നിലന്പൂർ: പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കി നിലന്പൂർ നഗരസഭാ ഭരണസമിതി. മഴക്ക് മുന്പെ നിലന്പൂർ നഗരസഭാ പരിധിയിലെ പ്രധാന തോടുകളുടെ നവീകരണ പ്രവൃത്തിക്ക് വെളിയന്തോട് തുടക്കമായി. മഴക്കാലം വന്നാൽ നിലന്പൂർ കെഎൻജി റോഡിൽ വെള്ളം കെട്ടിനിന്നു യാത്രാ തടസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് തോടുകളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. തോടുകളിലെ തടസം നീക്കി ചാലിയാർ പുഴയിലേക്കു വെള്ളം ഒഴുക്കിവിടും. വെളിയന്തോട്, താഴെ ചന്തക്കുന്നിലെ വലിയ തോട്, ജനതപ്പടി തോട്, ജ്യോതിപ്പടിയിലെ തോട് എന്നീ പ്രധാന തോടുകളാണ് നവീകരിക്കുക. ശുചിത്വം, തോട് സംരക്ഷണം, തോട് നവീകരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി തുടങ്ങിയത്. വെളിയന്തോട് നടന്ന പ്രവൃത്തി ഉദ്ഘാടനം നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അംഗവും വികസന സ്ഥിരംസമിതി അധ്യക്ഷനുമായ പി.എം.ബഷീർ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സൈജിമോൾ, സ്കറിയ ക്നാംതോപ്പിൽ തുടങ്ങിയവരും പങ്കെടുത്തു.