എടക്കര: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ചുങ്കത്തറ മാർത്തോമാ കോളജിൽ നൂറു ബെഡ് സൗകര്യത്തോടു കൂടി ഡൊമിസിലിയറി കെയർ സെന്ററും (ഡിസിസി) കോവിഡ് രോഗികൾക്കു സഹായമെത്തിക്കുന്നതിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും പ്രവർത്തനമാരംഭിച്ചു. ചുങ്കത്തറ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഓക്സിജൻ സൗകര്യത്തോടു കൂടിയ ആംബുലൻസും മറ്റു വാഹനങ്ങൾ ഉൾപ്പെടെയുള്ള മുൻകരുതലോടെയാണ് സെന്റർ പ്രവർത്തനമാരംഭിച്ചത്. വീടുകളിൽ സൗകര്യമില്ലാത്ത ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് ബാധിതർക്കു വേണ്ടിയാണ് സെന്റർ തുടങ്ങിയത്. ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടവരെ എത്തിക്കുകയും ചെയ്യും. പഞ്ചായത്തുതല ആർആർടി ഗ്രൂപ്പിനു പുറമെ എല്ലാ വാർഡിലും ആർആർടികളുടെ പ്രവർത്തനം ആരംഭിച്ചു. കോവിഡ് ബാധിതർ വിവരം അറിയിച്ചാൽ ഉടനെ ആവശ്യമായ സഹായം എത്തിച്ചു നൽകുമെന്നു അധികൃതർ അറിയിച്ചു. 9544907499, 8075079629, 9747925956, 9946870838 നന്പറുകളിലേക്കാണ് ബന്ധപ്പെടേണ്ടത്. പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച കേന്ദ്രത്തിന്റെ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വൽസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈനബ മാന്പള്ളി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.ജയചന്ദ്രൻ, മെംബർമാരായ ബൈജു, മുജീബ് തറമ്മൽ, ഷാജഹാൻ, പഞ്ചായത്ത് സെക്രട്ടറി യു. സബിത, നോഡൽ ഓഫീസർ സാജു, സജയൻ എന്നിവർ പ്രസംഗിച്ചു.