കോട്ടയം: കോവിഡ് ചികിത്സയ്ക്കായി സർക്കാർ ആയുർവേദ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നു കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ. ആയുർവേദ സാധ്യതകൾ കോവിഡ് ചികിത്സയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സർക്കാർ ഇടപെടണമെന്നും താത്കാലികമായി പിഎസ്സി ലിസ്റ്റിൽനിന്നോ കോവിഡ് ബ്രിഗേഡിൽനിന്നോ ആയുർവേദ ഡോക്ടർമാരെ എല്ലാ ജില്ലകളിലും നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
നിലവിൽ ആലപ്പുഴയുൾപ്പെടെ ചില ജില്ലകളിൽ മാത്രമാണ് ആയുർവേദ ഡോക്ടർമാരെ കോവിഡ് ചികിത്സയ്ക്കായി നിയോഗിച്ചിട്ടുള്ളത്. നിലവിൽ ആയുർവേദ ഡിസ്പെൻസറികളിലുള്ള മെഡിക്കൽ ഓഫീസർമാരെ സിഎഫ്എൽടിസികളിലേക്കും അനുബന്ധ ചുമതലകളിലേക്കും നിയോഗിച്ചതിനാൽ ജില്ലയിൽ ആയുർവേദ ഡിസ്പെൻസറികളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. ആയുർവേദ ചികിത്സതേടിയ കോവിഡ് രോഗികൾക്കു പെട്ടെന്നുതന്നെ രോഗശമനം ലഭിച്ചെന്നു സ്റ്റേറ്റ് ആയുർവേദ കോവിഡ് റെസ്പോണ്‍സ് സെൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ പേരിലേക്കു ചികിത്സ എത്തിക്കുന്നതിനായി ആവശ്യത്തിനു ജീവനക്കാരെയും ഔഷധങ്ങളും ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അതുവഴി മരണനിരക്കു കുറയ്ക്കാനും രോഗികളുടെ വർധന ഒഴിവാക്കാനും സാധിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.
കോവിഡ് ചികിത്സയിൽ ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തണം
10:06 PM May 17, 2021 | Deepika.com