മഞ്ചേരി: മെഡിക്കൽ കോളജിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രാരംഭ പവൃത്തികൾ തുടങ്ങി. മെൻസ് ഹോസ്റ്റലിനു സമീപം 1500 ചതുരശ്ര അടിയിൽ അഞ്ചു മീറ്റർ ഉയരത്തിൽ ഒറ്റ നില കെട്ടിടമാണ് പണിയുന്നത്. ഇതിനായി സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി ഇന്നലെ നിലമൊരുക്കി. 12 പില്ലറുകളാണ് കെട്ടിടത്തിനു വേണ്ടത്. ഇതിന്റെ പ്രവൃത്തികളാകും ആദ്യം നടക്കുക. രണ്ടാഴ്ച കൊണ്ടു പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിർമിതി കേന്ദ്രത്തിനാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല. ഇതിനായി 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മറ്റു ജോലികൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ(ഡിആർഡിഒ) സാങ്കേതിക സഹായത്തോടെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ നടത്തും.
രണ്ടു കോടിയോളം രൂപ ചെലവു വരുന്ന വിദേശ നിർമിത യന്ത്രങ്ങൾ ഹൈദരാബാദിൽ നിന്നു ഒരാഴ്ചക്കകം ആശുപത്രിയിലെത്തും.കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം മുന്നിൽ കണ്ടു യുദ്ധകാലാടിസ്ഥാനത്തിലാണ് പ്ലാന്റ് ഒരുക്കുന്നത്. പ്ലാന്റിനു മിനിറ്റിൽ 1500 ലിറ്ററും ദിനേന രണ്ടര ടണ്ണും ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും. അന്തരീക്ഷ വായു ഫിൽറ്റർ ചെയ്ത് ശേഖരിച്ച ശേഷം ഓക്സിജൻ വേർതിരിച്ച് ശുദ്ധീകരിക്കുന്നതാണ് ജനറേറ്ററിന്റെ പ്രവർത്തന രീതി.