് അറിയിച്ചു.
ഇതോടൊപ്പം വലിയ തോട്ടിലും ചുള്ളി തോട്ടിലും നീരൊഴുക്കിനുള്ള തടസങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തരമായി നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചു മേജർ ഇറിഗേഷൻ വിഭാഗവുമായി ചർച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ഇതനുസരിച്ചു ഞീഴൂർ തോട്ടിൽ തുരുത്തിപ്പള്ളി മുതൽ കടുത്തുരുത്തി പാലകര ഭാഗത്ത് പൂവക്കോട് പാലം വരെ വലിയ തോട്ടിലെ ചെളിയും പള്ളയും, ചവറുകളും നീക്കം ചെയ്യും.
വലിയ തോടിന്റെ അതിരു നിർണയിക്കാൻ പല സ്ഥലത്തും കഴിയാത്ത സാഹചര്യം മേജർ ഇറിഗേഷൻ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്ഥലം സർവേ ചെയ്ത് അതിർത്തി നിർണയിച്ചു കൊടുക്കുന്നതിനു വൈക്കം തഹസിൽദാരെ ചുമതലപ്പെടുത്തിയതായും ഇക്കാര്യം ഉടനെ നടപ്പാക്കുമെന്നും എംഎൽഎ അറിയിച്ചു.
വെള്ളപ്പൊക്കം: വലിയതോട്ടിലെ മുട്ട് നീക്കം ചെയ്തു തുടങ്ങി
10:43 PM May 17, 2021 | Deepika.com