വൈക്കം: താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങി. ഇന്നലെ രാവിലെ 10.30ന് നിയുക്ത എംഎൽഎ സി.കെ.ആശ കോവിഡ് വാർഡിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
ആറുനില കെട്ടിട സമുച്ചയത്തിന്റെ മൂന്നു നിലകളിലായി 140 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതിൽ 51 കിടക്കകളിൽ ഓക്സിജൻ സംവിധാനം ഉണ്ടാകും. മൂന്ന് ഡോക്ടർമാർ, ആറ് സ്റ്റാഫ് നഴ്സ്,ക്ലീനിങ്ങ് സ്റ്റാഫ് എന്നുവരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.
നഗരസഭയുടെ കീഴിൽ ടൗണ്‍ ഹാളിൽ 70 ബെഡുകൾ സജ്ജമാക്കി കോവിഡ് രോഗികളെ കിടത്തി ചികിത്സ നടത്തി വരുന്നു. ഇവിടെ ബെഡുകൾ ഒഴിവില്ലാത്ത സാഹചര്യമാണ്. താലൂക്ക് ആശുപത്രിയിലെ കോവിഡ് വാർഡിൽ 51 കിടക്കകളിൽ സെന്റർലൈസ്ഡ് ഓക്സിജൻ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വെന്റിലേറ്റർ സൗകര്യം ആവശ്യമായിവരുന്ന ഘട്ടത്തിൽ രോഗികൾക്ക് കോട്ടയം മെഡിക്കൽ കോളജിലോ ജില്ലാ ആശുപത്രിയിലോ ചികിത്സ നൽകും. ഓക്സിജൻ സംവിധാനത്തിന് ജംബോ സിലിണ്ടർ പുതിയ കെട്ടിടസമുച്ചയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങി
10:43 PM May 17, 2021 | Deepika.com