മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സമൂഹത്തിന്റെ എല്ലാ മേഖലകളെയും നിശ്ചലമാക്കി തുടങ്ങിയതോടെ ജില്ലയിലും വ്യാപാരരംഗം കടുത്ത പ്രതിസന്ധിയിലായി. നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനയൊഴിച്ചു മറ്റു മേഖലകളിലെല്ലാം വ്യാപാരം നടക്കാതായതോടെ വ്യാപാരികളിൽ വലിയൊരു വിഭാഗം സാന്പത്തിക തകർച്ചയിലാണ്.
വസ്ത്രവ്യാപാരം, നിർമാണ സാമഗ്രികൾ, സ്റ്റേഷനറി, ഫുട് വെയർ തുടങ്ങിയ മേഖലകൾ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ പ്രതിസന്ധിലാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളേറെയും കോവിഡ് പ്രതിസന്ധിയിൽ തകർന്നിരിക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. കോവിഡ് ആരംഭിച്ച ശേഷം പാടെ തകർന്നു പോയ പല മേഖലകളുമുണ്ട്. വസ്ത്രവിപണി വലിയ നഷ്ടമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പെരുന്നാൾ പോലുള്ള ആഘോഷ അവസരങ്ങളിലെങ്കിലും വിൽപ്പന നടക്കുമെന്നു പ്രതീക്ഷിച്ച് പുതിയ സ്റ്റോക്ക് എത്തിച്ചവർ ഏറെയുണ്ട്. നേരത്തെയുള്ള സ്റ്റോക്ക് കൈവശമിരിക്കുന്പോഴാണ് പുതിയ മോഡലുകളുടെ സ്റ്റോക്ക് എത്തിക്കേണ്ടി വരുന്നത്. ലോക്ക് ഡൗണ്‍ മൂലം പെരുന്നാൾ വ്യാപാരവും ഇല്ലാതാകുകയാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു അനുവദിച്ചിരിക്കുന്ന ഇളവുകൾ മറ്റു സ്ഥാപനങ്ങൾക്കും ലഭിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്നു അൽപ്പമെങ്കിലും കരകയറാനാകൂവെന്നു വ്യാപാരികൾ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ സമയബന്ധിതമായി തുറക്കാനെങ്കിലും എല്ലാ വ്യാപാരികൾക്കും അനുമതി വേണമെന്നും അവർ ആവശ്യപ്പെടുന്നു.
ലക്ഷക്കണക്കിനു രൂപയുടെ വായ്പയും ഓവർഡ്രാഫ്റ്റും ഇപ്പോൾ തന്നെ മിക്ക വ്യാപാരികൾക്കും തീരാ ബാധ്യതകളായിട്ടുണ്ട്. വ്യാപാര നഷ്ടത്തിനു പുറമെ വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റോക്കുകൾ നശിച്ചു പോകുന്നതിനും ലോക്ക്് ഡൗണുകൾ വഴിവയ്ക്കുകയാണ്. ലോക്ക് ഡൗണ്‍ കാലയളവിലെ വായ്പകൾക്കു ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുതല മന്ത്രിമാർക്കും നിവേദനം നൽകും.
ലോക്ക് ഡൗണ്‍ സമയത്തെ വാടക കുടിശിക വ്യാപാരികൾക്കു വലിയൊരു തലവേദനയാണ്. ഇതു പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ അടിയന്തിരമായി കൈക്കൊള്ളണമെന്നും സമിതി ആവശ്യപ്പെടുന്നു. സർക്കാർ-തദ്ദേശസ്വയംഭരണ-സ്വകാര്യ മേഖലയിലെ വാടക ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ ജില്ലയിലെ കെട്ടിട ഉടമകൾ വളരെ പ്രയാസത്തിലാണെന്നും ലോക്ക് ഡൗണ്‍ സമയത്തെ വാടക ഒഴിവാക്കുവാൻ സാധിക്കില്ലെന്നുമാണ് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി ഭാരവാഹികൾ പറയുന്നത്. കഴിഞ്ഞ വർഷം ലോക്ക് ഡൗണ്‍ കാലയളവിൽ രണ്ട്, മൂന്ന് മാസത്തെ വാടക ഒഴിവാക്കി കെട്ടിട ഉടമകൾ സഹകരിച്ചുവെങ്കിലും സർക്കാർ ഭാഗത്തു നിന്നു കെട്ടിട ഉടമകൾക്കു യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ലെന്നാണ്് അസോസിയേഷൻ ഇതിനു കാരണമായി പറയുന്നത്.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പൂർണമായും സഹകരിച്ചാണ് വ്യാപാരികൾ മുന്നോട്ടു പോകുന്നത്. എന്നാൽ കടബാധ്യത മൂലം വ്യാപാരികൾ ആത്്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ സർക്കാർ നടപടികളെടുക്കേണ്ടതുണ്ടെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിൽ
11:54 PM May 08, 2021 | Deepika.com