കോട്ടയം: നാട്ടിൽ എന്തു കെടുതിവന്നാലും ഫയർഫോഴ്സിന് പിടിപ്പതു ജോലിയാണ്. മുങ്ങലും തിരയലും ജീവരക്ഷാ ദൗത്യങ്ങളുമാണ് ഫയർ ഫോഴ്സിന്റെ ജോലിയെന്ന നിർവചനം മാറിയിരിക്കുന്നു. കഴിഞ്ഞ വേനലിൽ ചെറുതും വലുതുമായ ഒട്ടേറെ തീപിടിത്തങ്ങൾ നിയന്ത്രിക്കേണ്ടിവന്നു. ജീവജാലങ്ങൾ കിണറ്റിൽ അകപ്പെട്ടാലും രക്ഷാപ്രവർത്തനത്തിന് അഗ്നിസേനയ്ക്കാണു വിളിവരിക. സ്കൂളുകളിലും കോവിഡ് താത്കാലിക ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് സാനിറ്റൈസേഷൻ ജോലി ചെയ്ത് ഏറെ ജീവനക്കാരും രോഗത്തിന്റെ പിടിയിലമർന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 200 ജീവനക്കാർ കോവിഡ് ബാധിതരായി.
ഇവർ അനാരോഗ്യം അവഗണിച്ചും ജോലിയിൽ തിരികെയെത്തിയപ്പോഴാണു പ്രളയവും കൊടുങ്കാറ്റും വന്നത്. വഴിയോരത്തും വീടുകളിലും രാവും പകലും മരം മുറിച്ചുമാറ്റുന്ന ജോലി ഫയർഫോഴ്സിനാണ്. വൈദ്യുതി ബോർഡ് ഉൾപ്പെടെ പലപ്പോഴും ഫയർഫോഴ്സിന്റെ സേവനം ആവശ്യപ്പെടുന്നു. ജീവൻ പണയപ്പെടുത്തി അതിസാഹസികമായാണു കാറ്റിൽ വീഴുന്നതും ചെരിഞ്ഞതുമായ മരങ്ങൾ അതിവേഗം വെട്ടിമാറ്റേണ്ടിവരുന്നത്. വൈദ്യുതി ലൈനുകൾക്കിടയിലാണ് ഈ ജോലിയെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
ഫയർഫോഴ്സിന് ജോലിഭാരം ഏറുന്നു
10:06 PM May 17, 2021 | Deepika.com