എന്റെ ഭാര്യക്കു ചിക്കൻപോക്സ് രോഗം വന്നു ചികിത്സയിലാണ്. റവന്യൂ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ എനിക്ക് പ്രത്യേക അവധി ലഭിക്കുമോ ? എന്നെ ആശ്രയിച്ചു ചികിത്സയിൽ കഴിയുകയാണ് ഭാര്യ. ആശ്രിതർക്ക് പകർച്ചവ്യാധി വന്നാൽ ജീവനക്കാർക്ക് 21 ദിവസം സ്പെഷൽ കാഷ്വൽ ലീവ് ലഭിക്കുമെന്ന് കേൾക്കുന്നു. ഇതു ശരിയാണോ? ചിക്കൻപോക്സ് രോഗം വന്നാലും അവധി ലഭിക്കുമോ?
കെ.എൽ. ജോസ്
കരുനാഗപ്പള്ളി
KSR Vol I, Appendix VII, Section II ആണ് സ്പെഷൽ കാഷ്വൽ ലീവിനെക്കുറിച്ച് വിശദമായി വിവരിക്കുന്നത്. ജീവനക്കാരെ ആശ്രയിച്ചു കഴിയുന്നവർക്കു താഴെ പ്രതിപാദിക്കുന്ന ഏഴു പകർച്ചവ്യാധികളിൽ ഏതെങ്കിലും ഒന്നു വന്നാൽ ജീവനക്കാരന് സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കുന്നതാണ്.
പകർച്ചവ്യാധികൾ
1. വസൂരി (Small Pox)
2. പ്ലേഗ് (Plague)
3. വിഷുചിക (Cholera)
4. സന്നിപാതജ്വരം (Typhoid)
5. ന്യൂമോണിയ (Acute influenzal pneumonia)
6. ഡിഫ്ത്തീരിയ (Diphtheria)
7. മസ്തിഷ്ക ജ്വരം ( cerebro-spinal Meningitis).
ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്നവർക്ക് മുകളിൽ പറയുന്ന ഏഴുരോഗങ്ങളിൽ ഏതെങ്കിലും ഒന്നു വന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർ പ്രകാരം സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കുന്നതാണ്. ഇതു സാധാരണ ഗതിയിൽ 21 ദിവസവും ചില പ്രത്യേക സാഹചര്യങ്ങളിൽ പരമാവധി 30 ദിവസം വരെയുമാണ് ലീവ് അനുവദിക്കുന്നത്. ഈ അവധി സാധാരണയുള്ള കാഷ്വൽ ലീവിനോടോ (CL) മറ്റ് അവധികളോടോ ചേർത്തെടുക്കാം.
അതേസമയം, ജീവനക്കാരനാണ് മുകളിൽ പറയുന്ന രോഗം പിടിപെട്ടതെങ്കിൽ ഇത്തരത്തിൽ സ്പെഷൽ കാഷ്വൽ ലീവ് ലഭിക്കില്ല. ഇങ്ങനെയൊരു സാഹചര്യം വന്നാൽ ജീവനക്കാരൻ കൈവശമുള്ള അവധികൾ ഏതെങ്കിലും ഉപയോഗിക്കണം. ശന്പളത്തോടെ അവധി എടുക്കാൻ സാധ്യമല്ലായെങ്കിൽ ശൂന്യവേതനാവധി എടുക്കണം.
ആശ്രിതർക്ക് ചിക്കൻപോക്സാണ് പിടിപെട്ടതെങ്കിൽ ഇങ്ങനെയുള്ള സ്പെഷൽ കാഷ്വൽ ലീവിന് അർഹതയില്ല. ജീവനക്കാരനു ചിക്കൻപോക്സ് പിടിപെട്ടാലും സ്പെഷൽ കാഷ്വൽ ലീവിന് അർഹതയില്ല.
ചിക്കൻപോക്സ് രോഗം വന്നാൽ സ്പെഷൽ കാഷ്വൽ ലീവിന് അർഹതയില്ല
12:30 PM May 04, 2020 | Deepika.com